
മുംബെെ : ബോളിവുഡ് നടൻ അനുപം ഖേറിന്റെ കുടുംബാംഗങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അനുപം ഖേറിന്റെ മാതാവ് ദുലരി, സഹോദരൻ രാജു, സഹോദരന്റെ ഭാര്യ റിമ, അവരുടെ മകൾ വൃന്ദ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നടൻ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. തന്റെ പരിശോധന ഫലം നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. അമ്മയെ മുംബെെ കോകിലബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെല്ലാം സമ്പർക്കവിലക്കിൽ തുടരുകയാണ്.
നടി രേഖയുടെ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് സ്ഥീരീകരിച്ചതോടെ നടിയുടെ ബാന്ദ്രയിലുള്ള വസതി ബി.എം.സി സീൽ ചെയ്തു. നടിയുടെ വീട്ടിലെ ജോലിക്കാരിൽ ചിലർക്കും രോഗം സ്ഥീരീകരിച്ചിട്ടുണ്ട്.
ബോളിവുഡ് നടൻമാരായ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥീരീകരിച്ചിരുന്നു. നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ് അമിതാഭ് ബച്ചൻ. ജയ ബച്ചൻ, ഐശ്വര്യ റായ്, ആരാധ്യാ ബച്ചൻ എന്നിവരുടെ ആന്റിജൻ ഫലം നെഗറ്റീവാണ്. ഇനി ശ്രവ പരിശോധനയുടെ ഫലം കൂടി വരാനുണ്ട്.






