
ആലപ്പുഴ; മണിമല, മീനച്ചില്‍, പമ്പ, അച്ചന്‍കോവിലാറുകളിലൂടെയുള്ള ശക്‌തമായ കിഴക്കന്‍വെള്ളത്തിന്റെ വരവിനെത്തുടര്‍ന്ന് കുട്ടനാട് മുങ്ങുന്നു. അപ്പര്‍കുട്ടനാടിന് പിന്നാലെ ലോവര്‍ കുട്ടനാടും പ്രളയഭീതിയിലായി. ആറുകളും റോഡുകളും കൃഷിയില്ലാതെ കിടക്കുന്ന പാടശേഖരങ്ങളുടെ ബണ്ടുകളും കരകവിഞ്ഞതിനെത്തുടര്‍ന്ന് പ്രളയത്തെ അതിജീവിക്കാനെന്ന പേരില്‍ പുനര്‍നിര്‍മ്മിച്ച ആലപ്പുഴ-ചങ്ങനാശേരി റോഡ് ഉള്‍പ്പടെയുള്ള പ്രധാന പാതകളെല്ലാം വെള്ളത്തിലായി. താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം നിറഞ്ഞ് ജനജീവിതം പ്രതിസന്ധിയിലായി. കുട്ടനാട്ടിലെ പ്രധാനപ്പെട്ട പല ഗ്രാമീണപാതകളിലും ഗതാഗതം മുടങ്ങി.
മഴ തുടുരുന്നതിനാല്‍ 2018 ലെ മഹാപ്രളയത്തിന് സമാനമായ സ്‌ഥിതിയുണ്ടാകുമോയെന്ന ആശങ്കയും ശക്‌തമാണ്. വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കുടുംബങ്ങള്‍ കൂട്ടത്തോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയാണ്.എ.സി റോഡില്‍ പൂവം ജങ്‌ഷന്‍ മുതല്‍ കിടങ്ങറ വരെയുള്ള ഭാഗമാണ് വെള്ളത്തില്‍ മുങ്ങിയത്. ഇതോടെ വാഹനയാത്ര ദുഷ്‌കരമായി. തിരുവല്ല- അമ്പലപ്പുഴ സംസ്‌ഥാന പാതയിലും രണ്ട് ദിവസമായി ഗതാഗതം മുടങ്ങിയ അവസ്‌ഥയാണ്.
മുന്നൊരുക്കങ്ങളുടെ ഭാഗമായി കുട്ടനാട്ടില്‍ 44 ക്യാമ്പുകള്‍ സജ്‌ജമാക്കി.
തോട്ടപ്പള്ളി സ്‌പില്‍വേയില്‍ അടിഞ്ഞുകൂടിയ പായലും അവശിഷ്‌ടങ്ങളും നീക്കം ചെയ്യുന്നതിനും പാലങ്ങളുടെ അടിയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതിനും നടപടി ആരംഭിച്ചു. ഏറ്റവും ആശങ്ക നിലനില്‍ക്കുന്ന ചെങ്ങന്നൂരില്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി എന്‍.ഡി.ആര്‍.എഫിന്റെ മുഴുവന്‍ സംഘവും എത്തിയിട്ടുണ്ട്. കൂടാതെ ഡി.ഡി ഫിഷറീസ് മുഖേന രക്ഷാപ്രവര്‍ത്തനത്തിന് ചെങ്ങന്നൂരിലേക്ക് മത്സ്യബന്ധനവള്ളങ്ങള്‍ അയക്കുന്ന നടപടികള്‍ തുടര്‍ന്നുവരികയാണ്. 30 അംഗ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘത്തെ അധികമായി വിന്യസിച്ചിട്ടുണ്ട്. കടല്‍ക്ഷോഭവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ താലൂക്കില്‍ ഒരു ക്യാമ്പും തുറന്നുകഴിഞ്ഞു. ജില്ലയില്‍ രണ്ടു വീടുകള്‍ക്ക് പൂര്‍ണമായും ആറ് വീടുകള്‍ക്ക് ഭാഗികമായും നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്.







Comments