നീറുന്ന അസ്വസ്‌ഥതകളുടെ
കാറ്റ് ഊതിനിറച്ച
കാല്‍പന്താകുന്നു
ഓരോ സ്‌ത്രീയും.
ഉരുണ്ട രൂപത്തില്‍
ചുരുണ്ട് കൂടി
ഒതുങ്ങണം എന്ന
ചിന്തയോടെ സൃഷ്‌ടിച്ചത്
പുരുഷ മേധാവിത്വത്തിന്റെ
മൈതാനത്ത്
എത്തിച്ചേര്‍ന്ന
അവളെ
എത്രയോ കാലുകളാണ്
തട്ടിത്തെറിപ്പിക്കുന്നത്
ഗ്യാലറിയില്‍ ഇരുന്ന്
അവരെ കൈയടിച്ച്
പ്രോത്സാഹിപ്പിക്കുന്ന
ദയാരഹിതരായ കാണികള്‍
പുല്‍മൈതാനത്തെ
ജലനനവ്
മഴയുടെയോ
മഞ്ഞിന്റെയോ ഒന്നുമല്ല
അവളുടെ
ചുടു കണ്ണീര്‍ വീണ്
പുല്‍ക്കൊടിയും
വാടി മയങ്ങി
പന്തിനെ തെറിപ്പിച്ച്
വിജയിക്കുന്ന
ഗോള്‍ വല പൊട്ടിച്ചെറിയണം
അവിടെ പ്രതിരോധിക്കാന്‍
ഗോളിയില്ല
നീതിമാനായ
ഏത് റഫറിയാണ്
ചുവപ്പ് കാര്‍ഡ് കാട്ടി
ഇവരെയെല്ലാം പുറത്താക്കുക.
(ഫോണ്‍: 9947725907)



