
ആലപ്പുഴ: ആലപ്പുഴയില്‍ വീട്ടില്‍ കയറി ഗൃഹനാഥന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. കാസര്‍കോഡ് സ്വദേശി രാജ്‌മോഹ(42)നാണു പിടിയിലായത്. കവര്‍ച്ച നടന്ന് മണിക്കൂറുകള്‍ക്കകമാണ് ആലപ്പുഴ നഗരത്തില്‍നിന്ന് പോലീസ് പ്രതിയെ പിടികൂടിയത്.
കൈതവന കണിയാംകുളം അപര്‍ണയില്‍ കയര്‍ഫെഡ് മുന്‍ പര്‍ച്ചേസ് മാനേജര്‍ കെ.ആര്‍. സുദര്‍ശന്‍ (70), ഭാര്യ രത്‌നകുമാരി (65) എന്നിവരെ ആക്രമിച്ച് 12 പവന്‍ ആഭരണങ്ങളാണു കവര്‍ന്നത്.
ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ദമ്പതികള്‍ താമസിക്കുന്ന വീടിന്റെ മുകളിലത്തെ നില വര്‍ഷങ്ങളായി വാടകയ്‌ക്ക് നല്‍കിയിരുന്നു. മുന്‍ വാടകക്കാര്‍ ഒഴിഞ്ഞതിനെത്തുടര്‍ന്ന് വീണ്ടും വാടകയ്‌ക്ക് നല്‍കുന്നതിനായി പരസ്യം നല്‍കിയിരുന്നു. പരസ്യം കണ്ടാണ് പ്രതി ആദ്യം ശനിയാഴ്‌ച വീട്ടിലെത്തിലെത്തിയത്. ഇന്നലെ രാവിലെ ഏഴുമണിയോടെ വീണ്ടും വീട്ടിലെത്തിയ ഇയാള്‍ കാര്യങ്ങള്‍ സംസാരിച്ച് മടങ്ങി. തുടര്‍ന്ന് ഒരുമണിയോടെ വീണ്ടും എത്തുകയായിരുന്നു.
വാടക കരാറുമായിട്ടാണ് ഇയാള്‍ എത്തിയത്. എന്നാല്‍ കരാര്‍ എഴുതണമെങ്കില്‍ സാക്ഷി വേണമെന്ന് സുദര്‍ശനന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കരാര്‍ കാണിക്കാനെന്ന ഭാവേന അടുത്തേക്കെത്തി കൈയില്‍ കരുതിയ മുളകുപൊടി സുദര്‍ശന്റെ മുഖത്തേക്ക് വിതറുകയായിരുന്നു. തടയാന്‍ ശ്രമിച്ച സുദര്‍ശനനെ തള്ളിയിടുകയും ചെയ്‌തു. നിലവിളി കേട്ട് അടുക്കളയില്‍ നിന്ന് ഓടിയെത്തിയ രത്‌നകുമാരിയേയും പ്രതി ആക്രമിച്ചു.
കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരുവരുടെയും ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ പ്രതി ഊരിവാങ്ങിയത്. തുടര്‍ന്ന് രത്‌നകുമാരിയെ വലിച്ചിഴച്ച് മുറിക്കുള്ളിലെ അലമാരയ്‌ക്കരികിലെത്തിച്ച് അവിടെ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും ഭീഷണിപ്പെടുത്തി കൈക്കലാക്കി. മടങ്ങുന്നതിനിടെ രത്‌നകുമാരി അപേക്ഷിച്ചതിനെത്തുടര്‍ന്ന് താലിയും സുദര്‍ശന്റെ കഴുത്തിലുണ്ടായിരുന്ന തകിടും തിരികെ നല്‍കി. വീടിന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതി ബൈക്കില്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു.







Comments