
ന്യൂഡല്‍ഹി: കസഖ്സ്ഥാനില്‍ നിന്ന് ഡല്‍ഹിയില്‍ വന്നിറങ്ങിയ 72 കാരന് പരിശോധനയ്ക്ക് വിധേയനാകാതെ കടന്നുകളഞ്ഞു. ശനിയാഴ്ച ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയ ആളാണ് സ്ക്രീനിങ്ങിനും അതിനു ശേഷമുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും വെട്ടിച്ച് മുങ്ങിയത്.
സ്ക്രീനിങ്ങിനായി ഇയാളുടെ പേര് വിളിച്ചപ്പോഴാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ഇയാള്‍ മുങ്ങിയ വിവരം പുറത്തായത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഞായറാഴ്ച ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള മകളുടെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ഇയാഴെ 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലാക്കി. ക്വാറന്റീന് കാലയളവ് പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ അറസ്റ്റു ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് ഒഴിവാക്കാനായി മനപൂര്‍വം സ്ക്രീനിങ്ങിനു വിധയനാകാതെ മുങ്ങുകയായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. കോവിഡ് 19 യെ തുടര്‍ന്ന് വിദേശത്ത് നിന്ന് എത്തുന്നവര്‍ എയര്‍പോര്‍ട്ടില്‍ നിര്‍ബന്ധിത സ്ക്രീനിങ്ങിന് വിധേയമാകണം എന്നതാണ്. തുടര്‍ന്ന് ഏഴു ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും അടുത്ത ഏഴു ദിവസം ഹോം ക്വാറന്റീനിലും കഴിയണം.






