
ന്യൂഡല്‍ഹി: വിമതകലാപത്തിലൂടെ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെയും മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും മുള്‍മുനയില്‍ നിര്‍ത്തിയ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് കോണ്‍ഗ്രസ് ക്യാമ്പില്‍ തിരിച്ചെത്തി. ഇന്നലെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന മൂന്നു മണിക്കൂര്‍ ചര്‍ച്ചയിലാണു മഞ്ഞുരുക്കം. സച്ചിനും മറ്റ് 18 വിമതരുമുയര്ത്തിയ പരാതികള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചുമതലപ്പെടുത്തി.
മൂന്നുനാള്ക്കപ്പുറം നിയമസഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിക്കാനിരുന്ന മുഖ്യമന്ത്രി ഗെലോട്ടിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഒരുപോലെ ആശ്വാസം നല്‍കുന്നതാണ് സച്ചിന്റെ മടക്കം. 200 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിനു വേണ്ട 101-നേക്കാള്‍ ഒന്നു കൂടുതല്‍ തങ്ങള്‍ക്കുണ്ടെന്നായിരുന്നു മുഖ്യമന്ത്രി ഗെലോട്ടിന്റെ അവകാശവാദം. ഇതിനിടെ, നേരത്തെ മറുകണ്ടം ചാടി സര്‍ക്കാരിന്റെ ഭാഗമായ ആറ് ബി.എസ്.പി. എം.എല്‍.എമാരെ വോട്ടെടുപ്പില്‍നിന്നു വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബി.ജെ.പി. എം.എല്‍.എ മദന്‍ ദിലാവറുടെ ഹര്‍ജി സര്‍ക്കാരിനു വീണ്ടും ഇടിത്തീയായി. ഇതില്‍ സുപ്രീം കോടതി ഇന്നു വാദം കേള്‍ക്കാനിരിക്കെയാണ് ഇന്നലെ സച്ചിനുമായി രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കള്‍ ചര്‍ച്ച നടത്തിയത്. തിരിച്ചെത്തിയ പൈലറ്റിന് ഉപമുഖ്യമന്ത്രിപദവും സംസ്ഥാന അധ്യക്ഷപദവിയും തിരിച്ചുനല്കുമോയെന്നു വ്യക്തമല്ല.
ബി.ജെ.പിയിലേക്കില്ലെന്ന് അന്നേ ഞാന്‍ പറഞ്ഞതാണെന്ന് ചര്‍ച്ചയ്ക്കുശേഷം സച്ചിന് പൈലറ്റ് മാധ്യമങ്ങളോടു പറഞ്ഞു. ഒരു മാസം നീണ്ട വിമതപോരാട്ടത്തിനിടെ ഏതാനും ദിവസങ്ങളായി നേതൃത്വവുമായി പൈലറ്റ് ആശയവിനിമയം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.



