
എല്ലാവര്ക്കും സ്വീകാര്യനായ, ആര്‍ക്കും വേഗത്തില്‍ അടുത്തിടപഴകാന്‍ കഴിയുന്ന ചുരുക്കം രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു അരുണ്‍ ജയ്റ്റ്ലി. നരേന്ദ്ര മോഡിയുടെ വലംകൈയും ട്രബിള്‍ ഷൂട്ടറും. ജെയ്റ്റ്ലി ഇല്ലായിരുന്നെങ്കില്‍, അദ്ദേഹത്തിന്റെ തന്ത്രങ്ങളും കണക്കുകൂട്ടലുകളും വിഭവസമാഹരണശേഷിയും ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ നരേന്ദ്ര മോഡി എന്ന പ്രതിഭാസം വിജയിക്കുമായിരുന്നില്ല. ഏതാണ്ട് രണ്ടു ദശാബ്ദക്കാലത്തെ ഉറ്റസുഹൃത്ത്ബന്ധം.
മോഡിയും ജെയ്റ്റ്ലിയും ഒരു നാണയത്തിന്റെ രണ്ടുമുഖങ്ങളായിരുെന്നന്നു പറയാം. പിന്നീടാണ് അമിത്ഷാ രംഗത്തെത്തുന്നത്. മോഡിയെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കി തികച്ചും നാടകീയമായ പശ്ചാത്തലത്തില്‍ 2001-ല്‍ ഗുജറാത്തില്‍ രംഗപ്രവേശനം ചെയ്യിച്ചതിനു പിന്നില്‍ അരുണ്‍ ജയ്റ്റ്ലിയുടെ വലിയ പങ്കുണ്ടായിരുന്നു.
ഗുജറാത്തിലെ ഭീകരമായ ഭൂചലനത്തിന്റെ കെടുതികള്‍ക്കുശേഷം പകച്ചുനിന്ന കേശുഭായി പട്ടേലിനെ മാറ്റി പകരം മോഡിയെ മുഖ്യമന്ത്രിപദത്തില്‍ അവരോധിച്ചത് തികച്ചും ആകസ്മികമായിട്ടാണ്. അന്നു മോഡി ഡല്‍ഹിയില്‍ ബി.ജെ.പി. ജനറല്‍ സെക്രട്ടറിയായിരുന്നു. അന്നു വളര്‍ന്ന സൗഹൃദമാണ് പിന്നീട് മോഡിയെ ദേശീയരംഗത്ത് ഒരു വലിയ പ്രതിഭാസമായി ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചത്. ഏറെ അംഗീകാരമുള്ള വക്കീല്‍, നല്ല പ്രാസംഗികന്, പാര്ട്ടിഭേദമന്യേയുള്ള ബന്ധങ്ങള്‍, നേതാക്കള്‍ക്കിടയിലും കോര്‍പറേറ്റുകളിലും മീഡിയയിലും ഏറെ വിഭവസമ്പത്ത് സമാഹരിക്കാനുള്ള ശേഷിയും പരിചയവും ബന്ധങ്ങളും ഇതൊക്കെ ജെയ്റ്റ്ലിയെ മോഡിയുടെ അവിഭാജ്യ ഭാഗമാക്കി.
കോര്പറേറ്റിലും മീഡിയയിലും പാര്‍ട്ടി ഉന്നതന്മാര്ക്കിടയിലും ഏറെ ബന്ധങ്ങളില്ലാതിരുന്ന മോഡിക്ക് ജയ്റ്റ്ലിയുമായുള്ള സൗഹൃദം വലിയ മുതല്‍ക്കൂട്ടായി. 2002-ലെ ഗുജറാത്ത് കലാപങ്ങള്‍ക്കുശേഷം ഏറെ ശക്തമായി മോഡിയെ ന്യായീകരിച്ചതും അദ്ദേഹത്തിനുവേണ്ടി വാദിച്ചതും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നുതന്നെ മാറ്റണമെന്ന വലിയ മുറവിളി ഉയര്‍ന്നപ്പോള്‍ മോഡിക്ക് തുണയായതും ജെയ്റ്റ്ലിയായിരുന്നു.
ഈ കടപ്പാടാണ് മോഡിയുടെ ഒന്നാം സര്‍ക്കാരില്‍ മോഡിയെപ്പോലെത്തന്നെ അംഗീകാരം കൈയാളാന്‍ അദ്ദേഹത്തിന് കഴിഞ്ഞതിനു കാരണം. മോഡിക്ക് ഏറെ മിത്രങ്ങളെയും സഹായികളെയും കണ്ടെത്താന്‍ ജെയ്റ്റ്ലിക്ക് കഴിഞ്ഞു. ഒപ്പം ഏറെ ശത്രുക്കളേയും. സുബ്രഹ്മണ്യന്‍സ്വാമി, അരുണ്‍ ഷൂറി, രാം ജഠ്മലാനി എന്നിവര്‍ മോഡിയുടെ വിമര്‍ശകരായത് ജെയ്റ്റലിയുമായുള്ള ഭിന്നതമൂലമായിരുന്നു. മോഡിയുടെ മന്ത്രിസഭ തന്നെ വലിയൊരളവുവരെ ജെയ്റ്റ്ലിയുടെ ഇഷ്ടാഭിലാഷ്ടങ്ങളുടെ പ്രതീകംകൂടിയായി. നല്ലൊരു ധനകാര്യമന്ത്രിയും നിയമമന്ത്രിയും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയുമായിരുന്നു ജെയ്റ്റ്ലി. ഏറെപ്പേരെ അദ്ദേഹം നേതൃനിരയിലേക്കുയര്‍ത്തി. ഇഷ്ടമല്ലാത്ത, സ്വന്തം ക്യാമ്പിന്റെ ഭാഗമല്ലാതിരുന്ന പലരെയും പൂര്‍ണമായും നിരാകരിക്കാനും അദ്ദേഹത്തിന് മടിയില്ലായിരുന്നു.
ഒരു തെരഞ്ഞെടുപ്പിലും അദ്ദേഹത്തിനു വിജയിക്കാന്‍ കഴിഞ്ഞില്ല എന്നത് വലിയ അത്ഭുതമാണ്. അമൃത്സറില് 2014-ല്‍ മോഡി തരംഗത്തില്‍പ്പോലും അദ്ദേഹത്തിന് ജയിക്കാനാവാത്തതും ഞെട്ടിച്ചു. പക്ഷെ അത് ഒരുതരത്തിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ ബാധിച്ചില്ല. രസകരമായ കഥകളും സംഭവങ്ങളും പറഞ്ഞ് എല്ലാ പത്രസമ്മേളനങ്ങളും മൂല്യവത്താക്കാന്‍ ജെയ്റ്റ്ലിക്ക് കഴിഞ്ഞിരുന്നു.
ബി.ജെ.പിയുടെ നിയമരംഗത്തെയും രണ്ടു പതിറ്റാണ്ടുകള്‍ ജെയ്റ്റലി നിയന്ത്രിച്ചു. ആദ്യം മുരളീമനോഹര്‍ ജോഷിയുടെയും പിന്നീട് അദ്വാനിയുടെയും ഒടുവില്‍ മോഡിയുടെയും വിശ്വസ്തനാകാന്‍ 1975-ലെ അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയത്തില്‍ ഉദിച്ചുയര്‍ന്ന ഈ ഡല്‍ഹിക്കാരനു കഴിഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് ഡല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് അധ്യക്ഷനെന്ന നിലയ്ക്ക് 19 മാസം ജയില്വാസമനുഭവിച്ചാണ് രാഷ്ട്രീയത്തിലെ തുടക്കം.
പിന്നീട് ജനതാ പാര്‍ട്ടിയിലും ബി.ജെ.പിയിലും ശക്തമായ സാന്നിധ്യമായി. പ്രധാനമന്ത്രി ആകാന്‍ യോഗ്യനായിരുന്നിട്ടും ആ സ്ഥാനത്തേക്ക് എത്താതെപോയ വലിയ നേതാവായിരുന്നു ജെയ്റ്റ്ലി. നല്ല പാര്ലമെന്റേറിയന്, നയതന്ത്രജ്ഞന്, ആസ്വാദകന്, നല്ല ആശയ വിനിമയശേഷിയുള്ളയാള്, നല്ല സുഹൃത്ത്, പക്വത പുലര്‍ത്തുന്ന, എതിരാളി ഇതെല്ലാം അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. നല്ല ഭക്ഷണത്തോടും സുഖജീവിതത്തോടുമുള്ള താല്‍പ്പര്യം ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കി. അതിന്റെ ഇരയായ അദ്ദേഹം 68 വയസ് തികയുന്നതിന് മുമ്പ് നമ്മോട് വിടപറഞ്ഞു.
നരേന്ദ്ര മോഡിക്കു വലിയ നഷ്ടംതന്നെയായിരുന്നു ആ മരണം. 2019-ലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും മാധ്യമ പ്രചാരണങ്ങളുംപോലും നിയന്ത്രിച്ചത് വലിയൊരളവുവരെ ജെയ്റ്റിലി ആയിരുന്നു. ബി.ജെ.പിയിലും ഏറെ പരിഷ്കൃതവും ആധുനികവും ഉദാരവുമായ ഒരു വ്യക്തിത്വമായിരുന്നു ജെയ്റ്റ്ലി. അതുപോലെ മറ്റൊരാള്‍ ഇന്ന് രാഷ്ട്രീയത്തിലില്ല.
ഡോ. ആര്. ബാലശങ്കര്‍
ബി.ജെ.പി. ദേശീയ പരിശീലക സംഘം അംഗമാണ് ലേഖകന്‍. (ഫോണ്‍: 9811971071)






