
മുംബൈ : നാലാം നമ്പറിൽ അമ്പാട്ടി റായുഡു മികച്ച പ്രകടനം നടത്തിയിരുന്നതിനാൽ കരിയറിന്റെ അവസാന ഘട്ടത്തിൽ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തുന്ന കാര്യം ആലോചിച്ചിട്ടുപോലുമില്ലെന്ന് മുന്‍ ഇന്ത്യൻ താരം യുവരാജ് സിങ്. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച് കരിയർ അവസാനിപ്പിക്കാനായിരുന്നു മോഹമെങ്കിലും അതും നടന്നില്ലെന്ന് യുവരാജ് ചൂണ്ടിക്കാട്ടി. സ്പോർട്സ്കീഡ പ്രതിനിധിയുമായി നടത്തിയ ലൈവ് ചാറ്റിലാണ് നല്ല രീതിയിൽ കരിയർ അവസാനിപ്പിക്കാൻ കഴിഞ്ഞില്ലെന്ന വിഷമം യുവരാജ് പങ്കുവച്ചത്.
‘2018ലെ ഐപിഎൽ എനിക്ക് അത്ര മികച്ച അനുഭവമായിരുന്നില്ല. അതുകൊണ്ടുതന്നെ അടുത്ത പതിപ്പിൽ (2019) മികച്ച പ്രകടനം കാഴ്ചവച്ച് കരിയർ അവസാനിപ്പിക്കാമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. ആ സമയത്ത് രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടക്കം എന്റെ മനസ്സിലുണ്ടായിരുന്നില്ല. നാലാം നമ്പറിൽ കളിച്ചിരുന്ന അമ്പാട്ടി റായുഡു മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. എന്നെ കൂടാതെ തന്നെ ടീം മുന്നോട്ടുപോകുമെന്ന് ഞാൻ മനസ്സിലാക്കി’ – യുവരാജ് പറഞ്ഞു.
‘രാജ്യാന്തര ക്രിക്കറ്റ് മനസ്സിൽനിന്നും മായ്ച്ചുകളഞ്ഞതോടെ ഐപിഎല്ലിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് കരിയർ അവസാനിപ്പിക്കാനായിരുന്നു ശ്രമം. 2019ലെ ഐപിഎല്ലിൽ മികച്ച തുടക്കം കുറിക്കാനും എനിക്ക് സാധിച്ചു. പക്ഷേ, പ്രതീക്ഷിച്ചതുപോലെ സ്ഥിരത നിലനിർത്താനായില്ല. ടീമിലെ യുവതാരങ്ങൾ തകർപ്പൻ പ്രകടനവുമായി കളം പിടിക്കുകയും ചെയ്തു’ – യുവരാജ് ചൂണ്ടിക്കാട്ടി.
2007ലെ ട്വന്റി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും തകർപ്പൻ പ്രകടനങ്ങളുമായി കളംനിറഞ്ഞ യുവരാജ് സിങ്ങിന്റെ ഓൾറൗണ്ട് മികവാണ് ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്തത്. ഏകദിന ലോകകപ്പിന്റെ താരമായും യുവരാജ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പിന്നീട് അർബുദം ബാധിച്ചതോടെയാണ് യുവിയുടെ കരിയറിലെ തിരിച്ചിറക്കം ആരംഭിക്കുന്നത്. ചികിത്സയ്ക്കു ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് ശക്തമായി തിരിച്ചെത്തിയെങ്കിലും ടീമിലെ സ്ഥാനം നിലനിർത്താൻ കഴിഞ്ഞില്ല. ടീമിൽ വന്നും പോയുമിരുന്ന യുവരാജ് കഴിഞ്ഞ വർഷത്തെ ഐപിഎല്ലിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.
‘ഇന്ത്യയ്ക്കായി ഏതാണ്ട് 400 മത്സരങ്ങൾ കളിച്ച താരമാണ് ഞാൻ. കരിയറിന്റെ പാരമ്യത്തിൽ നിൽക്കുമ്പോഴാണ് അർബുദം സ്ഥിരീകരിക്കുന്നത്. കരിയറിൽ വളരെ തൃപ്തികരമായി മുന്നോട്ടുപോകുമ്പോഴായിരുന്നു ഇത്. കരിയറിന്റെ കാര്യത്തിൽ ഏറെക്കുറെ തൃപ്തനായിരുന്നെങ്കിലും തിരിച്ചുവന്നശേഷം അനാവശ്യ സമ്മർദ്ദം എന്നെ അലട്ടി. വ്യക്തിപരമായി സന്തോഷം കണ്ടെത്താന്‍ സാധിക്കാതെ പോയി. അങ്ങനെയാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള സമയമായെന്ന് മനസ്സിലാക്കിയതും വിരമിക്കാൻ തീരുമാനിച്ചതും’ – യുവരാജ് പറഞ്ഞു.






