
കൊവിഡിനിടെ വീസ കാലാവധി തീര്‍ന്നു വിദേശത്തു പോകേണ്ടവര്‍ കോവിഡ് വിമുക്ത സാക്ഷ്യപത്രത്തിനായി എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലാബുകള്‍ തേടി നടക്കുകയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് എതിര്‍വശത്തുള്ള ഡിഡിആര്‍സി എന്ന സ്വകാര്യ ലാബിനു മാത്രമാണ് ജില്ലയില്‍ ലെറ്റര്‍ ഹെഡില്‍ ഇത്തരം സര്‍ട്ടിഫിക്കറ്റ് നല്കാന് കൃത്യമായ സംവിധാനമുള്ളത്. ഇവിടെ ദിവസവം 32 പേരെ വരെ പരിശോധിക്കും. എന്നാല്‍ വിദേശത്തുപോകേണ്ടവരുടെ നൂറുകണക്കിന് അപേക്ഷയാണ് ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
പല രാജ്യങ്ങളിലെയും വിമാനക്കമ്പനികള്‍ പല ഇടവേളകളിലുള്ള സര്‍ട്ടിഫിക്കറ്റാണ് ചോദിക്കുന്നത്. അതായത്, കൊച്ചിയില്‍ നിന്നു 26 നു ദുബായിയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ യാത്ര പുറപ്പെടുന്നതിനു 96 മണിക്കൂ മുമ്പുള്ള സര്‍ട്ടിഫിക്കറ്റാണ് ചോദിക്കുന്നത്. ഇതിനനുസരിച്ച് സമയം ക്രമീകരിച്ചു നല്‍കിയാണ് ലാബ് പരിശോധന നടത്തുന്നത്.
മാവേലിക്കരയിലെ മെഡിവിഷന്‍ ലാബില്‍ അംഗീകൃത പരിശോധനയുള്ളത് അടൂര്‍-പന്തളം-തിരുവല്ല മേഖലയിലുള്ളവര്‍ക്ക് ആശ്വാസമേകുന്നു. ഐസിഎംആര്‍ അനുമതിയോടെ തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ലാബിലും ഇന്നലെ മുതല്‍ ഈ പരിശോധന ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റുകളും നല്‍കിത്തുടങ്ങി. സര്‍ക്കാര്‍ നിരക്കായ 2750 മുതല്‍ 4500 രൂപവരെയാണ് ലാബുകള്‍ ഈടാക്കുന്നത്.
ഇതിനായി, പൂരിപ്പിച്ച കോവിഡ് 19 സാര്‍സ് കോവിഡ് ഫോം (ലാബുകളുടെ വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്തു പൂരിപ്പിക്കണം.)
വിദേശത്തു പോകേണ്ടവര്‍ക്ക് ലെറ്റര്‍ ഹെഡിലുള്ള സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. സര്‍ക്കാര്‍ ലാബില്‍ നിന്നു നെഗറ്റീവായ രോഗമുക്തരുടെ പേര് വരുന്നതു നീണ്ട പട്ടികയുടെ രൂപത്തിലും.
ഇതു വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്കു ഹാജരാക്കാന്‍ ബുദ്ധിമുട്ടാണ്. ഈ സാഹര്യത്തിലാണ് ഡിഡിആര്‍സി, മെഡിവിഷന്‍ എന്നീ രാജ്യാന്തര അംഗീകാരമുള്ള സ്വകാര്യ ലാബുകളുടെ സര്‍ട്ടിഫിക്കറ്റ് അനേകര്‍ക്കു തുണയാകുന്നത്. ലോകത്തെ മിക്ക വിമാനക്കമ്പനികളും ഈ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കും.
സ്രവമെല്ലാം കൊച്ചിയിലെ പ്രധാന ലാബില്‍ പരിശോധിച്ച് ബന്ധപ്പെട്ടവരുടെ ഇമെയിലിലേക്കു വൈകാതെ ഫലം അയച്ചുകൊടുക്കുകയാണ് പതിവ്. ഡിഎംഒയ്ക്കും ഐസിഎംആറിനും ഫലം കൈമാറും. രോഗം സംശയിക്കുന്നവരുടെ സ്രവം പരിശോധിക്കാന്‍ സ്വകാര്യലാബുകളില് തല്ക്കാലം സംവിധാനമില്ല. കേസ് വര്‍ധിച്ചാല്‍ അതിനുള്ള സംവിധാനം ഏര്‍പ്പെടുത്താനാവും.






