
കണ്ണൂര്‍ : ലൈംഗികാരോപണങ്ങളേത്തുടര്ന്ന്, തലശേരി അതിരൂപതയില്‍പ്പെട്ട ശ്രീകണ്ഠാപുരം പൊട്ടന്‍പ്ലാവ് ഇടവകയിലെ വികാരിമാരായിരുന്ന ഫാ. ജോസഫ് പൂത്തോട്ടാല്‍, ഫാ. മാത്യു മുല്ലപ്പള്ളി എന്നിവര്‍ക്കു പൗരോഹിത്യവിലക്ക്. തലശേരി അതിരൂപതയുടെ നടപടി സ്വാഗതം ചെയ്ത് വിശ്വാസിസമൂഹം. വിശ്വാസികള്‍ക്ക് ഇടര്‍ച്ചയുണ്ടാകുന്ന തരത്തില്‍ വൈദികരില്നിന്നുണ്ടായ പ്രവൃത്തികള്‍ക്ക് അതിരൂപത മാപ്പുചോദിച്ചു.
വൈദികര്‍ക്കെതിരായ ലൈംഗികാരോപണം സാമൂഹികമാധ്യമങ്ങളിലടക്കം വന്‍ചര്‍ച്ചയായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയാണു സത്യം ബോധ്യപ്പെട്ടതെന്നും നടപടി വൈകിയതിനു മാപ്പുചോദിക്കുന്നുവെന്നുമാണ് അതിരൂപതയുടെ വിശദീകരണം. ആരോപണവിധേയര്‍ക്കെതിരായ ശബ്ദസന്ദേശം പുറത്തുവിട്ടതു ചില വൈദികര്തന്നെയാണെന്നും ആരോപണമുയര്‍ന്നിരുന്നു. സ്ത്രീകളുടെ സമ്മതത്തോടെയാണു ബന്ധപ്പെട്ടതെന്ന വിശദീകരണമാണു വൈദികര്‍ രൂപതയ്ക്കു നല്‍കിയതെന്നാണു സൂചന.
ഇടുക്കി രൂപതയില്‍ ഉയര്‍ന്ന ഗുരുതര ആരോപണത്തിനു പിന്നാലെയാണ് തലശേരി അതിരൂപതയിലെ രണ്ട് വൈദികര്‍ക്കെതിരെയും അവിഹിതബന്ധം ആരോപിക്കപ്പെട്ടത്. ഇവര്‍ക്കെതിരായ അന്വേഷണത്തിനു കമ്മിഷനെ നിയോഗിച്ചെന്നും അതിരൂപത പി.ആര്.ഒയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു. അതിരൂപത അംഗമായ ഫാ. മാത്യുവിനെതിരായ ഫോണ്‍ സംഭാഷണം പുറത്തുവന്ന ദിവസംതന്നെ അന്വേഷണ കമ്മിഷനെ നിയമിക്കുകയും അദ്ദേഹത്തെ അജപാലനശുശ്രൂഷയില്നിന്നു മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. സന്യാസസഭാംഗമായ ഫാ. ജോസിനെതിരേ നടപടിയെടുക്കാന്‍ സന്യാസസഭാ മേലധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ശബ്ദസന്ദേശം പുറത്തുവന്നപ്പോഴാണു സംഭവമറിഞ്ഞതെന്ന് അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ഇതുസംബന്ധിച്ചു തനിക്കോ അതിരൂപതയ്ക്കോ ആരും പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, ആരോപണത്തിലുള്‍പ്പെട്ട സ്ത്രീ മാസങ്ങള്‍ക്കു മുമ്പേ ബിഷപ്പിനെ വിളിച്ച് പരാതിപ്പെട്ടിരുന്നതായി ചില വിശ്വാസികള്‍ പറയുന്നു. ഫാ. മാത്യുവിന്റെ വാട്സ്ആപ് സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടും അയച്ചുനല്‍കിയിരുന്നു. വികാരി നിരന്തരം ഫോണില്‍ വിളിച്ച് അശ്ലീലഭാഷയില്‍ സംസാരിക്കുന്നുവെന്നും സന്ദേശങ്ങള്‍ അയക്കുന്നുവെന്നും വീട്ടമ്മ പരാതിപ്പെടുന്ന തരത്തിലുള്ള ശബ്ദസന്ദേശമാണു പ്രചരിച്ചത്.
പരാതി ഉയര്‍ന്നപ്പോള്‍ ഫാ. മാത്യുവിനെ കാസര്‍ഗോട്ടേക്കു സ്ഥലംമാറ്റിയിരുന്നു. പിന്നീടാണു വിലക്കേര്‍പ്പെടുത്തിയത്. അതേസമയം, ശബ്ദസന്ദേശം പുറത്തുവിട്ട വിശ്വാസിക്കെതിരേ പോലീസ് കേസെടുത്തു. ഇതിനു പിന്നില്‍ ഉന്നത ഇടപെടലുകളുണ്ടെന്നും ആരോപണമുണ്ട്. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച പരാതിപ്രകാരമാണു കേസ്.






