
തിരുവനന്തപുരം: പാലക്കാട് കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്‌ടറി പദ്ധതി ഉപേക്ഷിച്ചെന്നു കേന്ദ്ര സര്‍ക്കാര്‍. സില്‍വര്‍ലൈന്‍ പദ്ധതിയുമായും ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച അതിവേഗ റെയില്‍പാത പദ്ധതിയുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുപോകില്ലെന്ന് അറിയിച്ചതായും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌ണവ് പാര്‍ലമെന്റില്‍ വ്യക്‌തമാക്കി. ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിനു മറുപടിയായി രാജ്യസഭയിലാണ് റെയില്‍വേമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. രാജ്യത്ത് നിലവിലുള്ള റെയില്‍വേ കോച്ച് ഉത്‌പാദന യൂണിറ്റുകളും പുതുതായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളും ഭാവി ആവശ്യങ്ങള്‍ക്ക് പര്യാപ്‌തമാണ്. നിലവില്‍ കഞ്ചിക്കോട് കോച്ച് ഫാക്‌ടറി റെയില്‍വേയുടെ പരിഗണനയിലില്ലെന്നും മന്ത്രി അശ്വിനി വൈഷ്‌ണവ് രാജ്യസഭയില്‍ രേഖാമൂലം മറുപടി നല്‍കി.
പദ്ധതിക്കായി കഞ്ചിക്കോട്ട് ഏറ്റെടുത്ത 228 ഏക്കര്‍ ഭൂമി റെയില്‍വേയുടെ മറ്റു ഭാവി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ നിലപാട് സംസ്‌ഥാനത്തു പുതിയ രാഷ്‌ട്രീയ വിവാദത്തിനു തിരിതെളിച്ചു. കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്‌ടറിയും അതിവേഗ റെയില്‍ പദ്ധതിയും കേരളത്തിന് നഷ്‌ടമായത് സംസ്‌ഥാന സര്‍ക്കാരിന്റെ കടുത്ത പിടിപ്പുകേട് കാരണമാണെന്ന് ആരോപിച്ച് സി.പി.എം. കേരളത്തിന്റെ റെയില്‍ വികസനവുമായി ബന്ധപ്പെട്ട രണ്ടു പ്രധാന പദ്ധതികളും വേണ്ടെന്നു വച്ചെന്ന് കേന്ദ്രത്തിന് ന്യായീകരിക്കാന്‍ അവസരമൊരുക്കിയത് വി.ഡി. സതീശന്‍ സര്‍ക്കാരാണെന്നു ജോണ്‍ ബ്രിട്ടാസ് എം.പി. കുറ്റപ്പെടുത്തി. ഇ. ശ്രീധരന്‍ നല്‍കിയ അതിവേഗ റെയില്‍ പദ്ധതി നിര്‍ദേശംസംബന്ധിച്ച് പഠിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും സംസ്‌ഥാന സര്‍ക്കാര്‍ അത് ചവറ്റുകൊട്ടയില്‍ എറിയുകയായിരുന്നു. ഇ. ശ്രീധരന്റെ പദ്ധതി തള്ളാന്‍ വേണ്ടി മാത്രമാണ് സംസ്‌ഥാന സര്‍ക്കാര്‍ വിദഗ്‌ധ സമിതി രൂപീകരിച്ചതെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി.
മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന സില്‍വര്‍ ലൈന്‍ പദ്ധതിയെയും ഇ. ശ്രീധരന്റെ പദ്ധതിയെയും ഒരുപോലെ എതിര്‍ത്ത സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാട് കേന്ദ്രത്തിന് കൂടുതല്‍ സൗകര്യപ്രദമായി. ഇനി ഇത്തരമൊരു പദ്ധതിയും കേരളത്തിന് ലഭിക്കില്ലെന്നാണ് കേന്ദ്രം പരോക്ഷമായി വ്യക്‌തമാക്കുന്നത്. പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്‌ടറി പദ്ധതി ഉപേക്ഷിക്കപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണ്. ഇന്ദിരാഗാന്ധിയുടെ കാലത്ത് പ്രഖ്യാപിക്കുകയും ലാലു പ്രസാദ് യാദവ്‌മന്ത്രിയായിരുന്നപ്പോള്‍ തുക വകയിരുത്തുകയും ചെയ്‌ത പദ്ധതിയാണിത്. എന്നാല്‍, പിന്നീട് കേന്ദ്രത്തില്‍ യു.പി.എ. സര്‍ക്കാരുകള്‍ ഭരിച്ചപ്പോഴൊന്നും ഒന്നും ചെയ്‌തില്ല. പാലക്കാട് കോച്ച് ഫാക്‌ടറിക്കായി ഇപ്പോഴത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ ഒരു നിവേദനം പോലും കേന്ദ്രത്തിന് നല്‍കിയിട്ടില്ല. മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന്‌ആരോപണമുന്നയിക്കുന്ന പാലക്കാട് എം.പി. ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ജി. അരുണ്‍







Comments