
ന്യൂഡൽഹി : ‘എനിക്ക് സത്യമായും ഇതു വിശ്വസിക്കാനുകില്ല. തീരെ ചെറുപ്രായത്തിൽ വിജയം കൈവരിച്ചയാൾ തന്നെയല്ലേ? (ഓരോരുത്തരുടെയും) ഉള്ളിൽ എന്താണ് നടക്കുന്നതെന്ന് ആർക്കറിയാം? പലപ്പോഴും പുറത്തു കാണിക്കുന്നത് തികച്ചും വ്യത്യസ്തമായിരിക്കും’ – ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗ വാർത്തയറിഞ്ഞ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ് കുറിച്ച വാക്കുകൾ. ചലച്ചിത്ര ലോകത്ത് ചെറുപ്രായത്തിൽത്തന്നെ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ സുശാന്ത് രജ്പുത്തിന്റെ വിയോഗ വാർത്ത ആർക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല.
‘എം.എസ്. ധോണി അൺടോൾഡ് സ്റ്റോറി’ എന്ന സിനിമയ്ക്കായി സുശാന്ത് സിങ്ങിനെ ഒരു വർഷത്തോളം ക്രിക്കറ്റ് പരിശീലിപ്പിച്ച കിരൺ മോറെയ്ക്കും അദ്ദേഹത്തിന്റെ വിയോഗ വാർത്ത ഉൾക്കൊള്ളാനായിട്ടില്ല. ‘വ്യക്തിപരമായി ഏറെ ഞെട്ടലുണ്ടാക്കുന്ന വാർത്തയാണിത്. എം.എസ്. ധോണിയുടെ വേഷം ചെയ്യാനായി ഞാൻ പരിശീലിപ്പിച്ച നടനാണ് സുശാന്ത് സിങ് രജ്പുത്ത്. ഞാനായാലും അദ്ദേഹത്തെ പരിചയമുള്ള ആരായാലും ഈ ഞെട്ടലിൽനിന്ന് എങ്ങനെ മുക്തരാകുമെന്ന് അറിയില്ല. ഈ വേർപാട് വളരെ നേരത്തെയായിപ്പോയല്ലോ സുഹൃത്തേ...’ – കിരൺ മോറെ കുറിച്ചു
‘സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗ വാർത്ത കേട്ടതിന്റെ ഞെട്ടലിലും സങ്കടത്തിലുമാണ്. യുവത്വം വിട്ടിട്ടില്ലാത്ത പ്രതിഭാധനനായ നടൻ. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്റെ അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’ – സച്ചിൻ തെൻഡുൽക്കർ കുറിച്ചു.
‘ഇത് ഒരു വ്യാജ വാർത്തയാണെന്ന് ആരെങ്കിലും എന്നോടു പറയൂ. സുശാന്ത് സിങ് രജ്പുത് ഇനിയില്ലെന്ന സത്യം അംഗീകരിക്കാനാകുന്നില്ല. കുടുംബാംഗങ്ങൾക്ക് അനുശോചനങ്ങൾ. വളരെ ദുഖഃകരം’ – ഹർഭജൻ സിങ് കുറിച്ചു.
ഇവർക്കു പുറമെ വിരാട് കോലി, വീരേന്ദർ സേവാഗ്, ആകാശ് ചോപ്ര, രവി ശാസ്ത്രി, രവിചന്ദ്രൻ അശ്വിൻ, ശിഖർ ധവാൻ, ക്രുനാൽ പാണ്ഡ്യ, ഹർഷ ഭോഗ്ലെ, അജിൻക്യ രഹാനെ, അനിൽ കുംബ്ലെ, ശുഐബ് മാലിക്ക്, മുഹമ്മദ് കൈഫ്, ആർ.പി. സിങ്, വാഷിങ്ടൺ സുന്ദർ, കമ്രാൻ അക്മൽ തുടങ്ങിയവരെല്ലാം സുശാന്തിന്റെ മരണത്തിൽ ഞെട്ടൽ അറിയിച്ചും നിത്യശാന്തി നേർന്നും ട്വീറ്റ് ചെയ്തു.







Comments