
പലര്‍ക്കും മാനസിക വെല്ലുവിളി നേരിടേണ്ടി വരാറുണ്ട്. ഇത് അവരുമായി അടുത്ത് കഴിയുന്നവരെ വളരെ അധികം ബുദ്ധിമുട്ടിക്കാറുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ ഒരു സംഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍. തന്റെ മുന്നിലെത്തി ഒരു പെണ്‍കുട്ടി തുറന്ന് പറഞ്ഞ അനുഭവങ്ങളാണ് കല മോഹന്‍ കുറിച്ചിരിക്കുന്നത്.
കല മോഹന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;
സങ്കടം കൊണ്ടു വിങ്ങി പൊട്ടിയ മുഖത്തോടെ ആ പെണ്‍കുട്ടി ഇങ്ങനെ പറഞ്ഞു തുടങ്ങി.. കോളേജില്‍ നിന്നും അവധിക്കു നാട്ടില്‍ എത്തിക്കൊണ്ടിരിക്കുമ്പോ ആണ് അമ്മയുടെ ഫോണ്‍ വരുന്നത്.. അച്ഛന് വിളിക്കാന്‍ വന്നിട്ടുണ്ട്, മോള് സൂക്ഷിക്കണം, കാറിന്റെ വാതില്‍ തുറന്നിട്ടേക്കു.. നിലവിളിച്ചു കൊണ്ടാണ് അമ്മ സംസാരിക്കുന്നത്.. പിന്നെയും എന്തൊക്കെയോ പറയുന്നു.. അച്ഛനെ പറ്റി ഒരുപാട് കാര്യങ്ങള്‍... ഒരു മോളും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വസ്തുതകള്‍.. അതും പാവം അച്ഛനെ കുറിച്ച്.. ! എത്രയോ നാളുകളായി തുടങ്ങിയ പ്രശ്നങ്ങള്‍.. തീരെ ചെറുപ്പത്തില്‍, ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നിട്ടുണ്ട്.. അമ്മയുടെയും അച്ഛന്റെയും വഴക്കിന്റെ ഒച്ച കേട്ടിട്ട്... ഭിത്തിയോട് ചേര്‍ന്നിരുന്നു അവരെ നോക്കി നേരം വെളുപ്പിക്കും.. ഈ ഇടയായിട്ടാണ് അമ്മ അച്ഛനെ കുറിച്ച്, ഇത്രയും മോശമായി സംസാരിക്കുന്നത്.. അതും തന്നോട്, അച്ഛന് മോശമായി പെരുമാറും എന്നൊക്കെ..
യാത്രയില്‍ ഉടനീളം ഞാന്‍ കരഞ്ഞു.. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് എന്നെ ചേര്‍ത്ത് പിടിച്ചു.. അവനെന്റെ ജീവിതത്തില്‍ എത്തിയിട്ട്, മൂന്ന് വര്‍ഷമായി.. പൊതുവെ എനിക്ക് ആളുകളെ നമ്പാന്‍ പാടാണ്.. മറ്റൊരാളെ ഉള്‍കൊള്ളാന്‍ സമയമെടുക്കും.. പക്ഷെ, എന്റെ കൂട്ടുകാരനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. വിവാഹം എന്ന ഉപാധി ഇല്ലാതെ, ജീവിതം മുന്നോട്ടു കൊണ്ടു പോകാനാണ് എനിക്ക് ഇഷ്ടം.. അവനെന്റെ കൂടെ വേണമെന്നില്ല.. ഈ തരുന്നത് എന്തോ, അത്രയും മതി.. ഒന്നിനും അല്ലാതെ ഒരാളെ സ്നേഹിക്കുന്ന നിമിഷങ്ങള്‍.. അതിന്റെ തീവ്രത വാക്കുകള്‍ക്ക് അതീതമാണ്.. ആ ഇടത്ത് നിന്നും കിട്ടുന്ന ചെറിയ തലോടല്‍ എത്ര വലിയ പ്രശ്നങ്ങളെയും ഇല്ലാതാക്കാന്‍ പോന്നതാകും..
എന്തിനാണ് പിന്നെ ഒരുപാട് ബന്ധങ്ങളും സുഹൃത്തുക്കളും.. ഈ ഒരാള്‍ പോരേ? മതി എന്നു തത്കാലം ഉത്തരം.. അവളില്‍ ദാമ്പത്യം എന്നത് ഒരു പേടി സ്വപ്നം ആണ്.. അതു മാറാനുള്ള സമയം കൊടുത്തേ തീരു.. അമ്മയുടെ സ്വഭാവം ഒരുപാട് പ്രശ്നം ഉണ്ടാക്കി തുടങ്ങിയപ്പോള്‍ മാത്രമാണ് അച്ഛന്റെ രോഗം മാറ്റാന്‍ എന്ന പേരില്‍ ഒരു മനഃശാത്രജ്ഞനെ കാണിച്ചത്... എന്നെ ഒരു ദിവസം മുഴുവന്‍ അമ്മ മുറിയില്‍ പൂട്ടി ഇട്ടു.. അച്ഛന് നിന്നെ ബലാത്സംഗം ചെയ്യാന്‍ വരുന്നു എന്നു ഇടയ്ക്ക് ജനാല തുറന്നു പറയും.. കരഞ്ഞു കൊണ്ടു, വീടിന് ചുറ്റും ഓടി നടന്നു.. ആ ദിവസം വരെ അമ്മയെ എന്ത് കൊണ്ടു ഡോക്ടര്‍ നെ കാണിച്ചില്ല എന്ന് ഞാന്‍ ഇപ്പോള്‍ ആലോചിക്കാറുണ്ട്..
വിറ്റാമിന്‍ ഗുളിക എന്ന പേരില്‍ അമ്മയ്ക്കു ഗുളിക കൊടുത്തു. ഞാന്‍ ആണ് കൂടെ നിന്നത്.. ആരെയും വിശ്വാസമില്ലാത്ത അമ്മ എന്നെ മാത്രമേ വിശ്വസിക്കുന്നുള്ളു.. ഞാന്‍ എടുത്തു കൊടുത്താല്‍ ഗുളിക കഴിക്കും.. പറയുന്ന കാര്യങ്ങള്‍ കേള്‍ക്കും.. ഒരുപാട് അംഗങ്ങള്‍ ഉള്ള കുടുംബത്തില്‍, ഞാന്‍ ഇപ്പൊ വലിയ ഒരു കാരണവരുടെ റോളില്‍ ആണ്.. എന്തിനും ഏതിനും എന്നെ ആശ്രയിക്കുന്ന ആളുകള്‍ എന്നില്‍ വല്ലാതെ ഭയമുണ്ടാക്കുന്നു.. എന്നില്‍ ഇനിയും ഉണ്ടാകേണ്ട പക്വതയെ കുറിച്ച് വിശദമായി കാഴ്ചപ്പാടുകള്‍ ഉണ്ടാക്കാന്‍ മത്സരിക്കുന്നു.. ഞാന്‍ അവരോടു മനസ്സ് കൊണ്ടു മതി, ഇനിയും അടുത്ത് വരരുത് എന്നു വിലക്കുന്നത് അവര്‍ അറിയുന്നില്ല.. എന്റെ പത്തോന്പതു വയസ്സില്‍ ഞാന്‍ കണ്ട ജീവിതം, വേറിട്ടതാണ് എന്നത് കൊണ്ടു സമപ്രായക്കാരുമായി ഒത്തുപോകാനും വയ്യ.. അവരില്‍ കാണുന്ന അപരിചിതത്വം നിരാശപെടുത്തുമ്പോള്‍ ഞാന്‍ കൂട്ടത്തില്‍ ഒറ്റപ്പെടുന്നു..
മുതിര്‍ന്നവരുടെ ഇടയിലും വയ്യ.. ആ കഴിഞ്ഞു പോയ ദിനം.. എന്നെ മുറിയില്‍ പൂട്ടിയിട്ട അമ്മ അന്ന് അനുഭവിച്ച അവസ്ഥ.. ഞാന്‍ നേരിട്ട നിസ്സഹായത.. ഞെട്ടല്‍.. അതൊക്കെ എന്നെ മറ്റൊരാള്‍ ആക്കി.. സമയത്ത് അമ്മയ്ക്ക് ചികിത്സ നല്കിയിരുന്നുവെങ്കില്.... ഇതേ പോലെ പലരുണ്ട് സമൂഹത്തില്‍... കണ്ടാലൊരു കുഴപ്പോം ഇല്ല.. ജോലി ചെയ്യുന്നുണ്ട്, കുടുംബം നോക്കുന്നുണ്ട്. എന്നാല്‍ അടിസ്ഥാനമില്ലാത്ത ചില തെളിവില്ലാത്ത മനസ്സില്‍ കടന്നു കൂടിയ വിശ്വാസങ്ങളെ ആണ് delusions എന്ന് പറയുന്നത്.. പങ്കാളിക്ക് മറ്റാരോ ആയി അവിഹിത ബന്ധമുണ്ടെന്ന് വിശ്വസിക്കുക, അതിനെ നിരീക്ഷണം നടത്താന്‍ ആളിനെ വരെ നിയോഗിക്കും.. അതേ പോലെ തനിക്കെന്തോ മാരക രോഗമുണ്ടെന്ന വിശ്വാസം.. എത്ര ഡോക്ടര്‍മാര്‍ ഒന്നുമില്ല എന്ന് പറഞ്ഞാലും അതു വിശ്വസിക്കാതെ ഉണ്ടെന്ന് തന്നെ ചിന്തിച്ചു കൊണ്ടേ ഇരിക്കും.. അതല്ല എങ്കില്‍ തനിക്ക് അമാനുഷിക ശക്തി ഉണ്ടെന്ന് വിശ്വസിച്ചു കൊണ്ട് അതിനെ കുറിച്ച് പറയുന്ന ചിലരെ കാണാറുണ്ട്.. ചികിത്സ എടുക്കാന്‍ അഞ്ചും പത്തും വര്ഷമെടുത്തവരെ അറിയാം.. വൈകുംതോറും തലച്ചോറ് ആ രീതിയില്‍ മാറ്റപെടുക ആണ്.. ആന്റി സൈക്കോട്ടിക് മരുന്നുകള്‍ ആണ് ഇതിന് എടുക്കേണ്ടത്.. തുടക്കത്തില്‍ മരുന്നുകള്‍ എടുത്താല്‍ ഭേദമാക്കാവുന്ന അവസ്ഥയെ വഷളാകുന്ന ഇങ്ങനെ എത്രയോ ജീവിതങ്ങള്‍...






