പഴയ കഥയാണ്.
ഞങ്ങളുടെ നാട്ടില്‍ പണ്ടൊരു വൃദ്ധനുണ്ടായിരുന്നു. മുഷിഞ്ഞ പാന്റ്‌സും നരച്ച കോട്ടും നിറം മങ്ങിയ തൊപ്പിയുമായിരുന്നു വേഷം. പകലൊക്കെ നാടു മുഴുവന്‍ അലഞ്ഞു നടക്കും. ചായക്കടകളിലും കടത്തിണ്ണകളിലും രാത്രി ചെലവഴിക്കും. ഒരുമാതിരി ഭേദപ്പെട്ട രീതിയില്‍ ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കും. ഭാണ്ഡത്തില്‍ സൂക്ഷിച്ചിരുന്ന പഴയ ഇംഗ്ലീഷ് പത്രങ്ങള്‍ ഉറക്കെ വായിക്കും. നാട്ടിലെ കൗതുകവസ്‌തുവായി മരുവിയ ഇദ്ദേഹത്തെ ദേശക്കാര്‍ 'പെനാങ്കന്‍' എന്നാണ് വിളിച്ചുരുന്നത്. മലയയിലെ 'പെനാംഗി'ല്‍നിന്നു വന്നയാളെന്ന നിലയിലാണ് ഈ പേരു പതിഞ്ഞത്.
ഇയാള്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് പെനാംഗിലായിരുന്നത്രെ. അവിടെയുള്ള ഏതോ റബര്‍ എസ്‌റ്റേറ്റില്‍ ജോലി നോക്കിയിരുന്നെന്നാണ് കേട്ടിരുന്നത്. യുദ്ധം തീര്‍ന്നപ്പോള്‍ എങ്ങനെയോ നാട്ടില്‍ വന്നു. പട്ടണത്തിലെ ഒരു കടയില്‍ കണക്കെഴുത്തുകാരനായി. അതുകഴിഞ്ഞ് കുറച്ചുകാലം പല ജോലികളും നോക്കി. പിന്നെ നാട്ടുമ്പുറങ്ങളില്‍ അലഞ്ഞുതിരിഞ്ഞു.
ഒരുകാലത്ത് മലയയില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ പോയി തിരിച്ചു വന്ന മലയാളികളുടെ അവസാന പ്രതിനിധിയാവാം എഴുപതുകളില്‍ ജീവിച്ചിരുന്ന ഈ വൃദ്ധന്‍. അയാളുടെ കോട്ടും നരച്ച കാലുറയും മലയന്‍ തൊപ്പിയും ഇംഗ്ലീഷ്, ഹിന്ദി ഭാഷണങ്ങളും പത്രവായനയും നാട്ടുകാര്‍ക്കൊരു രസമായിരുന്നു.
ഞങ്ങള്‍ നേരത്തെ താമസിച്ച ലിറ്റില്‍ ഇന്ത്യന്‍ സ്‌ട്രീറ്റിലെ പ്രധാന ഹോട്ടലിലെ പാചകക്കാരനും മലബാറുകാരനുമായ ഒരു നാരായണന്‍, തന്റെ മുത്തച്‌ഛന്‍ പെനാംഗിലെ റബര്‍ത്തോട്ടങ്ങളില്‍ ജോലിയെടുക്കാനായി കേരളത്തില്‍നിന്ന് കുടിയേറിയ ആളായിരുന്നെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ നാട്ടുമ്പുറത്തെ പഴയ വൃദ്ധനെ ഓര്‍ത്തുപോയി.
കപ്പലിലെ നരകയാത്ര
ഇന്നിപ്പോള്‍ മലേഷ്യയില്‍ പോകുന്നത് എളുപ്പമാണ്. നെടുമ്പാശേരിയില്‍നിന്ന് വിമാനം കയറിയാല്‍ പെട്ടെന്ന് അവിടെയെത്താം. പണ്ട് അതായിരുന്നില്ല സ്‌ഥിതി. പെനാംഗായിരുന്നു പ്രധാന മാര്‍ഗം. മംഗലാപുരത്തു നിന്നും മദ്രാസില്‍നിന്നുമൊക്കെ പോകുന്ന കപ്പലുകളുടെ ഡക്കില്‍ അഭയാര്‍ഥികളെപ്പോലെ ഇരുന്നും നിന്നും ദിവസങ്ങളോളം സഞ്ചരിച്ചാണ് പെനാംഗിലെ മണ്ണില്‍ സാധാരണക്കാരായ മലയാളികള്‍ ചെന്നിറങ്ങിയിരുന്നത്. അക്കാലത്ത് കോലാലമ്പൂരും സിംഗപ്പൂരുമൊന്നും ഇത്രമാത്രം വികസിച്ചിരുന്നില്ല. അതുകൊണ്ട് മലയന്‍ സ്വര്‍ഗഭൂമിയയിലേക്കുള്ള മലയാളികളുടെ ചവിട്ടുപടിയായി പെനാംഗ് വര്‍ഷങ്ങളോളം വിളങ്ങി.
അക്കാലത്ത് പെനാംഗിലേക്കുള്ള മലയാളികളുടെ ദുരിതയാതയെക്കുറിച്ച് മഹാസഞ്ചാരിയായിരുന്ന എസ്.കെ.പൊറ്റെക്കാട്ട് വര്‍ണിച്ചിരിക്കുന്നത് വായിച്ചാല്‍ നമ്മുടെ ഹൃദയമുരുകിപ്പോകും. അദ്ദേഹത്തിന്റെ വിവരണം നോക്കുക: ''കപ്പലിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ സ്‌ഥിതി ഭയങ്കരമാണ്. കപ്പലിന്റെ അടിത്തട്ടിലെ ഇരുട്ടറകളിലും ചരക്കുപത്തായങ്ങള്‍ക്കു മുകളിലും നിലത്തുമായിട്ടാണ് മൂന്നാം ക്ലാസുകാരെ കുടിയിരുത്തിയിരിക്കുന്നത്. നിലം കൈവശപ്പെടുത്താന്‍ അവസരം കിട്ടാത്തവരും അവശരും ചുട്ടുപൊള്ളുന്ന എന്‍ജിന്‍മുറിയുടെ പുറത്തും ചരക്കുചാക്കുകളുടെ ഓരായങ്ങളിലും കക്കൂസിന്റെ വാതില്‍ക്കലും മറ്റുമായി പറ്റിയിരിക്കുകയാണ്. മുകളിലത്തെ തുറന്ന ഡക്കിലുള്ളവര്‍ക്ക് കാറ്റും മഴയും ഏല്‍ക്കേണ്ടിവരും.''
അപ്രതീക്ഷിതമായി കാറ്റം കോളും വന്നാല്‍ യാത്രക്കാര്‍ക്ക് തങ്ങളുടെ സാധനങ്ങളൊക്കെ കടലിലെറിയേണ്ടിവരും. മലയായില്‍ ഇറങ്ങിയാലും യാത്രക്കാര്‍ക്ക് മൂന്നു ദിവസം 'ക്വാറന്റൈനി'ലിരിക്കണമായിരുന്നു. കോവിഡ് കാലത്ത് ഈ രീതി നമ്മള്‍ക്ക് പരിചിതമായിരുന്നല്ലോ.
മലയാളി സ്‌പര്‍ശം
മലേഷ്യന്‍ മണ്ണില്‍ കാലുകുത്തിയപ്പോള്‍ ഈ രാജ്യവുമായി ബന്ധമുണ്ടായിരുന്ന മലയാളികളെയും മലയാളികള്‍ ആദ്യം വന്നിറങ്ങിയ പെനാംഗ് എന്ന സ്‌ഥലത്തേയുമാണ് ഓര്‍മവന്നത്.
വിലാസിനിയുടെ മിക്ക കൃതികള്‍ക്കും കോലാലമ്പൂരും സിംഗപ്പൂരുമായി ബന്ധമുണ്ട്. ഓര്‍മയിലെത്തുന്ന മറ്റൊരാള്‍ കവി മലേഷ്യാ രാമകൃഷ്‌ണപിള്ളയാണ്. ഒരു മലയാളിയായ ദേവന്‍ നായര്‍ സിംഗപ്പൂരിലെ പ്രസിഡന്റുമായിത്തീര്‍ന്നിട്ടുണ്ട്. മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ മുത്തച്‌ഛന്‍ മലേഷ്യയില്‍ കുടിയേറിയ ഒരു മലയാളിയാണത്രെ.
നമ്മുടെ പറമ്പുകളില്‍ ശാഖകള്‍ വിടര്‍ത്തി നിന്നിരുന്ന മലയന്‍ കേ്ലാണല്‍ ഇനത്തിലുള്ള റബര്‍ മരങ്ങളേയും മലേഷ്യന്‍ റബര്‍ കത്തിയേയും പെനാംഗ് വാഴകളേയും ഇക്കൂട്ടത്തില്‍ സ്‌മരിക്കാം. മലാക്കാ കടലിടുക്കിനോടു ചേര്‍ന്ന് ഉപദ്വീപിന്റെ വടക്കുപടിഞ്ഞാറായി സ്‌ഥിതിചെയ്യുന്ന പെനാംഗ് ഇപ്പോള്‍ മലേഷ്യയിലെ ഒരു സംസ്‌ഥാനമാണ്.
മലയാളി എന്ന മഹാന്‍
പണ്ട് മലയാളിയുടെ ഗള്‍ഫായിരുന്നു മലയ. കൊച്ചിയില്‍നിന്നും തിരുവിതാംകൂറില്‍നിന്നും ഒരു നൂറ്റാണ്ടു മുമ്പു വരെ ഏറ്റവും കൂടുതല്‍ ആളുകള്‍ പോയത് മലയയിലേക്കായിരുന്നു. സിലോണായിരുന്നു തൊട്ടുപിന്നില്‍. അതിനു ശേഷമായിരുന്നു മലബാര്‍ കുടിയേറ്റവും ഗള്‍ഫ് കുടിയേറ്റവുമൊക്കെ നടന്നത്.
പല നൂറ്റാണ്ടുകള്‍ക്കു മുമ്പേതന്നെ മലയാളികള്‍ മലയയില്‍ എത്തിയതായി വിവരമുണ്ട്. പോര്‍ട്ടുഗീസുകാര്‍ മലേഷ്യയിലേക്ക് മലയാളികളെ കൂലിവേലയ്‌ക്ക് കൊണ്ടു പോയതായി പറയപ്പെടുന്നു. 1511 മേയ് രണ്ടിന് പോര്‍ച്ച്‌ഗീസുകാര്‍ അല്‍ഫാണ്‍സോ ഡി അല്‍ബുക്കര്‍ക്കിന്റെ നേതൃത്വത്തില്‍ മലാക്ക പിടിച്ചെടുക്കുമ്പോള്‍ കൊച്ചിയില്‍നിന്ന് പുറപ്പെട്ട അവരുടെ 19 കപ്പലുകളില്‍ സഹായത്തിനായി 600 മലയാളികള്‍ ഉണ്ടായിരുന്നു എന്നാണ് രേഖകള്‍ പറയുന്നത്.
1806ല്‍ പഴശ്ശിയുടെ കലാപം അടിച്ചമര്‍ത്തിയപ്പോള്‍ പഴശ്ശിയുടെ ആളുകളെ പെനാംഗിലേക്കാണ് നാടുകടത്തിയിരുന്നതെന്നും ചരിത്രം പറയുന്നു. അതിനുശേഷം പത്തൊമ്പതാം നൂറ്റാണ്ടില്‍ മലയയിലെ റബര്‍ത്തോട്ടങ്ങളില്‍ പണിയെടുക്കാന്‍ തമിഴര്‍ക്കൊപ്പം മലയാളികളും ഇവിടെ വന്നു. ക്ലാര്‍ക്കുമാര്‍, ജൂനിയര്‍ സൂപ്പര്‍വൈസര്‍മാര്‍, സാങ്കേതിക തൊഴിലാളികള്‍ എന്നീ ജോലികളിലൂടെ ഗവണ്‍മെന്റ് സര്‍വീസിലും സ്വകാര്യ കമ്പനികളിലും ഇവര്‍ കയറിപ്പറ്റി.
റെന്‍ഗാസ്, ലാബു, ജോഹര്‍ ബഹ്‌റു എന്നിവിടങ്ങളിലെ എസ്‌റ്റേറ്റുകളില്‍ പണ്ട് മലയാളം മീഡിയം സ്‌കൂളുകള്‍ നിലവിലുണ്ടായിരുന്നു. ജാപ്പനീസ് അധിനിവേശത്തെത്തുടര്‍ന്ന് ഈ മലയാളം മീഡിയം സ്‌കൂളുകള്‍ അടച്ചുപൂട്ടി. 1931ല്‍, ഇപ്പോയിലെ ജെല്‍ഫ് റോഡില്‍ മലയയിലെ ആദ്യത്തെ മലയാളി വായനശാലയും സ്‌ഥാപിതമായി. എന്നാല്‍, പുതിയ മലേഷ്യയിലെ ജീവിതം ആദായകരമല്ലാതായതോടെ മലയാളികള്‍ ഗള്‍ഫടക്കമുള്ള മേഖലകളിലേക്ക് ഭാഗ്യം തേടി യാത്ര തുടങ്ങിയെന്നു പറയാം. അതോടെയാണ് മലയായിലെ മലയാളിയുടെ 'മലയാളിത്തം' മങ്ങിത്തുടങ്ങിയതെന്ന് തോന്നുന്നു.
ഹോട്ടല്‍, ചെറുകിട കച്ചവടം, വ്യവസായം തുടങ്ങിയ രംഗങ്ങളില്‍ പണ്ടുതൊട്ടേ പയറ്റിത്തെളിഞ്ഞ അനേകം കുടുംബങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ടന്നതും പറയാതെവയ്യ. അടുത്തകാലത്ത് കമ്പ്യൂട്ടര്‍ സോഫ്‌റ്റ്വെയര്‍ മേഖലകളിലും മലയാളിയുവാക്കള്‍ സാന്നിധ്യമറിയിച്ചിരുന്നു.
കുടിയേറ്റനിയമങ്ങള്‍ കര്‍ശനമാക്കിയതും പുതിയതായി രൂപപ്പെടുന്ന രാഷ്‌ട്രീയസാഹചര്യങ്ങളും മലയാളികളെ പിന്തിരിപ്പിക്കുന്ന മറ്റു ചില സംഗതികളാണ്.
ഞാന്‍ ഇന്ത്യനല്ല, തമിഴന്‍!
ഇനി തമിഴരുടെ സ്‌ഥിതി നോക്കാം.
ഞങ്ങള്‍ മലേഷ്യയില്‍ ഇറങ്ങിയപ്പോള്‍ എയര്‍പോര്‍ട്ടിലും പിന്നീട് ലിറ്റില്‍ ഇന്ത്യന്‍ സ്‌ട്രീറ്റിലും ധാരാളം തമിഴരെ കണ്ടുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് വലിയ ആനന്ദവും ആശ്വാസവും തോന്നുകയുണ്ടായി. പക്ഷേ, ഈ സന്തോഷം അധികം നീണ്ടുനിന്നില്ല.
ഇന്ത്യയില്‍ എത്തിച്ചേര്‍ന്ന പ്രതീതിയുണ്ടായെങ്കിലും ഇവിടെക്കണ്ട തമിഴരില്‍ പലരും ഇന്ത്യന്‍ വംശജരല്ല എന്നായിരുന്നു സത്യം. അവരില്‍ ശ്രീലങ്കക്കാരും മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരുമുണ്ട്. ലിറ്റില്‍ ഇന്ത്യന്‍ സ്‌ട്രീറ്റിലുള്ള ഒരു കടയിലെ ചന്ദ്രശേഖരന്‍ എന്ന തമിഴ് മുതലാളിയുമായി സംസാരിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് താനൊരു ശ്രീലങ്കന്‍ തമിഴ് ൈക്രസ്‌തവനാണ് എന്നാണ്. ഇന്ത്യയുമായി അദ്ദേഹത്തിന് കാര്യമായ ബന്ധമോ, താല്‌പര്യമോയില്ല. ഇന്ത്യന്‍ വംശജനായ ഒരു തമിഴ് ൈഡ്രവറോടും ഇന്ത്യയെക്കുറിച്ച് ഞങ്ങള്‍ ചോദിച്ചു. ഭാരതമെന്നു കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ അന്തരംഗവും അഭിമാനപൂരിതമായതായി തോന്നിയില്ല.
പക്ഷേ, മലേഷ്യയിലെ ഇന്ത്യന്‍ വംശജരില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടില്‍നിന്നുള്ളവരാണെന്നാണ് പൊതുവേ പറയാറുള്ളത്. രാജരാജചോളന്റെ കാലം മുതല്‍ അവരിവിടെ ഉണ്ടായിരുന്നു താനും. പത്തും പതിനൊന്നും നൂറ്റാണ്ടുകളിലെ തമിഴ് സാഹിത്യത്തില്‍ ആധുനിക മലേഷ്യന്‍ സംസ്‌ഥാനമായ കെഡയെ 'കദാരം' എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നിട്ടും ഇവിടെ തമിഴര്‍ ഏറെക്കുറെ അന്തര്‍മുഖരായി കാണപ്പെടുന്നു എന്നതാണ് സത്യം. അവര്‍ ചൈനാക്കാര്‍ക്ക് വിധേയപ്പെട്ടു നില്‍ക്കുകയാണെന്നു പോലും നമുക്ക് തോന്നും. സത്യത്തില്‍, ചൈനാക്കാരേക്കാള്‍ ഇന്നാട്ടില്‍ ആദ്യമെത്തിയത് തമിഴരാണെന്ന കാര്യം അവര്‍ വിസ്‌മരിക്കുന്നു. ചെറിയ ജോലികള്‍ ചെയ്‌ത് ബാക്കിസമയം ക്ഷേത്രങ്ങളിലും വീടുകളിലും തമിഴ് മനിതര്‍ ഒതുങ്ങിക്കൂടിക്കഴിയുന്നു.
ഏതാനും നാളുകള്‍ക്കു മുമ്പ് പ്രധാനമത്രി നരേന്ദ്ര മോദി മലേഷ്യയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഇന്ത്യന്‍ വംശജരായ തമിഴരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു.
മലേഷ്യന്‍ സര്‍വകലാശാലയില്‍ നേരത്തെ തന്നെ തിരുവള്ളുവര്‍ ചെയര്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥിതിക്ക് ഇനി തിരുവള്ളുവര്‍ സെന്റര്‍ കൂടി സ്‌ഥാപിക്കുമെന്നാണ് അന്ന് മോദി പറഞ്ഞത്. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ഒരു എം.ജി.ആര്‍. ഫാനാണെന്നും മോദി പറയുകയുണ്ടായി. ഇരു നേതാക്കളും പങ്കെടുത്ത പരിപാടിയില്‍ എം.ജി.ആറിന്റെ പ്രശസ്‌ത സിനിമയായ 'നാളെ നമതെ' എന്ന ചിത്രത്തിലെ പാട്ടിന്റെ നൃത്താവിഷ്‌കാരവും ഉണ്ടായിരുന്നു. പക്ഷേ, തമിഴന്റെ ആത്മാഭിമാനം ഉണര്‍ത്താന്‍ ഇതുകൊണ്ടൊക്കെ സാധിക്കുമോയെന്ന് സംശയം.
ചൈനാക്കാര്‍ പുലികളാണ്!
ചെറിയ കണ്ണുകളും ചപ്പിയ മൂക്കും മഞ്ഞദേഹവും സ്വന്തമായുള്ള ചൈനക്കാരന്‍ നമ്മുടെ എക്കാലത്തെയും കൗതുകവസ്‌തുവാണ്. നമ്മുടെ നാട്ടിലും ഇക്കൂട്ടര്‍ വ്യാപാരത്തിന് വന്നതുകൊണ്ടാണ് ചീനവലയും ചീനച്ചട്ടിയും ചീനഭരണിയും ചീനപ്പട്ടും നമുക്ക് കിട്ടിയത്. പണ്ട് കപ്പലില്‍ വന്നിറങ്ങിയ ചീനക്കാരായ വ്യാപാരികള്‍ മലബാറിലെ പാണ്ടമ്പറമ്പത്തു ഭട്ടതിരിയുടെ ഇല്ലത്ത് വച്ചിട്ടുപോയതാണ് പ്രസിദ്ധമായ 'കോടന്‍ഭരണി' എന്നാണ് 'ഐതിഹ്യമാല'യില്‍ പറയുന്നത്. കോഴിക്കോട്ട് പണ്ട് പ്രത്യേക ചീനത്തെരുവും ഉണ്ടായിരുന്നു.
ഇന്ത്യയുമായി യുദ്ധം ചെയ്യാന്‍ ഹിമാലയ മലനിരകള്‍ കടന്നെത്തിയ ചീനപ്പട്ടാളം നാട്ടില്‍ ഭീതി വളര്‍ത്തിയത് അറുപതുകളിലായിരുന്നു. പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ മരണത്തിനു പോലും ഈ സംഭവം കാരണമാക്കിയെന്നാണ് ശ്രുതി. ഇങ്ങനെയൊക്കെ വ്യത്യസ്‌ത ഭാവങ്ങളില്‍ നിറഞ്ഞൊഴുകുന്ന ചീനാ സംസ്‌കൃതിയുടെ പതാകവാഹകരായ ചൈനക്കാരനെ മലേഷ്യയില്‍ നമ്മള്‍ക്ക് നേരിട്ടു കാണാന്‍ സാധിക്കും.
ഇപ്പോഴത്തെ മലേഷ്യന്‍ വംശജനായ മിക്ക ചീനാക്കാര്‍ക്കും ചൈനയുമായി കാര്യമായ ബന്ധമൊന്നുമില്ലെങ്കിലും നമ്മുടെ കണ്ണില്‍ മലേഷ്യന്‍ ചീനനും ചൈനാക്കാരന്‍ തന്നെ!
ആയിരക്കണക്കിന് വര്‍ഷം മുമ്പു മുതല്‍ മലയായുടെ ഭൂമിയില്‍ ചീനന്‍ പ്രദര്‍ശിപ്പിച്ചുപോന്ന താന്‍പോരിമയും കഴിവും അവര്‍ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു.
ബ്രിട്ടീഷ്‌സര്‍ക്കാരിന്റെ കീഴില്‍ അവരുടെ വ്യക്‌തിത്വം പണയപ്പെടുത്താന്‍ ഇക്കൂട്ടര്‍ ഒരിക്കലും ഒരുക്കമായിരുന്നില്ല. ഇന്ത്യക്കാരെപ്പോലെ അവര്‍ക്ക് ബ്രിട്ടീഷുകാരെ പേടിക്കേണ്ട കാര്യമില്ലായിരുന്നേല്ലാ. രണ്ടാം ലോകമഹായുദ്ധകാലത്ത് പെനാംഗിലൂടെ ജപ്പാന്‍ സൈന്യം കടന്നുകയറിയപ്പോള്‍ മാത്രമാണ് ചീനര്‍ക്ക് ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നത്. ഇത് ചൈനക്കാരന്റെ ആത്മധൈര്യം വര്‍ധിപ്പിക്കുകയാണ് ചെയ്‌തത്.
സാധാരണ മലയക്കാരനും ഇന്ത്യന്‍ വംശജരുമൊക്കെ ചൈനക്കാരുടെ ഈ അതീശത്വം വകവച്ചു കൊടുത്തിരിക്കുന്നു. ഇന്നത്തെ മലേഷ്യയില്‍ ചൈനീസ് സംസ്‌കാരത്തിനും ആചാരങ്ങള്‍ക്കും നല്ല പ്രാധാന്യമുണ്ട്. 2020 ലെ കണക്കനുസരിച്ച് രാജ്യത്തെ പൗരന്മാരില്‍ 23.2% ചീനരാണ്.
ജപ്പാന്‍ എന്ന ഭീകരന്‍!
മലേഷ്യയില്‍ കഴിയുന്ന ചൈനീസ് വംശജരെക്കുറിച്ച് പറയുമ്പോള്‍ അവരോട് ജനിതകമായി സാദൃശ്യം വഹിക്കുന്ന ജപ്പാനെക്കുറിച്ചും ഓര്‍മിച്ചുപോകും. രണ്ടാം ലോകമഹായുദ്ധകാലത്തും മറ്റും ജപ്പാന്‍ സൈന്യം മലേഷ്യയില്‍ നടത്തിയ അക്രമങ്ങള്‍ ചൈനാക്കാരെയാണ് കൂടുതല്‍ ബാധിച്ചതെന്നത് ഒരു വൈരുദ്ധ്യമാണ്.
1941 ഡിസംബര്‍ എട്ടിനാണ് ജാപ്പനീസ് സൈന്യം മലയയില്‍ പ്രവേശിച്ച് ബ്രിട്ടീഷ് സൈനികരെ കീഴടക്കിയത്.
മലയയുടെ പൊതുഭാഷ ജപ്പാന്‍ ഭാഷയിലേക്ക് മാറ്റാന്‍ ജാപ്പനീസ് ശ്രമമുണ്ടായെന്ന് പറയുമ്പോള്‍ സ്‌ഥിതി ഊഹിച്ചാല്‍ മതിയല്ലോ. ജപ്പാന്‍ സൈന്യം യുദ്ധനീക്കങ്ങള്‍ക്ക് സൈക്കിളുകള്‍ വരെ ഉപയോഗിച്ചു. ഇക്കാലയളവിലാണ് മലയന്‍ പീപ്പിള്‍സ് ആന്റി ജാപ്പനീസ് ആര്‍മി സ്‌ഥാപിക്കപ്പെടത്. മലയന്‍ കമ്യൂണിസ്‌റ്റ്കാരും ഇതോടൊപ്പം പ്രവര്‍ത്തനം വിപുലമാക്കി.
1945ല്‍ ജപ്പാന്‍ കീഴടങ്ങിയതോടെയാണ് ഈ അധിനിവേശം അവസാനിച്ചത്. യുദ്ധാനന്തരം ജപ്പാനും മലേഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു. ഇപ്പോള്‍ സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ ജപ്പാനും മലേഷ്യയും അടുത്ത പങ്കാളികളായി പ്രവര്‍ത്തിക്കുന്നു.
കാലം എന്തെല്ലാം അത്ഭുതങ്ങള്‍ വരുത്തുന്നു!
ചരിത്രം ഒരു ഉത്തരാധുനിക നോവല്‍ പോലെ സങ്കീര്‍ണവും ശോകസങ്കുലവുമായ കെട്ടുകഥയായി തോന്നുന്നു!
കെ.ആര്‍. പ്രമോദ്


