
നടി ഷക്കീലയെ കുറിച്ച് സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. ഷക്കീലയെ തനിക്ക് ഇഷ്ടമാണെന്നും അവര്‍ ചങ്കുറപ്പുള്ള സ്ത്രീ ആണെന്നും കല പറയുന്നു. ഇതിന്റെ കാരണവും കല തന്നെ പറയുന്നുമുണ്ട്. ജീവിക്കാന്‍ അവര്‍ ജോലി ചെയ്തു.. അതവരുടെ തൊഴിലാണ്. ഒരു പക്ഷെ, അവരുടേത് നിര്‍ഭാഗ്യകരമായ അവസ്ഥ ആണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം എങ്കിലും.. നട്ടെല്ലുള്ള ഒരു പെണ്ണാണ് അവര്‍... !കുടുംബത്തിനു വേണ്ടി അത്തരം രംഗങ്ങളില്‍ നടിച്ചു എന്ന ഒരുത്തരം അവര്‍ക്കുണ്ട്... സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചു വീഴുന്ന, ലാളനയുടെ അമിതാഹ്ലാദത്തില്‍ വളര്‍ന്നു ജീവിക്കുന്ന ആര്‍ക്കും മനസ്സിലാകാത്ത ഭാഷയാണ് അവരുടേത്.. ചങ്കുറപ്പോടെ, മുഖമുയര്‍ത്തി, വ്യക്തമായ ഉത്തരങ്ങള്‍ നല്കാന് അവര്‍ക്ക് ജീവിതത്തില്‍ നിന്നും കിട്ടിയ പാഠങ്ങള്‍ ധാരാളമുണ്ട്.- കല മോഹന്‍ പറയുന്നു.
കല മോഹന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;
ഷക്കീലയെ ഇഷ്ടമാണെന്നു പറയുന്നത്, feminism കൊണ്ട് മാത്രമല്ല കേട്ടോ. ശെരിക്കും എനിക്ക് അവരെ ഇഷ്ടമാണ്. ജനകീയകോടതിയിലെ, ആ ചര്‍ച്ച കണ്ടു സ്നേഹം തോന്നി. വാക്കുകളുടെ സംസ്!കാരം ആദരവ് ഉണര്‍ത്തി. ജീവിതത്തിന്റെ അങ്ങേയറ്റത്തെ മുനബു വരെ പോയി, ഒരു ജന്മത്തിന്റെ എല്ലാ പച്ചയായ മുഖങ്ങളും കണ്ടു കഴിഞ്ഞ വളരെ അപൂര്‍വ്വം ചിലരുണ്ട് ഭൂമിയില്‍. അവരുടെ കയ്യില്‍ ദുഃഖങ്ങള്‍ സുരക്ഷിതമാണെന്ന് ധാരണയുള്ള ദൈവം ഭദ്രമായി അവരെ അതേല്പ്പിക്കും. ഒന്നുമറിയാതെ, നാടോടുമ്പോ നടുവേ ഓടാന്‍ അവരെ കിട്ടില്ല.. അവരില്‍ പ്രകടനങ്ങള്‍ ഇല്ല. പ്രതികരണം മാത്രം.
സാമൂഹിക പ്രവര്‍ത്തക എന്ന കുപ്പായത്തില്‍ നിന്നു കൊണ്ട്, പല ജീവിതത്തിലോട്ടു ഇറങ്ങി ചെന്നു, കാണാനും കേള്‍ക്കാനും കഴിഞ്ഞ ഒരാളാണ് ഞാന്‍. അതില്‍ എനിക്ക് ദൈവത്തോട് നന്ദി ഉണ്ട്..പറഞ്ഞു കേട്ട കഥകള്‍ അല്ല. ഞാന്‍ കണ്ടതാണ്. '' എനിക്ക് വലുതായി പഠിച്ചു ജോലി കിട്ടിയിട്ട് അപ്പവും മുട്ടക്കറിയും ആവോളം വാങ്ങി തിന്നണം '' അന്ന് ഞാന്‍ സര്‍ക്കാരിന്റെ ഒരു പ്രോജെക്ടില്‍ ജോലി നോക്കുക ആണ്..
അമ്മ വീട്ടുപണി ചെയ്യുന്ന ഇടത്ത് നിന്നും അപ്പം തിന്നാന്‍ കിട്ടും. അമ്മ തരില്ല. എനിക്ക് ജോലി കിട്ടുമ്പോള്‍ ഞാനും വാങ്ങി തിന്നും.. ' മാതൃത്വം എന്നതിന് മറ്റൊരു വശം കൂടി ഉണ്ടെന്നു അറിഞ്ഞ കാലങ്ങള്‍..
ജീവിതസത്യങ്ങള്‍. ഞാന്‍ കണ്ട നേര്‍കാഴ്ച ആണത്.. തുടര്‍ന്ന് 7 വര്‍ഷങ്ങള്‍.. ശുഷ്കിച്ച സ്തനങ്ങളില്‍ മുലപ്പാലില്ലാത്ത അമ്മമാരുടെ മരവിപ്പ്.. ഒരു നേരത്തെ വിശപ്പ് അടക്കാന്‍ സ്വന്തം മകളെ അവളുടെ അച്ഛന് ഭോഗിക്കാന്‍ വിട്ടു കൊടുക്കുന്ന അമ്മയുടെ നിര്‍വികാരത.. വിശപ്പു കൊണ്ട് ആളിക്കത്തുന്ന വയറിനു മുന്നില്‍ സദാചാരം എന്നത് കോമാളിത്തരമാണ്.. ! വയറു നിറച്ചും ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു, സസുഖം കഴിയുന്നവര്‍ക്ക് ഉള്ളതാ,കപട സദാചാരപുതപ്പുകള്...
സ്വന്തം ഭാര്യയുമായി ഇണചേരുമ്പോള് യാഥാസ്ഥികനും, പണത്തിനു വേണ്ടി ശരീരം വില്കുന്നവളോട് മനസ്സില്‍ കെട്ടികിടക്കുന്ന വൈകൃതങ്ങളും പ്രകടിപ്പിക്കുന്ന മാന്യന്മാരുടെ കഥകള്‍, കേട്ടു അറച്ചു പോയിട്ടുണ്ട്.. തെരുവ് പെണ്ണുങ്ങളുടെ ദേഹത്ത് സിഗരറ്റ് കൊണ്ട് കുത്തി പാടുണ്ടാക്കി സന്തോഷിക്കുന്ന പകല്‍ മാന്യന്മാര്.. രഞ്ജിനി ചേച്ചിയോട് എനിക്ക് ബഹുമാനം ഉണ്ട്, എനിക്കിഷ്ടമാണ് അവരെ..ഒരുപക്ഷെ, ചാനല്‍ ആവശ്യപ്പെട്ട ചോദ്യങ്ങള്‍ ആകാം അവര്‍ ഉന്നയിച്ചത്.. അവരുടെ role അതായിരുന്നു, ആ തിരക്കഥയില്‍.. അതിനവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.. ആരെയെങ്കിലും തെറി പറഞ്ഞെ തീരു എങ്കില്‍, അതിനവര്‍ യോജ്യയല്ല.. അവരും ഒരു വ്യക്തിയും സ്ത്രീയും ആണ്.. അവഹേളിക്കുന്നതിനോട് യോജിക്കാനാവില്ല ഇനി, പൊള്ളുന്ന സത്യത്തിന്റെ മര്‍മ്മഭാഗത്ത് ഞാന്‍ ഒന്ന് കുത്തട്ടെ.. സ്ത്രീയെ, സ്ത്രീത്വത്തിനെ വെടക്കാക്കുന്നത് എപ്പോഴും മറ്റൊരുവള്‍/ മറ്റൊരു സ്ത്രീ തന്നെയാണ്.. അതെന്റെ അനുഭവം ആണ്..
ഞാന്‍ ഒരു കൗണ്‍സിലര്‍ ആണ്.. ഫേസ് ബുക്കില്‍ വളരെ ആക്റ്റീവ് ആണ്.. ഒറ്റപെട്ടു ജീവിക്കുന്ന ഒരാളും ആണ്... എന്റെ മുന്നില്‍ ഒരിക്കല്‍, ഫേസ് ബുക്ക് വഴി പ്രശ്നം പരിഹരിക്കാന്‍ ദമ്പതികള്‍ എത്തി.. വളരെ മാന്യന് ആയ പുരുഷന്.. ബഹുമാനത്തോടെ അല്ലാതെ എന്നെ നോക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.. അയാളെ മാറ്റി നിര്‍ത്തി ഞാന്‍ ഭാര്യയോട് സംസാരിക്കുക ആണ്.. '' പുള്ളി നിങ്ങള്‍ വിചാരിക്കുന്നത് പോലെ ഒന്നുമല്ല മാഡം.. ഇങ്ങോട്ട് വരുമ്പോള്‍ നിങ്ങളുടെ ഫോട്ടോ എടുത്തു കാണിച്ചിട്ട് എന്നോട് പറയുക ആണ്.. കണ്ടാല്‍ അറിയാം, ഇവള് ആള് ശെരി അല്ല എന്നു.. '' ഞാന്‍ വിയര്‍ത്തു പോയി.. ഒരു നിമിഷം ഞാന്‍ കൗണ്‍സിലര്‍ അല്ലാതെ ആയി.. എങ്ങനെയോ ആ നിമിഷങ്ങള്‍ ഞാന്‍ തരണം ചെയ്തു.. പിന്നെ ഉള്ള ഓരോ ഇത്തരം കേസുകളിലും ഞാന്‍ ശ്രദ്ധാലു ആയി.. പുരുഷസുഹൃത്തുക്കള്‍, കേസിനു വരുന്നത് ഉള്ളാലെ പലപ്പോഴും ഭയം തോന്നുന്ന അവസ്ഥ..
ഭൂരിപക്ഷം പുരുഷന്മാരുടെ പക്കല്‍ നിന്നും എനിക്ക് നല്ല അനുഭവം തന്നെയാണ്.. എന്നിട്ടും ഞാന്‍, ഒരു പുരുഷസുഹൃത്തിനെ തിരഞ്ഞെടുക്കാന്‍ ഭയപ്പെടുന്നു.. പ്രത്യേകിച്ചും ഈ ഒറ്റപെട്ട അവസ്ഥയില്‍..
എനിക്ക് ഭയം, എന്റെ വര്‍ഗ്ഗത്തിന്റെ തന്റെ മനോഗതിയെ ആണ്.. ഞാന്‍ മൂലം ഒരു പെണ്ണിന്റെ മനസ്സ് വേദനിപ്പിക്കാന്‍ ഒരുക്കമല്ല എന്നത് കൊണ്ടും ഞാന്‍ പുരുഷസൗഹൃദങ്ങളെ പരമാവധി അകറ്റാന്‍ ശ്രമിക്കാറുണ്ട്..
മുകളില്‍ പറഞ്ഞ സ്ത്രീയുടെ കമന്റ് ഞാന്‍ പലവട്ടം ചിന്തിച്ചു.. എന്നില്‍ എവിടെയാണ് ശെരിയല്ലായ്മയുടെ രൂപം? ഞാന്‍ അസാധാരണ സുന്ദരി അല്ല.. എന്നാല്‍ വിരൂപിയും അല്ല.. അത്യാവശ്യം മാംസമുള്ള ശരീരം ആണെന്റേത് എന്നതാണോ ഈ ശെരിയല്ലായ്മ? എന്നെപോലെ proffessional ആയ ഒരു സ്ത്രീയെ വാക്കുകള്‍ കൊണ്ട് , ഒരു കാരണവും കൂടാതെ ഒതുക്കണം എന്നു ആഗ്രഹിക്കുന്നു എങ്കില്‍, ഒറ്റപെട്ടു ജീവിതം കൊണ്ട് പോകുന്ന പാവപെട്ട മറ്റു സ്ത്രീകളുടെ അവസ്ഥ എന്താകും? ഷക്കീല അത്തരം ഒരു വനിത ആണെന്നുള്ളതും അവരെ ക്രൂശിക്കാന്‍ കാരണമാണ്.. പുരുഷന് കൂടെ ഇല്ല എങ്കില്‍ ഒരു സ്ത്രീ അപകടമേഖലയില്‍ ആണെന്നാണോ?
ഇത് വിവാഹതിതായ കുല സ്ത്രീകളുടെ ധാരണ ആണ്.. എന്നിരുന്നാലും, മറ്റു സ്ത്രീകളെ അവഹേളിക്കുന്നതിലും നല്ലതല്ലേ ഭര്തതാവിനെ /മകനെ ഒക്കെ സ്വന്തം നിയന്ത്രണത്തില്‍ ആക്കുന്നത്... മരണത്തിനെ മുഖാമുഖം കണ്ടവന് മാത്രമേ ജീവിതത്തിന്റെ വില അറിയൂ.. മരണം എന്നത് ശാരീരികം മാത്രമല്ല.. ആത്മാവിനെ കുത്തികീറുന്ന അവസ്ഥകളുണ്ട്.. ആ ഒരു ഘട്ടം തരണം ചെയ്തു കഴിഞ്ഞാല്‍ ഉണ്ടല്ലോ.. പിന്നെ ഒരു ധൈര്യമാണ് . എന്തും തരണം ചെയ്യും, നേരിടും.. നിര്‍ഭയത്തോടെ. ഷക്കീല ഭൂമിയില്‍ ചവിട്ടി നിന്നാണ് ഉത്തരങ്ങള്‍ പറഞ്ഞത്..ആ വാക്കുകള്‍ക്ക് ജീവനുണ്ടായിരുന്നു.. എനിക്കു അവരോടു കൊതി തോന്നി.. അവരില്‍ മറ്റു സ്ത്രീകള്‍ അസൂയപ്പെടുന്ന സെക്സ് അപ്പീലിനെ കുറിച്ച് അവര്‍ ബോധവതിയെ അല്ല.. ജീവിക്കാന്‍ അവര്‍ ജോലി ചെയ്തു.. അതവരുടെ തൊഴിലാണ്. ഒരു പക്ഷെ, അവരുടേത് നിര്‍ഭാഗ്യകരമായ അവസ്ഥ ആണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം എങ്കിലും.. നട്ടെല്ലുള്ള ഒരു പെണ്ണാണ് അവര്‍... !കുടുംബത്തിനു വേണ്ടി അത്തരം രംഗങ്ങളില്‍ നടിച്ചു എന്ന ഒരുത്തരം അവര്‍ക്കുണ്ട്... സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചു വീഴുന്ന, ലാളനയുടെ അമിതാഹ്ലാദത്തില്‍ വളര്‍ന്നു ജീവിക്കുന്ന ആര്‍ക്കും മനസ്സിലാകാത്ത ഭാഷയാണ് അവരുടേത്.. ചങ്കുറപ്പോടെ, മുഖമുയര്‍ത്തി, വ്യക്തമായ ഉത്തരങ്ങള്‍ നല്കാന് അവര്‍ക്ക് ജീവിതത്തില്‍ നിന്നും കിട്ടിയ പാഠങ്ങള്‍ ധാരാളമുണ്ട്.. ചേര്‍ത്ത് പിടിച്ചു പോയ്.. ??
കല, കൗണ്‍സലിംഗ് സൈക്കോളജിസ്റ്






