
ബര്‍ഹാംപൂര്‍: കോവിഡ് പതിയെ പിടി മുറുക്കിക്കൊണ്ടിരിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില ഒഡീഷയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുഖ്യമന്ത്രിയുടെ ജില്ലയില്‍. 10,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന ആദ്യ ജില്ലയായി മാറിയിരിക്കുകയാണ് നവീന്‍ പട്നായിക്കിന്റെ ഗഞ്ചാം ജില്ല. വെള്ളിയാഴ്ച 368 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രോഗികളുടെ എണ്ണം 10,364 ആയി. നാലു പേര് വെള്ളിയാഴ്ച മരിക്കുക കൂടി ചെയ്തതോടെ മരണക്കണക്ക് 94 ലേക്ക് ഉയര്‍ന്നിരിക്കുകയാണ്.
അതേസമയം ജില്ലയില്‍ ആക്ടീവ് കേസുകളുടെ എണ്ണം 2900 ആണ്. ഇതുവരെ 7,342 പേര് രോഗമുക്തരായി. രോഗവ്യാപനം ശക്തമായി റിപ്പോര്‍ട്ട ചെയ്യപ്പെട്ട മഹാരാഷ്ട്രയില്‍ നിന്നും ഗുജറാത്തില്‍ നിന്നും മടങ്ങിയെത്തിയ കുടിയേറ്റക്കാരുടെ തിരിച്ചുവരവാണ് സ്ഥിതി വഷളാക്കിയത്. മാര്‍ച്ച് 15 നായിരുന്നു ഒഡീഷയിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഗ്രീന്‍സോണായിരുന്ന ഒഡീഷയിലേക്ക് സൂററ്റില്‍ നിന്നും ഗുജറാത്തില്‍ നിന്നും കുടിയേറ്റ തൊഴിലാളികള്‍ വരാന്‍ തുടങ്ങിയതോടെ കേസുകളുടെ എണ്ണവും കൂടി. സൂററ്റില്‍ നിന്നും വന്ന രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മെയ് 2 നായിരുന്നു ഗഞ്ചാമില്‍ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ജില്ലയിലേക്ക് രണ്ടു ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചു വരികയായിരുന്നു. ആദ്യ കേസ് ഉണ്ടായതിന് ശേഷം രോഗികളുടെ എണ്ണം കൂടിക്കൂടി വന്നു.
ജൂണ്‍ 24 ന് തന്നെ കേസുകള്‍ 1000 കടന്നിരുന്നു. ജൂലൈ 4 ന് ഇത് 2000 ആയി. ജൂലൈ 18 ആയപ്പോള്‍ അത് 5000 ലേക്കും ജൂലൈ 25 ന് 8000 ലേക്കും ഉയര്‍ന്നു. ജൂലൈ 27 ആയതോടെ 9000 കേസുകളായ ഗഞ്ചാമില്‍ നിലവില്‍ 10,000 വും കടന്നു. വീടുകള്‍ തോറും കയറിയിറങ്ങി നടത്തിയ ടെസ്റ്റുകളില്‍ നിന്നുമാണ് രോഗികളുടെ എണ്ണം കൂടാന്‍ ഇടയായത്. നഗരങ്ങളില്‍ നിന്നും പരിശോധനങ്ങള്‍ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും നീണ്ടിരിക്കുകയാണ്. തിരികെ എന്നിയ കുടിയേറ്റ തൊഴിലാളികളുടെ ക്വാറന്റൈന് 14 ല്‍ നിന്നും ഏഴാക്കി ചുരുക്കിയതും ഹോം ക്വാറന്റൈന് നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെട്ടതുമാണ് കേസുകള്‍ കൂടാന്‍ കാരണമായി വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.






