
കൊച്ചി : തീവ്രവാദബന്ധം സംശയിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ഏറ്റെടുത്ത കൊച്ചി കപ്പല്‍ശാലയിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് മോഷണക്കേസില്‍ ഒടുവില്‍ നാടകീയ വഴിത്തിരിവ്. കപ്പലിന് പെയിന്റടിക്കാന്‍ വന്ന രാജസ്ഥാന്, ബിഹാര്‍ സ്വദേശികളുടെ വീട്ടില്‍നിന്ന് ഹാര്‍ഡ് ഡിസ്കുകളും അനുബന്ധ സാമഗ്രികളും കണ്ടെത്തി. രാജസ്ഥാന് സ്വദേശി സുജിത് കുമാര്‍, ബിഹാര്‍ സ്വദേശി യശ്വന്ത് എന്നിവരെയാണ് എന്‍.ഐ.എ. പിടികൂടിയത്. സുജിത് കുമാറിന്റെ വീട്ടിലെ അരിച്ചാക്കിലായിരുന്നു ഒരു ഹാര്‍ഡ് ഡിസ്ക്. മറ്റൊരു ഹാര്‍ഡ് ഡിസ്ക് യശ്വന്തിന്റെ ബിഹാറിലെ വീട്ടില്‍ കുട്ടികള്‍ കളിപ്പാട്ടമാക്കിയിരിക്കുകയായിരുന്നു.
2019 ലാണ് കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കു വേണ്ടി നിര്‍മിച്ചുകൊണ്ടിരുന്ന വിക്രാന്തില്‍നിന്ന് ഹാര്‍ഡ് ഡിസ്കുകള്‍ മോഷ്ടിക്കപ്പെട്ടത്. വന്‍ സുരക്ഷാവലയത്തിലുള്ള കപ്പല്‍ശാലയില്‍ നടന്നമോഷണം അധികൃതരെ ഞെട്ടിച്ചു. പ്രാഥമികാന്വേഷണത്തില്‍ തുമ്പ് ലഭിക്കാതെ വന്നതോടെ അയല്‍രാജ്യങ്ങളിലെ തീവ്രവാദബന്ധമുള്ളവര്‍ ഇതിനു പിന്നിലുണ്ടെന്ന സംശയവും ബലപ്പെട്ടു.
ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറി. എന്നിട്ടും വിവരങ്ങള്‍ ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് കേസ് എന്‍.ഐ.എ. ഏറ്റെടുത്തത്. ഏതാണ്ട് പതിനായിരത്തിലേറെപ്പേരുടെ വിരലടയാളം പരിശോധിച്ചു. അതിനു പുറമേ മാരത്തണ്‍ ചോദ്യംചെയ്യലും നടത്തി. ഏകദേശം 5000 പേരെ ചോദ്യംചെയ്തു. പക്ഷേ, പുതിയ വിവരങ്ങള്‍ ലഭിക്കാതെ വന്നതോടെ കേസ് ഏതാണ്ട് മരവിച്ച മട്ടിലായി. അപ്പോഴാണ് അപ്രതീക്ഷിതമായി രണ്ടു വിരലടയാളങ്ങള്‍ സംശയകരമായ സാഹചര്യത്തില്‍ എന്‍.ഐ.എ. കണ്ടെത്തിയത്.
ഇതു പരിശോധിച്ചപ്പോള്‍ കപ്പലില്‍ ജോലി ചെയ്തിരുന്നവരുടേതാണെന്നു വ്യക്തമായി. തുടര്‍ന്ന് നടന്ന അന്വേഷണമാണ് അറസ്റ്റിലേക്കു നയിച്ചത്. പ്രതികളെ അവരുടെ വീടുകളില്‍നിന്നാണു പിടികൂടിയത്. ഐ.എന്‍.എസ്. വിക്രാന്തിന് പെയിന്റടിക്കുന്നതിനായി കരാറുകാരന് എത്തിച്ചതായിരുന്നു ഇവരെ. കരാര്‍ എടുത്തയാളുമായി കൂലിത്തര്ക്കമുണ്ടായി. ഇതേത്തുടര്‍ന്നാണ് പണിക്കാശിനുപകരമായി ഹാര്‍ഡ് ഡിസ്കുകളുമായി ഇവര്‍ കടന്നുകളഞ്ഞത്.






