
മസ്കത്ത്: ഒമാനിൽ കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്നതിനായുള്ള വന്ദേഭാരത് പദ്ധതിയുടെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു.ജൂലൈ 16 മുതൽ 31 വരെയുള്ള അടുത്ത ഘട്ടത്തിൽ ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് മൊത്തം 20 വിമാനങ്ങൾ സർവീസ് നടത്തും . ഇതിൽ ഏഴെണ്ണം കേരളത്തിലേക്കാണ്. ആറു സർവീസ് മസ്കത്തിൽ നിന്നും സലാലയിൽ നിന്ന് ഒരു സർവീസുമാണ് കേരളത്തിലേക്ക് ഷെഡ്യൂൾ ചെയ്തിട്ടുള്ളത് . മസ്കത്തിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ട് വിമാനങ്ങൾ വീതവും സലാലയിൽ നിന്ന് കണ്ണൂരിലേക്ക് ഒരു വിമാനവുമാണ് സർവീസ് നടത്തുക .
ഈ മാസം 21 നാണ് (ചൊവ്വ) കേരളത്തിലേക്കുള്ള സർവീസുകൾ ആരംഭിക്കുക . മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തിനും കൊച്ചിക്കുമാണ് അന്നേ ദിവസം വിമാനങ്ങളുള്ളത്. ജൂലൈ 25ന് മസ്കത്തിൽ നിന്നും -കൊച്ചിയിലേക്കും , 26-ന് മസ്കത്ത്-കോഴിക്കോട് വിമാനങ്ങളുണ്ടാകും. ജൂലൈ 30-ന് മസ്കത്ത് -തിരുവനന്തപുരവും 31-ന് മസ്കത്ത് - കോഴിക്കോടും സലാലയിൽ നിന്ന് - കണ്ണൂരിലേക്കും സർവീസ് നടത്തും . നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എംബസിയിൽ രജിസ്റ്റർ ചെയ്തവർ യാത്രാ സന്നദ്ധത അറിയിക്കണം. ഇതിനായി എംബസിയിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു .
അതേ സമയം സ്വദേശികൾക്കായി കൂടുതൽ മേഖലയിൽ ജോലി നൽകി ഒമാൻ വിദേശികളെ ഒഴിവാക്കി വരുകയാണ് .സ്വദേശിവൽക്കരണ പദ്ധതി വഴി ജോലിയും, കൂലിയും നഷ്ടപെട്ട് കഴിയുന്നവരെയും തുടർചികിൽസക്കായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെയും എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നും ഒമാനിൽ നിന്ന് കേരളത്തിലേക്ക് വന്ദേഭാരത് മിഷൻ പദ്ധതി പ്രകാരം കൂടുതൽ വിമാന സർവ്വീസ് ആരംഭിക്കണമെന്നുമാണ് പ്രവാസി മലയാളികളുടെ ശക്തമായ ആവശ്യം






