
റാഫേല്‍ യുദ്ധവിമാനങ്ങളുടെ പോര്ക്കരുത്തില് ഇന്ത്യ. ഫ്രാന്‍സില്‍നിന്നു വ്യോമസസേനയ്ക്കായി എത്തിക്കുന്ന 36 റാഫേല്‍ യുദ്ധവിമാനങ്ങളില്‍ ആദ്യ അഞ്ചെണ്ണം ഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ ഇന്നലെ പറന്നിറങ്ങി. വ്യോമസേനയുടെ 17 ഗോള്‍ഡന്‍ ആരോയുടെ ഭാഗമാകുന്ന ഇവ ഇന്ത്യയുടെ ആകാശക്കുതിപ്പിനു മിന്നല്ക്കരുത്താകും.
പാക് അതിര്‍ത്തിയില്‍നിന്ന് 220 കിലോമീറ്റര്‍ ഇപ്പുറത്തുള്ള വ്യോമതാവളത്തില്‍ വാട്ടര്‍ സല്യൂട്ടോടെയാണ് ഇന്ത്യ റാഫേലിനെ വരവേറ്റത്. വ്യോമസേനയുടെ ഭാഗമാക്കുന്ന ചടങ്ങ് പിന്നീടേ ഉണ്ടാകൂ. വൈകാതെ ഇവയെ മറ്റ് ഓപ്പറേഷണല്‍ താവളങ്ങളിലേക്കു മാറ്റും.
തിങ്കളാഴ്ച ഫ്രാന്‍സില്‍നിന്നു തിരിച്ച വിമാനങ്ങള്‍ ഇടയ്ക്ക് യു.എ.ഇയിലെ ഫ്രഞ്ച് വ്യോമതാവളത്തില്‍ മാത്രമാണ് ഇറങ്ങിയത്. അവിടെ ഇറങ്ങും മുമ്പുതന്നെ ഗ്രീസിലോ ഇസ്രയേലിലോ കടലിനുമീതേയുള്ള പറക്കലിനിടെ ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കര്‍ വിമാനം ഇന്ധനം നിറച്ചു.
കമാന്‍ഡിങ് ഓഫീസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്കീരത്ത് സിങ്ങിന്റെ നേതൃത്വത്തില്‍ 17 ഗോള്‍ഡന്‍ ആരോയുടെ പൈലറ്റുമാരാണ് റാഫേലിനെ ഇന്ത്യന്‍ മണ്ണില്‍ എത്തിച്ചത്. നേരത്തെ ഇവരെ ഫ്രാന്‍സില്‍ വിളിച്ചുവരുത്തി പരിശീലനം നല്‍കിയിരുന്നു. ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത പ്രവചിച്ചിരുന്ന അംബാലയില്‍ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ അവര്‍ റാഫേലിനെ സുരക്ഷിതമായി ഇറക്കി.
ഇന്ത്യന്‍ സൈനികചരിത്രത്തില്‍ പുതുയുഗത്തിനു തുടക്കമിടുന്നതാണ് റാഫേലിന്റെ രംഗപ്രവേശമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. 36 റാഫേല്‍ വിമാനങ്ങള്‍ക്കായി 59,000 കോടിയുടെ കരാറാണ് ഇന്ത്യ 2016-ല്‍ ഫ്രാന്‍സിന്റെ ദസോള്‍ട്ട് ഏവിയേഷനുമായി ഒപ്പിട്ടത്. കാത്തിരിപ്പിനൊടുവില്‍ റാഫേല്‍ എത്തുന്നതാകട്ടെ, ചൈനയുമായുള്ള അതിര്ത്തിസംഘര്ഷത്തിനിടെയും.
** യുദ്ധമുഖത്തെ മിന്നല്‍പ്പിണര്‍
ബഹുമുഖ യുദ്ധസംവിധാനങ്ങളുള്ളതാണു റഫേല്‍ വിമാനങ്ങള്‍. ചെറിയ അണ്വായുങ്ങള് വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങള്‍ കരയുദ്ധത്തിലും സഹായകമാകും. കപ്പലുകളെയും ആക്രമിക്കാം. ദൗത്യങ്ങള്ക്കനുസരിച്ച് 780 കിലോമീറ്റര്‍ മുതല്‍ 1,650 കിലോമീറ്റര്‍വരെ ആക്രമണപരിധി. ശത്രുവിന്റെ ജാമറുകളെ അതിജീവിക്കാന്‍ കഴിയുന്ന അത്യാധുനിക ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍. ശത്രുവിമാനങ്ങളുള്ള മേഖലയിലും ഉയര്‍ന്ന 'അതിജീവനശേഷി'.
120-150 കിലോമീറ്റര്‍ ദൂരപരിധിയുള്ള വ്യോമ-വ്യോമ "കൊള്ളിമീന്‍" മിസൈല്‍, 300 കിലോമീറ്ററിലേറെ ദൂരപരിധിയുള്ള വ്യോമ-ഭൂതല "സ്കാപ്" ക്രൂസ് മിസൈലുകളും വിമാനത്തിലുണ്ടാകും. ആകാശയുദ്ധത്തില്‍ ലോകത്തെ ഏറ്റവും മികച്ചതാണ് കൊള്ളിമീന്‍ മിസൈല്‍. നിലവില്‍ ചൈനയ്ക്കും പാകിസ്താനും ഈ വിഭാഗത്തില്‍പെട്ട മിസൈലുകളില്ല. ഓരോ റഫേല്‍ വിമാനത്തിലും രണ്ട് സ്കാപ് ക്രൂസ് മിസൈലുകളുമുണ്ടാകും.
കിഴക്കന്‍ ലഡാക്കിലെ പര്‍വതമേഖലകള്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ബങ്കറുകളും മറ്റ് ഒളിത്താവളങ്ങളും നശിപ്പിക്കാന്‍ കഴിയുംവിധം രൂപകല്‍പ്പന ചെയ്ത, 20-70 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഹാമറുകള്‍ വിമാനങ്ങളില്‍ ഘടിപ്പിക്കാനും പദ്ധതിയുണ്ട്. ഇതോടെ പാകിസ്താന്റെ എഫ്-16, ജെ.എഫ്.-17, ചൈനയുടെ ചെങ്ദു ജെ-20 യുദ്ധവിമാനങ്ങളേക്കാള്മേല്ക്കൈ റഫേലിനു ലഭിക്കും. അണ്വായുധ വാഹകശേഷിയുള്ള എംഐസിഎ ആയുധ സംവിധാനവും റഫേലില്‍ ഉള്‍പ്പെടുത്തും.
ഇന്ത്യക്കു പ്രത്യേകമായി 13 ആധുനിക സജ്ജീകരണങ്ങള്‍ ഉള്പ്പെടുത്തിയശേഷമാകും വിമാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാകുക.
** വീരോചിതം വരവേല്‍പ്പ്
23 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വ്യോമസേനയില്‍ പുതുതായി എത്തുന്ന വിദേശനിര്‍മിത പോര്‍വിമാനങ്ങള്‍ക്കു ഗംഭീര വരവേല്‍പ്പേകി ഇന്ത്യ. റാഫേലിനു മുമ്പ് റഷ്യന്‍ നിര്‍മിത സൂഖോയ്-30 പേര്‍വിമാനങ്ങളാണ് സേനയുടെ ഭാഗമായത്. 1997-ല്‍ ആണ് ആദ്യ എസ്.യു.-30 എത്തിയത്.
ഇന്നലെ ഇന്ത്യന്‍ മഹാസമുദ്രത്തിനു മീതേ റാഫേല്‍ എത്തിയതും നാവികസേനാ യുദ്ധക്കപ്പലായ ഐ.എന്‍.എസ്. കൊല്‍ക്കത്ത എതിരേറ്റു. "ആ യശ്ശസ് വാനോളം ഉയരട്ടെ, ഹാപ്പി ലാന്‍ഡിങ്..." എന്നായിരുന്നു വാര്‍ത്താ ഏജന്‍സിക്കുളള കുറിപ്പില്‍ ഐ.എന്‍.എസ്. കൊല്‍ക്കത്തയില്‍ നിന്നുള്ള ആശംസ.
ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്കു റാഫേല്‍ എത്തിയതും ഇന്ത്യയുടെ സൂഖോയ് എസ്.യു. 30 എം.കെ. 1 പോര്‍വിമാനങ്ങള്‍ ഒപ്പമെത്തി. അംബാലവരെ അവ റാഫേലിനെ അനുഗമിച്ചു. "ഇന്ത്യയുടെ ആകാശത്ത് പക്ഷികള്‍ എത്തി" എന്നായിരുന്നു അഞ്ച് റാഫേല്‍ ജെറ്റുകളും രണ്ടു സൂഖോയ് ജെറ്റുകളും എത്തുന്ന ആ ആകാശക്കാഴ്ചയുടെ വീഡിയോ ട്വിറ്ററിലിട്ടു പ്രതിരോധമന്ത്രിയുടെ ട്വീറ്റ്.
വ്യോമസേനാ തലവന്‍ ആര്.കെ.എസ് ബദൂരിയ അടക്കമുള്ളവരാണ് റാഫേലിനെയും പൈലറ്റുമാരെയും വരവേല്‍ക്കാനെത്തിയത്. "കളി മാറ്റുന്നവന്" എന്നാണ് വ്യോമസേനാ മുന്‍ തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ റഫേലിനെ വിശേഷിപ്പിച്ചതും. റഫേലിനായി ഏറെ വാദിച്ചയാളായിരുന്നു ധനോവ.
കനത്ത സുരക്ഷയിലാണ് റാഫേലിനെ രാജ്യം വരവേറ്റത്. വ്യോമതാവളത്തില്‍ ചിത്രമെടുക്കുന്നതുള്പ്പെടെ തടഞ്ഞ് ജില്ലാ ഭരണകൂടം 12 മണിക്കൂറത്തേക്ക് 144 പ്രഖ്യാപിച്ചിരുന്നു.
** സംസ്കൃതത്തില്‍ സ്വാഗതമോതി പ്രധാനമന്ത്രി
റാഫേല്‍ വിമാനങ്ങളെ എതിരേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സംസ്കൃതത്തിലുള്ള ട്വീറ്റ്. കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍നിന്നു പുറപ്പെട്ട അഞ്ചു വിമാനങ്ങള്‍ അംബാലയിലെ വ്യോമതാവളത്തില്‍ ഇറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു ട്വീറ്റ്.
"രാജ്യത്തെ രക്ഷിക്കുന്നതുപോലെ മഹത്തരമായ കര്‍മം മറ്റൊന്നില്ല, രാജ്യ രക്ഷപോലെ പരമമായ മറ്റൊരു ധര്മമില്ല. അതിലും വലിയൊരു യാഗമില്ല. അതിലുമുപരി മറ്റൊന്നില്ല. കീര്‍ത്തിയോടെ ആകാശം തൊടുക. സുസ്വാഗതം" എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
വ്യോമസേനാ ചിഹ്നത്തിന്റെ ഭാഗമായ ആപ്തവാക്യത്തിലൂന്നിയായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. നഭഃ സ്പര്‍ശം ദീപ്തം എന്നാണ് സംസ്കൃതത്തില്‍ വ്യോമസേനയുടെ ചിഹ്നത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്. കീര്‍ത്തിയോടെ ആകാശം തൊടുക-എന്നാണ് അര്‍ഥം.
റാഫേലിന്റെ യുദ്ധക്ഷമതയെ പ്രകീര്‍ത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും രംഗത്തെത്തി. വ്യോമസേനയുടെ പ്രഹരക്ഷമതയെ റാഫേല്‍ പലമടങ്ങ് വര്‍ധിപ്പിക്കുമെന്നും ഇത് പ്രാദേശിക ശാക്തിക സന്തുലനം രാജ്യത്തിന് അനുകൂലമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രാന്‍സില്‍നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തിനു പ്രധാനമന്ത്രിയെ രാജ്നാഥ് അഭിനന്ദിച്ചു. അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയുടെ പേര് പരാമര്‍ശിക്കാതെ മുന്നറിയിപ്പ് നല്‍കാനും അദ്ദേഹം മറന്നില്ല.
** ആദ്യം സ്വാഗതം ചെയ്ത് നാവികസേന
വ്യോമസേനയുടെ അഭിമാനമാകാന്‍ എത്തിയ റാഫേല്‍ വിമാനങ്ങളെ ആദ്യം സ്വാഗതം ചെയ്തത് നാവികസേന. പടിഞ്ഞാറന്‍ അറബിക്കടലില്‍ വിന്യസിച്ചിരിക്കുന്ന ഐ.എന്‍.എസ്. കൊല്‍ക്കത്തയാണ് രാവിലെ അബുദാബിയില്‍നിന്നു പുറപ്പെട്ട വിമാനങ്ങളെ ശബ്ദസന്ദേശം വഴി സ്വാഗതം ചെയ്തത്. "ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് സ്വാഗതം. കീര്‍ത്തിയോടെ ആകാശം തൊടാന്‍ സാധിക്കട്ടെ" എന്നായിരുന്നു റാഫേല്‍ കമാന്ഡര്ക്കയച്ച സന്ദേശത്തിന്റെ ഉള്ളടക്കം.
ഫ്രാന്‍സിലെ മെറിനിയാക് വ്യോമതാവളത്തില്‍നിന്ന് തിങ്കളാഴ്ച രാത്രിയാണ് അഞ്ച് റാഫേല്‍ വിമാനങ്ങള്‍ അബുദാബി വ്യോമതാവളത്തിലെത്തിയത്. ഒരു ദിവസം അവിടെ തങ്ങിയശേഷം ഇന്നലെ രാവിലെ യാത്ര പുനഃരാരംഭിച്ചു. 2,700 കിലോമീറ്റര്‍ യാത്ര ചെയ്ത് പാക് വ്യോമപാത ഒഴിവാക്കി ഗുജറാത്തിലൂടെയാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്കെത്തിയത്. അഞ്ചു വിമാനങ്ങള്‍ക്കും മിറാഷ് എസ്.യു. 30 എം.കെ.ഐ. വിമാനങ്ങള്‍ അകമ്പടിസേവിച്ചു. അകമ്പടിക്കുപരിയായി വിമാനങ്ങള്‍ക്കു സുരക്ഷയൊരുക്കുകയെന്ന ദൗത്യമാണ് മിറാഷിന്റെ സാന്നിധ്യത്തിനു പിന്നിലെന്നു പ്രതിരോധരംഗത്തെ വിദഗ്ധര്‍ സൂചിപ്പിച്ചു. ഫ്രാന്‍സില്‍നിന്ന് 7000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്ര മൂന്നു ദിവസം കൊണ്ടാണ് റാഫേല്‍ സംഘം പൂര്‍ത്തിയാക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെ അംബാലയിെല വ്യോമ താവളത്തിലിറങ്ങിയ പുതിയ അതിഥികളെ സ്വീകരിക്കാന്‍ വിപുലമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. പാക് അതിര്‍ത്തിയില്‍നിന്ന് 300 കിലോമീറ്റര്‍ മാത്രം അകലെയുള്ള അംബാല നഗരത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചിത്രങ്ങളെടുക്കുന്നതിനും വീഡിയോഗ്രഫിക്കും വിലക്കുണ്ടായിരുന്നു.
** സവിശേഷതകള്‍
ഫ്രഞ്ച് നിര്‍മിത ഇരട്ട എന്ജിന്
വിവിധോദ്ദേശ്യ യുദ്ധവിമാനം
ആകാശത്ത് ഇതര വിമാനങ്ങളെ നേരിടാനും
ഭൂമിയിലെ ലക്ഷ്യങ്ങളെ തകര്‍ക്കാനുമുള്ള ശേഷി
അംബാലയിലിറങ്ങിയ അഞ്ചു വിമാനങ്ങളില്‍
മൂന്നെണ്ണത്തില്‍ ഒറ്റസീറ്റും രണ്ടെണ്ണത്തിന്
ഇരട്ട സീറ്റും
പരമാവധി വേഗം മണിക്കൂറില്‍
2,223 കിലോമീറ്റര്‍
ആകെ നീളം: 10.3 മീറ്റര്‍, ഉയരം: 5.3 മീറ്റര്‍,
24,500 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷി.
റെയ്ഞ്ച് 3700 കിലോമീറ്റര്‍
** ആയുധങ്ങള്‍
വ്യോമ-വ്യോമ മിസൈലുകള്‍
വ്യോമ-ഭൂതല മിസൈലുകള്‍
അത്യാധുനിക ആയുധങ്ങള്‍
30 എം.എം. ജിയാറ്റ് തോക്ക്
റഡാര്‍ മുന്നറിയിപ്പ് റിസീവറുകള്‍
ലോ ബാന്‍ഡ് ജാമറുകള്‍
ഇന്‍ഫ്രാറെഡ് തിരച്ചില്‍ സൗകര്യം
ട്രാക്കിങ് സംവിധാനം




