
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കഴിഞ്ഞിട്ടും സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വലിയ മെച്ചമില്ല. മൊത്തം റവന്യുവരുമാനത്തില്‍ ഏപ്രിലിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം 1500 കോടി രൂപയുടെ കുറവ്. കോവിഡ് അടച്ചിടല്‍ വേളയില്‍ ഏപ്രിലില്‍ സംസ്ഥാനത്തിന്റെ മൊത്തം റവന്യുവരുമാനം 5628 കോടി രൂപയായിരുന്നു. മേയില്‍ 4146 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഈ സമയത്ത് 6775 കോടിയുണ്ടായിരുന്നിടത്താണ് ഈ സ്ഥിതി. വായ്പയെടുത്താണു സംസ്ഥാനം പിടിച്ചുനില്‍ക്കുന്നത്. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദം കഴിയുംമുമ്പേ 10,000 കോടിയോളം രൂപ പൊതുവിപണിയില്‍നിന്നു വായ്പയെടുത്തുകഴിഞ്ഞു.
കേന്ദ്രത്തില്‍നിന്നുള്ള വരുമാനമടക്കം കഴിഞ്ഞമാസം കുറവായിരുന്നു. ഏപ്രിലില്‍ 4893 കോടി രൂപയാണ് കിട്ടിയത്. മേയില്‍ 2679 കോടി രൂപ മാത്രം. ഏപ്രിലില്‍ 3998 കോടി ഗ്രാന്റായി ലഭിച്ചു. മേയില്‍ റവന്യു കമ്മി നികത്താനുള്ള ഗ്രാന്റ് ഉള്‍പ്പെടെ കിട്ടിയത് 1784 കോടി രൂപ മാത്രം. അതേസമയം, നികുതിവരുമാനത്തിലെ വര്‍ധന നേരിയ ആശ്വാസം നല്കുന്നു. ഏപ്രിലില്‍ നികുതിയിനത്തില്‍ പിരിഞ്ഞുകിട്ടിയത് 374 കോടി. മേയില്‍ 1377 കോടി. സംസ്ഥാന ജി.എസ്.ടിയില്‍ ഉണ്ടായ വര്‍ധനയാണ് ഇൗ നേട്ടത്തിനു പിന്നിലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. മേയില്‍ ജി.എസ്.ടി. ഇനത്തില്‍ 697 കോടി രൂപയാണ് പിരിഞ്ഞുകിട്ടിയത്. ഏപ്രിലില്‍ 187 കോടി രൂപയായിരുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍നിന്നു ചരക്കുകള്‍ വലിയതോതില്‍ എത്തിത്തുടങ്ങാത്തതിനാല് ഇനിയുള്ള മാസങ്ങളില്‍ ജി.എസ്.ടി വരുമാനത്തിലും ഇടിവുണ്ടാകും. പെട്രോള്‍-ഡീസല്‍ വിലവര്‍ധന സംസ്ഥാനത്തിന് ആശ്വാസമാണ്. മദ്യശാലകള്‍ തുറന്നതും ഒരുപരിധിവരെ നേട്ടമാകും.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അതിഥി തൊഴിലാളികള്‍ മടങ്ങിയതും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും തിരിച്ചടിയാണ്. നികുതിയേതര വരുമാനം ഏപ്രിലില്‍ 222 കോടി രൂപയായിരുന്നു. മേയില്‍ 90 കോടി രൂപയായി ഇടിഞ്ഞു.
ആര്. സുരേഷ്






