ഈ കഴിഞ്ഞ ഓശാന ഞായറാഴ്ച ലോകം സാക്ഷ്യം വഹിച്ച ഒരു കാഴ്ചയുണ്ട്. ജറുസലേമിലെ പഴയ നഗരവീഥികളിലൂടെ വിശ്വാസികളെ നയിച്ചു നീങ്ങിയ ലത്തീന്‍ പാത്രിയര്‍ക്കീസിനെയും മറ്റ് സഭാമേധാവികളെയും ഇസ്രയേല്‍ പോലീസ് തടഞ്ഞുനിര്‍ത്തുന്നു. ഇറാനുമായുള്ള യുദ്ധ സാഹചര്യവും സുരക്ഷാ കാരണങ്ങളും മുന്‍നിര്‍ത്തിയായിരുന്നു ഈ നിയന്ത്രണം. നൂറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായാണ് ഒരു സഭാതലവന് തന്റെ ആരാധനാലയത്തിലേക്കുള്ള വഴിയില്‍ ഇത്തരമൊരു വിലക്ക് നേരിടേണ്ടി വരുന്നത്. സംഘര്‍ഷങ്ങളുടെ മുള്‍മുനയില്‍ നില്ക്കുന്ന പശ്ചിമേഷ്യയില്‍നിന്ന് ഈ വാര്‍ത്ത പുറത്തു വരുമ്പോള്‍, ലോകം ഉറ്റുനോക്കിയത് ക്രിസ്തീയ വിശ്വാസത്തിന്റെ ആണിക്കല്ലായ 'തിരുക്കല്ലറ പള്ളി'യിലേക്കാണ്.
ജറുസലേമിലെ ചര്‍ച്ച് ഓഫ് ദ് ഹോളി സെപ്പള്‍ക്കര്‍ അഥവാ തിരുക്കല്ലറ പള്ളി ഈയിടെ വാര്‍ത്തകളില്‍ നിറയാന്‍ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്, മേല്പറഞ്ഞ യുദ്ധസാഹചര്യവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാണെങ്കില്‍, രണ്ടാമത്തേത് പള്ളിക്കുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന ചരിത്രപ്രധാനമായ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ നിര്‍മിതിയെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സംരക്ഷിക്കുന്ന പ്രക്രിയ പുരാവസ്തു ഗവേഷകര്‍ അതീവ താല്പര്യത്തോടെയാണ് നോക്കിക്കാണുന്നത്. പ്രത്യേകിച്ച്, യേശുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന 'എഡിക്യൂള്‍' ഭാഗത്തെ അറ്റകുറ്റപ്പണികളും ഡ്രെയിനേജ് സംവിധാനങ്ങളുടെ പരിഷ്കരണവും ആഗോള ശ്രദ്ധ നേടിയിരുന്നു.
മതസൗഹാര്‍ദത്തിന്റെ കാവലാളുകള്‍
സംഘര്‍ഷങ്ങളുടെയും തര്‍ക്കങ്ങളുടെയും വാര്‍ത്തകള്‍ക്കിടയിലും ജറുസലേമില്‍നിന്ന് ലോകത്തിന് മാതൃകയാക്കാവുന്ന ഒരു വലിയ സന്ദേശമുണ്ട്; അത് തിരുക്കല്ലറ പള്ളിയുടെ കാവല്‍ക്കാരായ രണ്ട് മുസ്ലിം കുടുംബങ്ങളുടെ കഥയാണ്. ൈക്രസ്തവ ലോകത്തെ ഏറ്റവും വിശുദ്ധമായ ഈ പള്ളിയുടെ വാതിലുകള്‍ തുറക്കുന്നതും അടയ്ക്കുന്നതും തലമുറകളായി മുസ്ലിം വിശ്വാസികളാണ്.
പള്ളിയിലെ വിവിധ ൈക്രസ്തവ സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനായി പന്ത്രണ്ടാം നൂറ്റാണ്ടില്‍ സുല്‍ത്താന്‍ സലാഹുദ്ദീന് അയ്യൂബിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. 'നുസൈബെ', 'അല്‍ഹുസൈനി' എന്നീ രണ്ട് പ്രമുഖ പലസ്തീനിയന്‍ കുടുംബങ്ങളാണ് ഈ ദൗത്യം നിര്‍വഹിക്കുന്നത്.
പള്ളിയുടെ വിശുദ്ധ താക്കോല്‍ സൂക്ഷിക്കുന്നത് അല്‍ഹുസൈനി കുടുംബമാണ്. പലസ്തീനിലെ ഏറ്റവും ആദരണീയമായ കുടുംബങ്ങളില്‍ ഒന്നാണിത്. മുഹമ്മദ് നബിയുടെ പരമ്പരയില്‍പ്പെട്ടവരാണെന്ന് കരുതപ്പെടുന്ന ഇവര്‍ക്ക് പലസ്തീന് രാഷ്ട്രീയത്തിലും സാമൂഹിക രംഗത്തും വലിയ സ്വാധീനമുണ്ട്.
താക്കോല്‍ അല്‍ഹുസൈനി കുടുംബം കൈവശം വയ്ക്കുമ്പോള്‍, അത് വാങ്ങി പള്ളിയുടെ വലിയ കവാടം തുറക്കുന്ന ചുമതല നുസൈബെ കുടുംബത്തിനാണ്. മദീനയില്‍നിന്നുള്ള പോരാളികളുടെ വംശപരമ്പരയായ ഇവര്‍ എട്ടാം നൂറ്റാണ്ട് മുതല്‍ ജറുസലേമിലുണ്ട്.
പലസ്തീനിലെ മുസ്ലിംൈക്രസ്തവ ഐക്യത്തിന്റെ ഉത്തമ ഉദാഹരണമായി ഈ കുടുംബങ്ങള്‍ ഇന്നും വാഴ്ത്തപ്പെടുന്നു.
പള്ളിക്കുള്ളിലെ വൈവിധ്യം
തിരുക്കല്ലറ പള്ളിയുടെ ഭരണം ഒരു സഭയുടെ മാത്രം കീഴിലല്ല എന്നത് ശ്രദ്ധേയമാണ്. റോമന്‍ കത്തോലിക്കാ സഭ, ഗ്രീക്ക് ഓര്‍ത്തഡോക്സ്, അര്‍മേനിയന്‍ അപ്പസ്തോലിക്, സിറിയക് ഓര്‍ത്തഡോക്സ്, എത്യോപ്യന്‍ ഓര്‍ത്തഡോക്സ്, കോപ്റ്റിക് ഓര്‍ത്തഡോക്സ് എന്നിങ്ങനെ ആറ് സഭകള്‍ ചേര്‍ന്നാണ് പള്ളി നിയന്ത്രിക്കുന്നത്. ഇവര്‍ തമ്മിലുള്ള കരാര്‍ അനുസരിച്ചാണ് ഓരോ കാര്യങ്ങളും നടക്കുന്നത്. ഇതിന് തെളിവായി പള്ളിയുടെ പുറത്തെ ഒരു ജനലിന് താഴെ 'അനങ്ങാത്ത ഗോവണി' ഇന്നും കാണാം. 1750കളില്‍ ആരോ വെച്ച ആ ഗോവണി, ആറ് സഭകളുടെയും ഐകകണ്ഠ്യേനയുള്ള അനുവാദമില്ലാതെ മാറ്റാന്‍ പാടില്ല എന്ന കര്‍ശന നിയമം മൂലം ഇന്നും അവിടെത്തന്നെ തുടരുന്നു.
യേശുവിനെ ക്രൂശിച്ച ഗൊല്ഗോഥാ കുന്നും, ശരീരം സുഗന്ധതൈലം പൂശിയ അനോയിന്റിങ് സ്റ്റോണും, ഉയിര്ത്തെഴുന്നേല്പിന്റെ സാക്ഷ്യമായ കല്ലറയും ഉള്‍ക്കൊള്ളുന്ന ഈ പള്ളി വാസ്തുവിദ്യയുടെയും വിശ്വാസത്തിന്റെയും അത്ഭുതമാണ്.
തീജ്വാലാ ശുശ്രൂഷ
എല്ലാ വര്‍ഷവും വലിയ ശനിയാഴ്ച (ഈസ്റ്ററിന് തലേന്ന്) ഈ പള്ളിയില്‍ നടക്കുന്ന 'വിശുദ്ധ അഗ്നി' ശുശ്രൂഷ ലോകപ്രശസ്തമാണ്. കല്ലറയ്ക്കുള്ളില്‍നിന്ന് അത്ഭുതകരമായി അഗ്നി തെളിയുന്നു എന്നാണ് വിശ്വാസം. ഈ അഗ്നി പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളിലേക്ക് പ്രത്യേക വിമാനങ്ങളില്‍ എത്തിക്കാറുണ്ട്.
ഗൊല്ഗോഥാ: പള്ളിയുടെ പ്രധാന പ്രവേശന കവാടത്തിലൂടെ അകത്തു കടന്ന് വലതുവശത്തുള്ള ഗോവണി കയറി മുകളിലേക്ക് ചെന്നാല്‍ 'ഗൊല്ഗോഥാ'യില്‍ എത്താം. യേശുവിനെ ക്രൂശിച്ച സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന ഭാഗമാണിത്.
കുരിശ് സ്ഥാപിച്ച ഇടം: ഇവിടെയുള്ള ഗ്രീക്ക് ഓര്‍ത്തഡോക്സ് അള്‍ത്താരയ്ക്ക് താഴെ ഒരു വെള്ളി വളയം കാണാം. കുരിശ് ഉറപ്പിച്ചിരുന്ന പാറയുടെ ഭാഗമാണതെന്ന് വിശ്വസിക്കപ്പെടുന്നു. തീര്‍ത്ഥാടകര്‍ക്ക് ഇവിടെ തൊട്ടു വന്ദിക്കാന്‍ സാധിക്കും.
പാറയിലെ വിള്ളല്‍: അള്‍ത്താരയുടെ വശങ്ങളിലൂടെ നോക്കിയാല്‍ ഗൊല്ഗോഥാ കുന്നിലെ പാറയുടെ ഭാഗങ്ങള്‍ കാണാം. ക്രൂശീകരണ സമയത്തുണ്ടായ ഭൂകമ്പത്തില്‍ പാറയിലുണ്ടായതെന്ന് കരുതപ്പെടുന്ന ഒരു വലിയ വിള്ളല്‍ ഇന്നും ഇവിടെ ദൃശ്യമാണ്.
അനോയിന്റിങ് സ്റ്റോണ്‍
പള്ളിയുടെ കവാടം കടക്കുമ്പോള്‍ തന്നെ തറയില്‍ കാണുന്ന ചുവപ്പ് കലര്‍ന്ന വലിയൊരു ശിലയാണിത്. ക്രൂശില്നിന്നും ഇറക്കിയ യേശുവിന്റെ ശരീരം അടക്കം ചെയ്യുന്നതിന് മുന്‍പായി സുഗന്ധദ്രവ്യങ്ങള്‍ പൂശി പൊതിയാന്‍ കിടത്തിയത് ഈ കല്ലിലാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ കല്ലിന് മുകളില്‍ എപ്പോഴും സുഗന്ധതൈലങ്ങള്‍ ഒഴിച്ചിട്ടുണ്ടാകും. ഇവിടെ എത്തുന്ന ഭക്തര്‍ തങ്ങളുടെ തൂവാലകളും മറ്റും ഈ കല്ലില്‍ മുട്ടിച്ചു പ്രാര്‍ത്ഥിക്കാറുണ്ട്.
എഡിക്യൂള്‍: പള്ളിയുടെ നടുവിലുള്ള വലിയ താഴികക്കുടത്തിന് താഴെയായി സ്ഥിതി ചെയ്യുന്ന ചെറിയ മന്ദിരമാണിത്. ഇതിനുള്ളിലാണ് തിരുക്കല്ലറ സ്ഥിതി ചെയ്യുന്നത്. എഡിക്യൂളിന് ഉള്ളില്‍ രണ്ട് ചെറിയ മുറികളുണ്ട്. ആദ്യത്തെ മുറി 'ഏഞ്ചല്‍സ് ചാപ്പല്‍' എന്നറിയപ്പെടുന്നു. യേശു ഉയിര്‍ത്തെഴുന്നേറ്റ വിവരം അറിയിക്കാന്‍ ദൂതന് ഇരുന്ന കല്ലിന്റെ ഒരു ഭാഗം ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. ഇതിനുള്ളിലെ വളരെ ചെറിയ രണ്ടാമത്തെ മുറിയിലാണ് യേശുവിനെ അടക്കം ചെയ്ത കല്ലറ. ഒരു സമയം മൂന്ന് നാല് പേര്‍ക്ക് മാത്രമേ ഇതിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയൂ.



