
അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ഗ്ലാസ്ഗോ ഗെയിംസ് സമ്മാനിച്ചത് ആത്മവിശ്വാസവും വ്യക്തമായ ദിശാബോധവുമാണ്. മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനം നിലനിര്‍ത്തിയതും, മത്സര ഇനങ്ങള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചതും ശുഭകരമാണ്. 2022ലെ ബര്‍മിങ്ങാം ഗെയിംസില്‍ 19 ഇനങ്ങളിലായി 61 മെഡലുകളാണ് ഇന്ത്യ നേടിയത്. ഗ്ലാസ്ഗോയില്‍ പാരാ സ്പോര്‍ട്സ് ഉള്‍പ്പെടെ 16 ഇനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ത്യയ്ക്ക് പരമ്പരാഗതമായി മികച്ച നേട്ടം സമ്മാനിക്കുന്ന ഗുസ്തി പോലുള്ള ഇനങ്ങള്‍ ഇത്തവണ മത്സര പട്ടികയില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും 13 സ്വര്‍ണം, 17 വെള്ളി, ഒന്‍പതു വെങ്കലം ഉള്‍പ്പെടെ 39 മെഡലുകളുമായി നാലാം സ്ഥാനം നിലനിര്‍ത്താനായത് ശ്രദ്ധേയമാണ്.
ഇത്തവണ ഇന്ത്യന്‍ സംഘത്തിന്റെ ഏറ്റവും വലിയ കരുത്തായി മാറിയത് വനിതാ താരങ്ങളാണ്. ഇന്ത്യ നേടിയ 13 സ്വര്‍ണമെഡലുകളില്‍ എട്ടും വനിതകളുടെ സംഭാവനയാണ്. അതില്‍ അഞ്ചു സ്വര്‍ണം ബോക്സിങ് റിങ്ങില്‍ നിന്നാണ്. ആകെ ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും ഉള്‍പ്പെടെ പത്ത് മെഡലുകള്‍ നേടി ബോക്സിങ് ഇന്ത്യന്‍ സംഘത്തിന്റെ ഏറ്റവും വലിയ വിജയകഥയായി. കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിങ്ങില്‍ ഒരു രാജ്യം ആദ്യമായി ഏഴ് സ്വര്‍ണം നേടുന്ന ചരിത്രവും ഇന്ത്യയുടെ പേരിലായി. ഇംഗ്ലണ്ട്, കാനഡ, നോര്‍തേണ്‍ അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ ശക്തമായ വെല്ലുവിളികളെ മറികടന്നാണ് ഈ നേട്ടം എന്നത് അതിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു.അതേസമയം, വെയ്റ്റ്ലിഫ്റ്റിങ് പൂര്‍ണ സംതൃപ്തി നല്‍കിയില്ല. മുഖ്യപരിശീലകന്‍ വിജയ് ശര്‍മ പ്രതീക്ഷിച്ചിരുന്ന 'പത്ത് മെഡല്‍' ലക്ഷ്യം യാഥാര്‍ഥ്യമായില്ല. ഇന്ത്യയ്ക്ക് ലഭിച്ചത് ഒരു സ്വര്‍ണം, ആറ് വെള്ളി, ഒരു വെങ്കലം ഉള്‍പ്പെടെ എട്ട് മെഡലുകളാണ്. 2022ല്‍ വനിതകളുടെ 55 കിലോഗ്രാമില്‍ വെള്ളി നേടിയ ബിന്ദ്യാറാണി ദേവി, 58 കിലോഗ്രാമില്‍ വെങ്കലത്തിലേക്ക് പിന്തള്ളപ്പെട്ടു. പുരുഷന്മാരുടെ 65 കിലോഗ്രാമില്‍ രാജ മുത്തുപാണ്ടിയും സ്വര്‍ണം കൈവിട്ടു വെള്ളിയില്‍ ഒതുങ്ങി. എന്നാല്‍, മീരാബായ് ചാനു മൂന്നാം തുടര്‍ച്ചയായ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം സ്വന്തമാക്കി തന്റെ ഇതിഹാസ പദവി കൂടുതല്‍ ഉറപ്പിച്ചു. വ്യക്തിഗത മികവ് ഒരു ടീമിന്റെ ആത്മവിശ്വാസം എത്രമാത്രം ഉയര്‍ത്തുമെന്ന് അവരുടെ പ്രകടനം വീണ്ടും തെളിയിച്ചു.
അത്ലറ്റിക്സിലും പ്രതീക്ഷ നല്കുന്ന ചിത്രമാണ് ഗ്ലാസ്ഗോ സമ്മാനിച്ചത്. സ്വര്‍ണം നേടാനായില്ലെങ്കിലും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ പത്ത് മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. 2022ലെ എട്ട് മെഡലുകളില്‍ നിന്ന് മുന്നേറ്റമാണിത്. ദീര്‍ഘദൂര ഓട്ടത്തില്‍ ഗുല്‍വീര്‍ സിങ് ഒരു വെള്ളിയും ഒരു വെങ്കലവും നേടി ഒരേ ഗെയിംസില്‍ രണ്ട് മെഡല്‍ നേടുന്ന അപൂര്‍വ നേട്ടം സ്വന്തമാക്കി. കെനിയന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള ലോകോത്തര എതിരാളികള്‍ക്കിടയില്‍ നേടിയ ഈ വിജയം ഇന്ത്യന്‍ അത്ലറ്റിക്സിന്റെ നിലവാരം ഉയരുന്നതിന്റെ വ്യക്തമായ സൂചനയാണ്. ട്രിപ്പിള്‍ ജംപില്‍ പ്രവീണ്‍ ചിത്രവേല്‍, ജാവലിന്‍ ത്രോയില്‍ യശ്വീര് സിങ്, ഡെക്കാത്ലണില് തേജസ്വിന് ശങ്കര്‍, ഡിസ്കസ് ത്രോയില്‍ സീമ എന്നിവര്‍ നേടിയ മെഡലുകളും ഭാവിയിലേക്കുള്ള പ്രതീക്ഷ ശക്തമാക്കുന്നു. അതേസമയം, ലോങ് ജംപില്‍ എം. ശ്രീശങ്കറും ഹൈജംപില്‍ സര്‍വേഷ് കുഷാരെയും സ്വര്‍ണ പ്രതീക്ഷ കൈവരിക്കാനാകാതെ പോയതും, ജാവലിനില്‍ വെള്ളി നേടിയെങ്കിലും ഒളിംപ്യന്‍ നീരജ് ചോപ്ര പ്രതീക്ഷിച്ച നിലവാരത്തിലെത്താതിരുന്നതും കാലാവസ്ഥയുടെ സ്വാധീനം എത്രത്തോളം നിര്‍ണായകമായിരുന്നുവെന്ന് ഓര്‍മിപ്പിക്കുന്നു.
ജൂഡോയില്‍ അസ്മിത ദേയും ഹര്‍ഷ് സിങ്ങും നേടിയ ചരിത്ര സ്വര്‍ണങ്ങളും ശ്രദ്ധേയമാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മുമ്പ് സ്വര്‍ണം നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ ഇനത്തില്‍ രണ്ട് സ്വര്‍ണം ഉള്‍പ്പെടെ നാല് മെഡലുകള്‍ ലഭിച്ചത് ഇന്ത്യന്‍ ജൂഡോയുടെ വളര്‍ച്ചയുടെ പ്രഖ്യാപനമാണ്.
ഗ്ലാസ്ഗോയിലെ ഏറ്റവും പ്രചോദനാത്മകമായ അധ്യായം പാരാ സ്പോര്‍ട്സാണ്. മുഹമ്മദ് ബാസില്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചേര്‍ന്ന് ചരിത്രമെഴുതി. ഇരുപത് വര്‍ഷത്തെ മെഡല്‍ വരള്‍ച്ച അവസാനിപ്പിച്ച് പാരാ അത്ലറ്റിക്സില് ഇന്ത്യ മൂന്ന് സ്വര്‍ണം ഉള്‍പ്പെടെ ആറ് മെഡലുകള്‍ നേടി. പാരാ പവര്‍ലിഫ്റ്റിങ്ങില്‍ ഝണ്ഡു കുമാര്‍ നേടിയ വെങ്കലം കൂടി ചേര്‍ന്നപ്പോള്‍ പാരാ സ്പോര്‍ട്സിലെ ആകെ നേട്ടം ഏഴ് മെഡലുകളായി. ശ്രദ്ധേയമായ മറ്റൊരു വസ്തുത, ഗ്ലാസ്ഗോയ്ക്കു മുന്‍പുള്ള എല്ലാ കോമണ്‍വെല്‍ത്ത് ഗെയിംസുകളും ചേര്‍ത്ത് ഇന്ത്യയുടെ പാരാ സ്പോര്‍ട്സ് മെഡല്‍ നേട്ടം ഏഴ് മാത്രമായിരുന്നു എന്നതാണ്. ഒരു ഗെയിംസില്‍ തന്നെ ആ നേട്ടം ആവര്‍ത്തിക്കാനായത് പാരാ കായികരംഗത്ത് രാജ്യത്തിന്റെ നിക്ഷേപവും പരിശീലന സംവിധാനവും ഫലം കാണുന്നുവെന്നതിന്റെ തെളിവാണ്. പുരുഷന്മാരുടെ 100 മീറ്ററില്‍ മുഹമ്മദ് ബാസില്‍ നേടിയ വെള്ളി രാജ്യാന്തര തലത്തില്‍ ഒരു മലയാളി പാരാ അത്ലീറ്റിന്റെ ഏറ്റവും മികച്ച പ്രകടനമായും ചരിത്രത്തില്‍ ഇടം നേടി.ഇനി ഇന്ത്യയുടെ കണ്ണ് അഹമ്മദാബാദിലേക്കാണ്. ആതിഥേയരെന്ന നിലയില്‍ കൂടുതല്‍ വലിയ ഉത്തരവാദിത്തവും പ്രതീക്ഷയും രാജ്യത്തെ കാത്തിരിക്കുന്നു. മികച്ച അടിസ്ഥാനസൗകര്യങ്ങളും ശാസ്ത്രീയ പരിശീലനവും ദീര്‍ഘകാല കായികനയവും ഒരുമിച്ചാല്‍ മാത്രമേ ആതിഥേയരാജ്യത്തിന്റെ നേട്ടം മെഡല്‍ പട്ടികയിലും പ്രതിഫലിക്കൂ.





Comments