
ആദ്യ പന്ത് മുതല്‍ ആക്രമണം. ലോകത്തെ കിടയറ്റ ബൗളിംഗ് യൂണിറ്റുകളെല്ലാം വിറച്ചിരുന്ന ബാറ്റിംഗ് നിരയുടെ കാലത്ത് ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് യൂണിറ്റിലെ ഏറ്റവും അപകടകകാരിയായിട്ടാണ് വീരേന്ദ്ര സെവാഗിനെ വിലയിരുത്തുന്നത്. കരിയറിന്റെ വിവിധ ഘട്ടങ്ങളില്‍ പല താരങ്ങള്‍ക്കുമൊപ്പം ടീം ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്ത സെവാഗ് മുന്‍ നായകന്മാരായ സച്ചിനും സൗരവ് ഗാംഗുലിക്കും ഒപ്പം ഓപ്പണറായി വിജയമായിരുന്നു. ആദ്യ പന്തു മുതല്‍ എതിര് ബൗളര്‍മാര്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിച്ചിരുന്ന അദ്ദേഹം മിക്ക മികച്ച ബൗളര്‍മാരെയും അടിച്ചു പറത്തിയിരുന്നു.
ലോകത്ത് ഏകദിനത്തില്‍ ഇരട്ട ശതകം രണ്ടാമത് നേടിയയാളാണ് സെവാഗ്. സച്ചിന് ശേഷം ഈ നേട്ടം കൈവരിച്ച സെവാഗ് പക്ഷേ ഇന്ത്യയ്ക്കായി ട്രിപ്പിള്‍ സെഞ്ച്വറി ടെസ്റ്റില്‍ അടിച്ച ഏക ബാറ്റ്സ്മാനുമാണ്. കരിയറില്‍ ഒരു തവണയല്ല. രണ്ടു തവണ ഈ നേട്ടം സേവാഗ് ടെസ്റ്റില്‍ ഉണ്ടാക്കി. ഇന്ത്യന്‍ ടീമില്‍ സച്ചിന്, ഗാംഗുലി, വിവിഎസ് ലക്ഷ്മണ്, രാഹുല്‍ ദ്രാവിഡ് തുടങ്ങി മിഡില്‍ ഓര്‍ഡറില്‍ ഇതിഹാസ ബാറ്റ്സ്മാന്മാരുടെ നിര വന്‍ മത്സരം ഉയര്‍ത്തുന്ന സമയത്തായിരുന്നു സെവാഗ് കളിക്കാനെത്തിയത്. അക്കാലത്ത് നായകന് സൗരവ് ഗാംഗുലി കൊടുത്ത ഒരു ഉപദേശമായിരുന്നു പിന്നീട് ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡികളില്‍ ഒരാളായി മാറാന്‍ സെവാഗിന് തുണയായത്.
2001 ലെ ശ്രീലങ്കയും ന്യൂസിലന്റും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയില്‍ കളിക്കാനെത്തിയപ്പോള്‍ സെവാഗിനെ നോക്കി ഗാംഗുലി പറഞ്ഞു ''ഞാന്‍, സച്ചിന്, ലക്ഷ്മണ്, ദ്രാവിഡ്. മദ്ധ്യനിരയില്‍ ആള്‍ക്കൂട്ടമാണ്. ഇന്ത്യയ്ക്ക് വേണ്ടി താങ്കള്‍ക്ക് കളിക്കണമെന്നുണ്ടെങ്കില്‍ പോയി ഓപ്പണ്‍ ചെയ്യൂ.'' ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയ സെവാഗ് പിന്നീട് എഴുതിയത് ചരിത്രം. ശ്രീലങ്കയ്ക്ക് എതിരേ 2001 ല്‍ ഓപ്പണറായി ആദ്യ ഏകദിനത്തില്‍ ആദ്യ പന്തില്‍ തന്നെ സെവാഗ് പുറത്തായി. എന്നാല്‍ ഗാംഗുലി വിട്ടില്ല. അതേ പൊസിഷനില്‍ അടുത്ത കളിയിലും ഇറക്കി.
ന്യൂസിലന്റിനെതിരേ പക്ഷേ ഇത്തവണ അദ്ദേഹം കയറിയത് സെഞ്ച്വറിയുമായിട്ടായിരുന്നു. അതും കുറഞ്ഞ പന്തില്‍ നിന്നും. 69 പന്തിലായിരുന്നു സെവാഗിന്റെ സെഞ്ച്വറി. ബാറ്റില്‍ നിന്നും ബൗണ്ടറികള്‍ ഒഴുകി. അന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറിയായിരുന്നു അത്. പിന്നീട് ലോക പ്രശസ്ത ബൗളിംഗ് നിര പോലും സെവാഗിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. 2009 ല്‍ ന്യൂസിലന്റിനെതിരേ തന്നെ 60 പന്തില്‍ സെഞ്ച്വറി നേടിയ സെവാഗ് കെനിയയ്ക്കെതിരേ 22 പന്തില്‍ വേഗമേറിയ ഒരു അര്‍ദ്ധശതകവും നേടിയിരുന്നു.
ടെസ്റ്റുകളില്‍ പോലും ഏകദിനം പോലെ ബാറ്റ് വീശിയ സെവാഗ് 104 ടെസ്റ്റുകളില്‍ 23 സെഞ്ച്വറികളുമായി 8,586 റണ്‍സ് നേടി. പക്ഷേ ഏകദിനമായിരുന്നു അദ്ദേഹം മിന്നിയത്. 251 ഏകദിനങ്ങളില്‍ 15 സെഞ്ച്വറികള്‍ നേടി 8,273 റണ്‍സാണ് കുറിച്ചത്.






