
റിയാദ് :കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ നാലാം ഘട്ടത്തിൽ സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് 36 വിമാന സർവീസുകൾ . ജൂലൈ 15 മുതൽ ആഗസ്റ്റ് ഒന്ന് വരെയുള്ള ഷെഡ്യൂൾ ഇന്ത്യൻ എംബസി അധികൃതരാണ് വാർത്താകുറിപ്പിലൂടെ അറിയിച്ചത് .
കേരളത്തിലേക്ക് 24 വിമാന സർവിസുകൾ ആണുള്ളത്. ജിദ്ദയില്‍ നിന്നും ദമ്മാമില്‍ നിന്നും കേരളത്തിലേക്ക് 12 വീതമാണ് സർവീസ് നടത്തുക . അതേ സമയം സൗദിയുടെ തലസ്ഥാനമായ റിയാദില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരൊറ്റ സർവീസുകളുമില്ല .വരും ദിവസങ്ങളിൽ റിയാദിൽ നിന്നുള്ള പുതിയ ഷെഡ്യുൾ വരുമെന്നാണ് പ്രതീഷിക്കുന്നത് .
ജൂലൈ 16 മുതൽ 27 വരെ ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്നും രണ്ട് വീതം സർവിസുകൾ കേരളത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് സർവീസുകളില്ല. ജിദ്ദയിൽ നിന്നും ദമ്മാമിൽ നിന്നും കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് മൂന്ന് വീതവുമാണ് സർവീസ് നടത്തുക .






