
മലയാള ചെറുകഥയ്ക്ക് ലോകനിലവാരമുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തിയ സാക്ഷാല്‍ ടി. പത്മനാഭന് നവതിയുടെ നിറവിനൊപ്പം അക്ഷരങ്ങളുടെ ലോകത്ത് ഏഴ് പതിറ്റാണ്ട് പിന്നിടുന്നു. ചെറുകഥയെ മാത്രം ഉപാസിച്ച് കഴിഞ്ഞ സഫലമായ വ്യക്തിത്വം വിവിധ കാലഘട്ടങ്ങളിലായി നല്കിയ അഭിമുഖങ്ങളിലും കുറിപ്പുകളിലും ആ ജീവിതസാരസര്വസ്വമുണ്ട്.
1949.
കൃത്യമായി പറഞ്ഞാല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് ടി. പത്മനാഭന്റെ ആദ്യ കഥ ജനിക്കുന്നത്. പത്മനാഭന് മുന്‍പും പിന്‍പും ഉന്നത നിലവാരമുള്ള ഒട്ടേറെ കഥാകൃത്തുക്കള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഏത് തലമുറയ്ക്ക് മുന്നിലും തലയെടുപ്പോടെ നില്ക്കാന് പാകത്തിലുള്ള കഥകളാണ് പത്മനാഭന് സമ്മാനിച്ചത്. വിപണിയുടെ നിര്‍ബന്ധങ്ങളും പ്രലോഭനങ്ങളും പല കുറി ഉണ്ടായിട്ടും പത്മനാഭന് കഥ വിട്ട് മറ്റൊരു വഴിയില്‍ സഞ്ചരിച്ചില്ല. ആത്മപ്രകാശനത്തിന് ചെറുകഥയേക്കാള്‍ മികച്ച മറ്റൊരു മാധ്യമമില്ലെന്ന് അദ്ദേഹം പറയാതെ പറഞ്ഞു. ചിലപ്പോള്‍ പരസ്യമായും പറഞ്ഞു. സ്വന്തം ചോരയില്‍ പിറന്ന ഒരു കുഞ്ഞിനെയെന്ന പോലെ അത്ര അവധാനതയോടെയാണ് അദ്ദേഹം തന്റെ കലയെ പരിപാലിക്കുന്നത്.
പത്മനാഭന്റെ കഥകളിലേറെയും ആത്മാംശം നിറഞ്ഞതാണ്. ഞാന്‍ എന്ന ആത്മനിഷ്ഠമായ പ്രതിപാദനരീതിയില്‍ കഥ പറയാനാണ് എക്കാലത്തും അദ്ദേഹത്തിന് ഇഷ്ടം. അനുവാചകന്റെ ഹൃദയത്തോട് ചേര്‍ന്നു നില്ക്കും വിധം അനുഭവതലസ്പര്ശിയായ കഥകള്‍.
കാലത്തെ അതിജീവിച്ച് നില്ക്കുന്നവയാണ് ക്ലാസിക്കുകള്‍ എങ്കില്‍ അരനൂറ്റാണ്ടിനിപ്പുറവും പുതിയത് എന്ന പോലെ ശോഭ ചൊരിയുന്ന പത്മനാഭന് കഥകള്‍ കാണാം. മഖന്‍സിംഗിന്റെ മരണവും ഗൗരിയും പ്രകാശം പരത്തുന്ന പെണ്‍കുട്ടിയും കടലും അടക്കം എത്രയോ ഉദാഹരണങ്ങള്‍.
ഏത് കാലത്തും ഏത് ദേശത്തും പ്രസക്തവും സംഗതവുമായ പ്രമേയങ്ങളും ആഖ്യാനസമീപനങ്ങളും ഭാഷയുമാണ് പത്മനാഭന് കഥകളെ സാര്വജനീനമാക്കുന്നത്. പ്രകാശം പരത്തുന്ന പെണ്‍കുട്ടി വായിച്ചു കഴിയുമ്പോഴുണ്ടാവുന്ന ജീവിതാവബോധം തന്നെ നോക്കാം.
ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്ന നായകനെ, വിഷം കഴിച്ച് മരിക്കാന്‍ അയാള്‍ നിശ്ചയിച്ച ലോഡ്ജ് മുറിക്ക് അടുത്തുളള സിനിമാ തീയറ്ററിലെ പാട്ട് മാടി വിളിക്കുന്നു. ആകര്‍ഷകവും സൗന്ദര്യാത്മകവുമായ ഏത് ജീവിതാനുഭവവും എക്കാലവും അയാളെ മോഹിപ്പിക്കാറുണ്ട്. എങ്കില്‍ ഒരു സിനിമ കണ്ടിട്ട് മരിച്ചു കളയാമെന്നു കരുതി അയാള്‍ തീയറ്ററില്‍ കയറുന്നു.
തീയറ്ററിനുളളിലെ ലൈറ്റുകള്‍ അണഞ്ഞു തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ഇളയവര്ക്കൊപ്പം സിനിമ കാണാനെത്തിയ കൊച്ചുപെണ്‍കുട്ടിയുടെ പ്രസരിപ്പും സ്നേഹവും കഥാനായകനെ മരണവക്ത്രത്തില്‍ നിന്നും ജീവിതനിരാസത്തില് നിന്നും ജീവിതോന്മുഖമായ ഒരു മാനസികാവസ്ഥയിലേക്ക് പുനഃപ്രതിഷ്ഠിക്കുന്നു. ഒടുവില്‍ കഥാകൃത്ത് എഴുതുന്നു.
പ്രിയപ്പെട്ട കുട്ടീ.. 'മുന്നൂറോ നാനൂറോ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനടക്കമുളള മനുഷ്യര്‍ ജീവിതപ്പെരുവഴിയില്‍ സംശയിച്ചു നില്ക്കുകയാവും. അപ്പോഴാണ് നീ പൊയ്ക്കളയരുതേ...'
ഏത് കാലത്തും മരണാഭിമുഖ്യവും അതുപോലെ ജീവിതത്തില്‍ ഉറച്ചു നില്ക്കാന് പ്രേരിപ്പിക്കുന്ന ഘടകങ്ങളും ഉണ്ടാവാറുണ്ട്. ഏതൊരു മനുഷ്യനെ സംബന്ധിച്ചും ഇതൊക്കെ സംഭവ്യമാണ്. ജീവിതം നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന പ്രതീക്ഷാവഹമായ ഘടകങ്ങള്‍ വിപരീതസാഹചര്യങ്ങളിലും ഒളിഞ്ഞിരിക്കുന്നു. ഈയൊരു സത്യത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രമാണ് കഥയിലെ പെണ്‍കുട്ടി.
അതിഭാവുകത്വത്തിലേക്ക് വഴുതി വീഴാത്ത പക്വവും നിയന്ത്രിതവുമായ വൈകാരികതയാണ് പത്മനാഭന് കഥകളുടെ മറ്റൊരു സവിശേഷത. വായനക്കാരനെ ആഴത്തില്‍ സ്പര്‍ശിക്കാന്‍ ഇതുവഴി അദ്ദേഹത്തിന് സാധിക്കുന്നു.
അതീവലളിതമായ ഭാഷയില്‍ ദുരൂഹതകളോ സങ്കീര്‍ണ്ണതകളോ വളച്ചുകെട്ടുകളോ ഇല്ലാത്ത ഭാഷയില്‍ കഥ പറയുമ്പോഴും ഗഹനവും ഗൗരവപൂര്‍ണ്ണവുമായ ജീവിതസത്യങ്ങളെ കഥയുടെ ആന്തരിക തലത്തില്‍ നിഗൂഹനം ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. ജീവിതത്തെ സംബന്ധിച്ചും മനുഷ്യാവസ്ഥയെ സംബന്ധിച്ചും പ്രസക്തമായ പല സത്യങ്ങളും അനാവരണം ചെയ്യുന്നവയാണ് അദ്ദേഹത്തിന്റെ കഥകള്‍. അതുകൊണ്ട് തന്നെ കാലദേശാതീതമായി അവ ഇന്നും നവീനമായി നിലകൊളളുന്നു.
അസാധ്യമായ താളബോധമാണ് പത്മനാഭന് കഥകളുടെ മറ്റൊരു സവിശേഷത. സംഗീതാത്മകമാണ് ആ വരികള്‍. അദ്ദേഹത്തിന്റെ ഉളളിലെ സംഗീതബോധവും സംഗീതതത്പരതയും കൃത്യമായി എഴുത്തിലും പ്രതിഫലിക്കുന്നത് കാണാം.
അപാരമായ ആത്മവിശ്വാസം നിലനിര്‍ത്തുന്ന കഥാകൃത്ത് കൂടിയാണ് പത്മനാഭന്. തന്റെ കഥകള്‍ ലോകോത്തരങ്ങളാണെന്ന് എഴുത്തിന്റെ ശൈശവദിശയില്‍ തന്നെ തുറന്നു പറഞ്ഞയാളാണ് അദ്ദേഹം. അതിനെ ഒരു തരം അഹങ്കാരമായി വ്യാഖ്യാനിച്ചവരുണ്ട്. എന്നാല്‍ സത്യം അതായിരുന്നില്ല. താന്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാപരിക്കുന്ന മലയാള ഭാഷയില്‍ ഉരുവം ചെയ്യുന്ന പല രചനകളും ലോകോത്തര നിലവാരമുള്ളതാണെന്ന ധ്വനി ആ വാക്കുകളിലുണ്ടായിരുന്നു.
മുണ്ടുര്‍ കൃഷ്ണന്‍കുട്ടിയുടെ 'മൂന്നാമതൊരാള്‍' എന്ന കഥയും ലോകോത്തരമാണെന്ന് വിളിച്ചു പറയാന്‍ അസൂയ രക്തത്തില്‍ അലിഞ്ഞ ചില സാംസ്കാരിക നായകന്മാര്ക്കിടയില് ഒരു പത്മനാഭന് മാത്രമേ ഉണ്ടായുളളൂ.
സര്‍ഗപ്രക്രിയ തനിക്ക് ആത്മാന്വേഷണമാണെന്നാണ് പത്മനാഭന്റെ ഭാഷ്യം.
അദ്ദേഹത്തിന്റെ കഥകളിലേറെയും ആത്മനിഷ്ഠമായിരുന്നു. ഉത്തമപുരുഷനില്‍ 'അയാള്‍' , 'ഞാന്‍' എന്ന സങ്കേതം ഉപയോഗിച്ച് പറയപ്പെട്ട കഥകള്‍. അതിലെല്ലാം ഏറിയോ കുറഞ്ഞോ ആത്മാംശവുമുണ്ടായിരുന്നിരിക്കണം. അതുകൊണ്ട് തന്നെ പത്മനാഭന്റെ കഥകളെല്ലാം ചേര്‍ത്തുവച്ചാല്‍ അദ്ദേഹത്തിന്റെ ആത്മകഥയായും വായിക്കാം.
കഥകള്‍ ധ്വനിപ്രധാനമായിരിക്കണം എന്ന് വിശ്വസിക്കുന്നവനാണ് ഞാനെന്ന് ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. അത് തന്നെയാണ് അദ്ദേഹത്തിന്റെ കലയുടെ സൗന്ദര്യപരതയും ദൗത്യവും. രാഷ്ട്രീയം അടക്കമുളള വിഷയങ്ങള്‍ പത്മനാഭന് കഥകളില്‍ പ്രകടമായി വരാറില്ല. ഏതും പൊതിഞ്ഞു പറയുകയും അതേ സമയം ലക്ഷ്യവേദിയാവുകയും ചെയ്യുന്നുവെന്നതാണ് പ്രത്യേകത.
'മുദ്രവവാക്യമോ ചുമരെഴുത്തോ ആവാന്‍ പാടില്ല കഥ.'
എന്ന് അസന്നിഗ്ധമായി തന്നെ അദ്ദേഹം പറഞ്ഞു വച്ചു.
'ധ്വനിപ്പിക്കുക. അതിശക്തമായി ധ്വനിപ്പിക്കുക. അനുവാചകന്റെ മനസില്‍ ഒരിടിത്തീ പോലെ ഈ ധ്വനി ചെന്ന് ഉല്‍ക്ക പോലെ വന്ന് പതിച്ച് അവിടെ ചലനങ്ങളുണ്ടാക്കുക'
കഥ എന്ന സാഹിത്യശാഖയുടെ സാരസര്‍വസ്വം ഈ വാക്കുകളുടെ ആന്തരികതയിലുണ്ട്.
ആഘോഷങ്ങള്‍ അന്യം
ഏറ്റവുമധികം ഓണപതിപ്പുകളില്‍ കഥയെഴുതിയ പത്മനാഭന്റെ രചനകളിലൊന്നും ഓണക്കാലത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ കണ്ടിട്ടില്ല. ഇതേക്കുറിച്ച് സൂചിപ്പിച്ചവരോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെ.
'ഓണത്തിനാകട്ടെ വിഷുവിനാകട്ടെ ആഘോഷങ്ങളുണ്ടെങ്കിലല്ലേ എനിക്ക് എഴുതാന്‍ പറ്റൂ. ജീവിതത്തില്‍ പിന്തിരിഞ്ഞ് നോക്കുമ്പോള്‍ കുട്ടിക്കാലത്ത് ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതായിരിക്കാം ഇന്നും അത്തരം കാര്യങ്ങളോട് പ്രതിപത്തിയില്ല. എന്റെ കഥകളിലും ആഘോഷങ്ങളില്ല.'
എന്റെ ബാല്യം ഇല്ലായ്മയുടേതായിരുന്നു. അച്ഛനെ കണ്ട ഓര്‍മ്മയില്ല. എനിക്ക് മാസങ്ങള്‍ മാത്രം പ്രായമുളളപ്പോള്‍ അച്ഛന് പോയി. അച്ഛന്റെ മരണശേഷമുള്ള ജീവിതം വിഷമം നിറഞ്ഞതായിരുന്നു. സത്യത്തില്‍ ദിവസങ്ങളോളം പട്ടിണി കിടന്നിട്ടുണ്ട്. ഭക്ഷണമില്ലാത്തതിന്റെ പ്രയാസം എന്നെപ്പോലെ അനുഭവിച്ചറിഞ്ഞവര്‍ വളരെ കുറച്ചേ കാണൂ. ആ കഷ്ടകാലത്തും ഓണം, വിഷു നാളുകളില്‍ മക്കള്‍ വിഷമിക്കാതിരിക്കാന്‍ അമ്മ കുറെശ്ശെ കുറെശ്ശെയായി സംഭരിച്ചു വയ്ക്കും.
എത്ര കഷ്ടപ്പാടുള്ള കാലത്തും അന്നത്തെ ഭക്ഷണം ഒന്നാംതരമായിരിക്കും. അതിനൊരു കുറവും വരുത്തില്ല. പക്ഷേ, വസ്ത്രത്തിന്റെ കാര്യം വട്ടപൂജ്യമാണ്. പുതിയ വസ്ത്രങ്ങളില്ലെന്ന് മാത്രമല്ല പഴയതില്‍ പോലും ധരിക്കാന്‍ പറ്റിയ നല്ലത് ഒരെണ്ണമില്ല. ട്രൗസര്‍ എന്ന സാധനം പഴകിപ്പഴകി ബട്ടണൊക്കെ പോയി ഉടുക്കാന്‍ പറ്റാത്ത സ്ഥിതിയിലാവും. പലപ്പോഴും മുണ്ടുടുക്കുന്ന മാതിരി അരയില്‍ കെട്ടിവയ്ക്കുകയാണ്. അങ്ങനെയുള്ള ഞാന്‍ എങ്ങനെയാണ് ഓണത്തിന്റെ സമൃദ്ധിയെക്കുറിച്ച് എഴുതുക?
വഴിമാറിയ വിശ്വാസപ്രമാണങ്ങള്‍
ഒരു കാലത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ വിശ്വാസപ്രമാണങ്ങളോട് ചേര്‍ന്നു നിന്ന പത്മനാഭന് ഇടയ്ക്ക് എപ്പോഴോ വഴിമാറി നിഷ്പക്ഷതയുടെ മുഖാവരണമണിഞ്ഞു. നിലപാടുകളില്‍ നിന്നും വ്യതിചലിക്കാത്ത പത്മനാഭന്റെ ഈ വഴിമാറ്റത്തിനും കാര്യകാരണങ്ങളുണ്ട്.
'1940-ല്‍ എനിക്ക് 9 വയസാണ്. അന്നാണ് ഗാന്ധിജി വ്യക്തിസത്യാഗ്രഹം തുടങ്ങിയത്. മാധവമേനോന്, മാളുവമ്മ, കുട്ടിരാമക്കുറുപ്പ് എന്നിവരായിരുന്നു മലബാറില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. അന്ന് ഗാന്ധിജി കണ്ണൂര്‍ നാരായണാ പാര്‍ക്കില്‍ വന്നപ്പോള്‍ ആ മീറ്റിംഗില്‍ ഞാനും പങ്കെടുത്തിട്ടുണ്ട്.
എന്റെ രാഷ്ട്രീയചിന്തയില്‍ മാറ്റം വന്നത് 1947- ലാണ്. അന്ന് എനിക്ക് ഏറ്റവും ബഹുമാനം തോന്നിയ നേതാവാണ് കേളപ്പന്. അദ്ദേഹം ഗുരുവായൂരില്‍ സത്യാഗ്രഹം കിടന്ന കാലത്ത് കണ്ണില്‍ കുമ്മായവെളളം ഒഴിച്ച ചിലരുണ്ട്. അതുപോലെ ബിട്ടീഷ് ഗവണ്മെന്റിന്റെ കൈയില്‍നിന്നും അച്ചാരം വാങ്ങി രാജഗോപാലാചാരിയെ എതിര്ത്തവരുണ്ട്. അവരൊക്കെ 1947 ഓഗസ്റ്റ് 15- ന് ശേഷം കേളപ്പനേക്കാള്‍ പരുപരുത്ത ഖദര്‍ ധരിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ മുന്‍പന്തിയില്‍ എത്തി. അവര്‍ ഇപ്പോഴും അജയ്യരായി തുടരുന്നു.'
നമ്മള് അറിയാത്ത പിണറായി
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്നും വഴിമാറിയെങ്കിലും ഇന്നും പത്മനാഭന് കമ്മ്യൂണിസ്റ്റായിട്ടില്ല. പിണറായിയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങള്‍ക്ക് അടിസ്ഥാനം മറ്റു ചിലതാണ്.
ഒരേ നാട്ടുകാര്‍ എന്നതിനപ്പുറം പിണറായി വിജയന് തനിക്ക് അഭിമതനാവുന്നതിന് പിന്നിലെ രഹസ്യം പത്മനാഭന് ഏറ്റുപറയുന്നു.
'ഒരു നേതാവിന് വേണ്ട നിരവധി ഗുണങ്ങളുള്ള ഒരാളാണ് പിണറായി വിജയന്'
അതില്‍ ചിലത് പത്മനാഭന് ഇങ്ങനെ വിശദീകരിക്കുന്നു.
'പിണറായി വിജയന് എന്ന നേതാവിന് നമ്മള് പുറമെ കാണുന്നതിനപ്പുറം ചില സവിശേഷതകളുണ്ട്. അത് അദ്ദേഹത്തിന്റെ ഉള്ളിലുളളതാണ്. അത് എന്റെ ഉള്ളില്‍ തട്ടിയ നിമിഷം മുതല്‍ ഞാന്‍ അദ്ദേഹത്തെ സ്നേഹിച്ചു തുടങ്ങി. അദ്ദേഹത്തില്‍ നിന്നും യാതൊരു വിധ നേട്ടങ്ങളും ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ നിലപാടിന് ആധാരമായ ഒരു സംഭവം പറയാം.
മണ്ണും മനുഷ്യനും എന്ന പേരില്‍ ഞാന്‍ കഥയെഴുതാന്‍ കാരണം പിണറായിയാണ്.കണ്ണൂരില്‍ ഒരു യോഗത്തില്‍ വച്ച് ഏതാണ്ട് ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ഒരു പ്രസംഗം അദ്ദേഹം നടത്തി. നമുക്ക് നഷ്ടപ്പെടുന്ന പ്രകൃതിയെക്കുറിച്ചും പച്ചപ്പുകളെക്കുറിച്ചും മാത്രമാണ് അദ്ദേഹം സംസാരിച്ചത്. തന്റെ കൊച്ചുമകന് അറിയാതെ പോകുന്ന തെങ്ങോലകള്‍, മുറ്റത്ത് കളിക്കാന്‍ പറ്റാത്തത്... ചുരുക്കത്തില്‍ മണ്ണില്‍ ചവിട്ടി നില്ക്കാന് കഴിയായ്മ. എന്നിവയൊക്കെയായിരുന്നു ആ പ്രസംഗത്തിന്റെ പ്രതിപാദ്യ വിഷയം. അടിമുടി രാഷ്ട്രീയക്കാരനായ അദ്ദേഹം ആ യോഗത്തില്‍ ഒരു വാക്ക് പോലും രാഷ്ട്രീയം പറഞ്ഞില്ല. ആ പ്രസംഗം ദിവസങ്ങളോളം എന്നെ വേട്ടയാടി. അതിന്റെ പരിണിതഫലമാണ് 'മണ്ണും മനുഷ്യനും എന്ന കഥ.'
ശീലങ്ങളില്‍ മാറ്റമില്ല
വിദേശ സന്ദര്‍ശന വേളയില്‍ പിണറായി വിജയന് കോട്ട് ധരിച്ചിട്ടും പത്മനാഭന് അതിന് ഒരുമ്പെട്ടിട്ടില്ല. എന്നും സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതാണ് പത്മനാഭന് ശൈലി. എഴുത്തില്‍ മാത്രമല്ല ജീവിതരീതിയിലും താന്‍ താനായി തന്നെ നില്‍ക്കണമെന്ന് അദ്ദേഹം സ്വയം നിഷ്കര്‍ഷിക്കുന്നു. കാലം ആ ശീലങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ മാത്രം വളര്‍ന്നിട്ടില്ല.
'പതിനായിരത്തിലധികം ജീവനക്കാരുള്ള ഒരു സ്ഥാപനത്തിന്റെ സുപ്രധാന തസ്തികയില്‍ ദീര്‍ഘകാലം ജോലി ചെയ്ത ഒരാളാണ്. എന്നിട്ടും എന്റെ ശീലങ്ങള്‍ക്ക് മാറ്റമുണ്ടായിട്ടില്ല. ഞാന്‍ ലോകം മുഴുവന്‍ സഞ്ചരിച്ചത് ഖദര്‍ ധരിച്ചും മുണ്ടുടുത്തുമാണ്. അതൊരു വാശിയായിരുന്നു. വിമാനത്തിലും മറ്റും മുണ്ടുടുത്ത് സഞ്ചരിക്കുമ്പോള്‍ ആളുകള്‍ പുച്ഛത്തോടെ നോക്കുന്നത് കണ്ടിട്ടുണ്ട്. എന്നുകരുതി എന്റെ ശീലങ്ങളില്‍ മാറ്റം വന്നിട്ടില്ല.
പ്രായം തീണ്ടാത്ത പ്രണയം
പത്മനാഭന്റെ ഗൗരി എന്ന കഥയെ വിഖ്യാത സാഹിത്യ നിരൂപകന് കെ.പി. അപ്പന് വിശേഷിപ്പിച്ചത് പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ട് എഴുതിയ കഥയെന്നാണ്.
'പ്രണയം മനസില്‍ സ്ഥായിയായി നിലനില്‍ക്കുന്ന ഒരു ഭാവമാണ്. 60-ാം വയസിലാണ് ഗൗരി എന്ന പ്രണയകഥ എഴുതുന്നത്. ആ പ്രായത്തിലും പ്രണയകഥയെഴുതാം എന്നതിന് ഉത്തമദൃഷ്ടാന്തമായിരുന്നു ഗൗരി. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷവും ആ കഥ അതിന്റെ ചൈതന്യം നഷ്ടപ്പെടാതെ നിലനില്ക്കുന്നു എന്നത് എനിക്ക് തന്നെ ഒരു വിസ്മയമാണ്.'
ധിക്കാരത്തിനുള്ളിലെ പാവം മനസ്
ധ്വനി സാന്ദ്രതയും നിയന്ത്രിത വൈകാരികതയും മിതത്വവും പാലിക്കുന്ന കഥാകൃത്ത് വ്യക്തിജീവിതത്തില്‍ പലപ്പോഴും അതിവൈകാരികത നിറഞ്ഞ പ്രതികരണങ്ങളിലൂടെ കടന്നു പോവാറുണ്ട്.
'ഞാന്‍ എക്സ്ട്രാ സെന്‍സിറ്റീവായ മനുഷ്യനാണ്. അത് ഒരു നല്ല രീതിയല്ലെന്ന് എനിക്കു തന്നെ അറിയാം. അതിന്റെ പേരില്‍ ചില വൈകാരികപ്രകടനങ്ങളുണ്ടായിട്ടുമുണ്ട്. ഒരു പത്രാധിപരുടെ കഴുത്തിന് പിടിക്കേണ്ടി വന്നു. പൊതുവെ എനിക്ക് ക്ഷമ കുറവാണ്. ഞാന്‍ നോവലെഴുതാന്‍ മടിക്കുന്നതിന്റെ ഒരു കാരണവും ഈ അക്ഷമയാണ്. ഒരിക്കല്‍ കോഴിക്കോട്ടു നിന്നും കുറെ കുട്ടികള്‍ എന്നെ കാണാന്‍ വന്നു. അവരോട് സംസാരിക്കാന്‍ കൂട്ടാക്കാതെ ഞാന്‍ തിരിച്ച് അയച്ചു. കാടും പടലും സംസാരിച്ച് സമയം കളയാനുളള വിമുഖത കൊണ്ടായിരുന്നു അത്. മടങ്ങിച്ചെന്ന ശേഷം അവര്‍ എനിക്ക് ഒരു കത്തയച്ചു. തെറിയായിരിക്കുമെന്ന മുന്‍വിധിയോടെയാണ് വായിച്ചു തുടങ്ങിയത്.
പക്ഷേ, വളരെ ആഭിജാത്യം തുളുമ്പുന്ന ശൈലിയില്‍ മനോഹരമായും സംസ്കാര സമ്പന്നമായും എഴുതിയ കത്ത് വായിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ ചെറുതാകുന്ന പോലെ തോന്നി. അവരോട് അങ്ങനെ പെരുമാറിയതില്‍ ഖേദം തോന്നി.'
പലരും ഭയക്കുന്ന പത്മനാഭന് സ്വയം വിലയിരുത്തുന്നത് മറ്റൊരു രീതിയിലാണ്.
'ഞാന്‍ ഭയങ്കരനാണെന്നും ധിക്കാരിയാണെന്നും കരുതുന്നവരുണ്ട്. കുറച്ച് ധിക്കാരം ഉണ്ടെന്നുളളത് സത്യമാണ്്. പക്ഷേ, അതിനുളളില്‍ ഒരു പാവം മനുഷ്യനുമുണ്ട്. അത് പലരും കാണുന്നില്ലെന്ന് മാത്രം.'
ഇഷ്ടപ്പെടാത്ത കറികള്‍
സാഹിത്യഅക്കാദമിയുടെ പല പുരസ്കാരങ്ങളും നിഷേധിച്ച ടി. പത്മനാഭന് മറ്റ് പല പുരസ്കാരങ്ങളും ഇരുകൈയും നീട്ടി സ്വീകരിക്കുകയുണ്ടായി. മൂന്ന് പേര് ചേര്‍ന്നിരുന്ന് മികവ് നിര്‍ണ്ണയിക്കുന്നതിലെ പാപ്പരത്തവും യുക്തിരാഹിത്യവുമായിരുന്നു മുന്‍പ് പത്മനാഭനെ പുരസ്കാര വിമുഖനാക്കിയത്. പത്മനാഭന് സ്വീകരിച്ച പുരസ്കാരങ്ങളും വിരലിലെണ്ണാവുന്നവര്‍ അടങ്ങുന്ന ജഡ്ജിംഗ് കമ്മറ്റി ചേര്‍ന്നെടുക്കുന്ന തീരുമാനത്തിന്റെ പരിണിത ഫലമാണ്. അതിന്റെ വൈരുദ്ധ്യത്തെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു:
'വീട്ടില്‍ ഭക്ഷണമുണ്ടാക്കുമ്പോള്‍ ചില കറികള്‍ നമുക്ക് ഇഷ്ടപ്പെടുന്നു. ചിലത് ഇഷ്ടപ്പെടുന്നില്ല. ഇതിലെ യുക്തി എന്താണെന്ന് പറയാന്‍ സാധിക്കുമോ?'
പത്മനാഭന്റെ വായനക്കാരനായ ഒരു ക്രൈസ്തവ പുരോഹിതന് ഒരിക്കല്‍ പറഞ്ഞു:
'ആത്മാവിന്റെ വിശുദ്ധമായ പ്രാര്‍ത്ഥനകളാണ് പത്മനാഭന്റെ കഥകള്‍.'
അതിന് മറുപടിയായി പത്മനാഭന് പറഞ്ഞു:
'എനിക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്കാരമായി ഞാന്‍ ആ വാക്കുകളെ കാണുന്നു.'
നോവല്‍ എഴുതാത്ത കഥാകൃത്ത്
70 വര്‍ഷമായി കഥകള്‍ എഴുതുന്ന പത്മനാഭന് ഒരിക്കല്‍ പോലും നോവലെഴുതാന്‍ തുനിഞ്ഞിട്ടില്ല. അതേക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ.
'മഹാകാവ്യം എഴുതാതെ മഹാകവിയായ ആളാണ് കുമാരനാശാന്. താന്‍ ഖണ്ഡകാവ്യങ്ങള്‍ മാത്രം എഴുതി മറ്റുളളവരെക്കൊണ്ട് മഹാകവിയെന്ന് വിളിപ്പിക്കുമെന്ന് അദ്ദേഹം സുഹൃത്തുക്കള്‍ക്ക് കത്തെഴുതി. ഒടുവില്‍ അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. എന്നെ സംബന്ധിച്ച് കഥകള്‍ മാത്രമെഴുതി മലയാളത്തിലെ ഏറ്റവും വലിയ കഥാകാരന് എന്ന് തലയെടുപ്പുളള കുറച്ചു പേരെക്കൊണ്ടെങ്കിലും പറയിക്കാന്‍ സാധിച്ചു.'
കുഞ്ഞുണ്ടായാല്‍ മകള്‍ മതി
ഒരു എഴുത്തുകാരന് സമൂഹം കല്പ്പിച്ചുകൊടുത്തിട്ടുളള എല്ലാ ദുശ്ശീലങ്ങളില്‍ നിന്നും മുക്തനാണ് പത്മനാഭന്. അദ്ദേഹം മദ്യപിക്കുകയോ പുകവലിക്കുകയോ മറ്റ് ലഹരികള്‍ക്ക് അടിപ്പെടുകയോ ചെയ്യില്ല. പൂര്‍ണ്ണമായും സസ്യഭുക്കാണ്. പൂച്ചക്കുട്ടികളായിരുന്നു അദ്ദേഹത്തിന് ഏറ്റവും പ്രിയം. ഒരു സമയത്ത് നിരവധി പൂച്ചക്കുട്ടികളെ വളര്‍ത്തിയിരുന്നു.
സ്ത്രീവിരുദ്ധത മുഖമുദ്രയാക്കിയ ചില പുരുഷ എഴുത്തുകാരുടെ ലോകത്ത് തനിക്കൊരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ അത് മകളായാല്‍ മതിയായിരുന്നുവെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.
എല്ലാവരും സഞ്ചരിക്കുന്ന വഴികളില്‍ നിന്ന് മാറി നടക്കാന്‍ ഇഷ്ടപ്പെടുന്ന പത്മനാഭന് ഏത് കാര്യത്തിലും സ്വകീയമായ ധാരണകളുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍-
'എനിക്ക് മക്കളില്ല. ദൈവം വന്നിട്ട് നിനക്ക് ആണ്‍കുട്ടി വേണോ പെണ്‍കുട്ടി വേണോ എന്ന് ചോദിച്ചാല്‍ പെണ്‍കുട്ടി മതിയെന്ന് ഞാന്‍ പറയും. അത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. പക്ഷേ, ഞാന്‍ അങ്ങനെയേ പറയൂ.'
ജീവിതത്തിന്റെ നവതിയിലും എഴുത്തിന്റെ സപ്തതിയിലും പത്മനാഭന് സജീവമാണ്. അദ്ദേഹം കഥകള്‍ എഴുതിക്കൊണ്ടേയിരിക്കുന്നു.
പ്രകാശം പരത്തുന്ന പെണ്‍കുട്ടിയെ പോലെ ജീവിതം ഒരു ദുസ്സഹയാത്രയായി കരുതി വിഷമിക്കുന്ന ഓരോ മലയാളി മനസിലും പത്മനാഭന് കഥകള്‍ ആത്മാവിന്റെ വിശുദ്ധപ്രാര്ത്ഥനയായി, പ്രതീക്ഷയുടെ തിരിനാളമായി ഒരിക്കലും അണയാതെ ജ്വലിച്ചുകൊണ്ടേയിരിക്കുന്നു...



