
ലോകം ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തില്‍ മുങ്ങിനില്‍ന്ന സമയത്ത്, മറ്റൊരു ഭൂവിഭാഗത്ത് കുട്ടികള്‍ക്ക് ഒരു പന്ത് തൊടാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. സ്‌റ്റേഡിയങ്ങളില്‍ ദേശീയഗാനങ്ങള്‍ മുഴങ്ങുമ്പോള്‍ ഗാസയില്‍ ആംബുലന്‍സുകളുടെ സൈറനുകളായിരുന്നു കേട്ടിരുന്നത്. ലോകത്തിന്റെ ശ്രദ്ധ വിജയഗോളുകളിലേക്കു തിരിഞ്ഞപ്പോള്‍, ഗാസയിലെ അനേകം കുടുംബങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോലും തിരിച്ചറിയാനാകാത്ത അവസ്‌ഥയിലായിരുന്നു. ഈ വൈരുധ്യമാണ് ഇന്നത്തെ മനുഷ്യരാശിയുടെ ഏറ്റവും വലിയ ധാര്‍മ്മിക പ്രതിസന്ധി.
പലസ്‌തീന്‍-അമേരിക്കന്‍ എഴുത്തുകാരിയും ആക്‌ടിവിസ്‌റ്റുമായ സൂസന്‍ അബുല്‍ഹാവ ഗാസയെ അതിജീവിക്കുന്നതിനിടയില്‍ പലസ്‌തീനികളുടെ ഭാഷയും വികാരപ്രകടനവും പോലും നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സാമൂഹികരാഷ്‌ട്രീയ സമ്മര്‍ദങ്ങളെ ശക്‌തമായി വിമര്‍ശിച്ചിരുന്നു. അവരുടെ വിലയിരുത്തല്‍ ഗാസയിലെ യുദ്ധം ബോംബുകളിലൂടെ മാത്രമല്ല, ആഖ്യാനങ്ങളിലൂടെയും നടക്കുന്നുവെന്ന യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഗാസയിലെ യുദ്ധത്തെ ന്യായീകരിക്കാനും രാജ്യാന്തര രാഷ്‌ട്രീയ പിന്തുണ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള വിവിധ പ്രചാരണങ്ങള്‍ അടുത്ത കാലത്തായി ശ്രദ്ധേയമായി. 2025 നവംബറില്‍ റിഫോം ബ്രിട്ടന്റെ നേതൃസംഘത്തിന്റെ ആറുദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനത്തിനായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം 50,000 പൗണ്ടിലധികം ചെലവഴിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഡേവിഡ് ബുള്‍, സ്‌റ്റീഫന്‍ ആറ്റ്‌കിന്‍സണ്‍, അലക്‌സ് വില്‍സണ്‍, ഗവെയ്‌ന്‍ ടൗളര്‍, റാഫേല്ല സെ്‌റ്റഫാനി എന്നിവരടങ്ങിയ സംഘം അധിനിവേശ ഗോലാന്‍ കുന്നുകളും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറിന്റെ കീഴിലുള്ള പോലീസ് ആസ്‌ഥാനവും സന്ദര്‍ശിച്ചു. ഗാസയിലെ ക്ഷാമം 'നുണ'യാണെന്നായിരുന്നു സംഘത്തിലെ ചിലരുടെ പ്രതികരണം. റിച്ചാര്‍ഡ് ടൈസ് റിഫോം ഫ്രണ്ട്‌സ് ഓഫ് ഇസ്രയേലില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ഗാസയില്‍ നാപാം ഘടകങ്ങളുള്ള തീപിടുത്തായുധങ്ങള്‍ ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും രാജ്യാന്തര തലത്തില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഹെബ്രോണില്‍ നിന്നുള്ള എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ലാമ ഖാതിറിന്റെ ഭരണപരമായ തടങ്കല്‍ ഇസ്രയേല്‍ കോടതി വീണ്ടും നീട്ടി. ഔപചാരിക കുറ്റപത്രമോ വിചാരണയോ ഇല്ലാതെ കെട്ടിച്ചമച്ച രഹസ്യ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ തുടരുന്ന ഇത്തരം തടങ്കലുകള്‍ മനുഷ്യാവകാശ സംഘടനകളുടെ കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.
ഡാമണ്‍ ജയിലില്‍ തടവില്‍ കഴിയുന്ന ലാമ ഖാതിര്‍ ഉള്‍പ്പെടെയുള്ള അഞ്ച് വനിതാ പത്രപ്രവര്‍ത്തകര്‍ വൈദ്യപരമായ അവഗണന, മതാചാര നിയന്ത്രണം, പുറംലോകവുമായി ബന്ധം നിഷേധിക്കല്‍, അപമാനകരമായ പരിശോധനകള്‍ എന്നിവ അനുഭവിക്കുന്നതായി പുറത്തുവന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു. പ്രഭാതഭക്ഷണമായി രണ്ട് ടേബിള്‍സ്‌പൂണ്‍ തൈരും ഒരു ടേബിള്‍സ്‌പൂണ്‍ ജാമും മാത്രമാണ് ലഭിക്കുന്നതെന്ന് ലാമ ഖാതിര്‍ വെളിപ്പെടുത്തിയത് ഈ സാഹചര്യത്തിന്റെ പ്രതീകമാണ്.
ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷവും ഡസന്‍ കണക്കിന് പലസ്‌തീന്‍ തടവുകാര്‍ മോചനം ലഭിക്കാതെ ജയിലുകളില്‍ തുടരുകയാണെന്ന് പലസ്‌തീന്‍ പ്രിസണേഴ്‌സ് സ്‌റ്റഡീസ് സെന്റര്‍ വ്യക്‌തമാക്കുന്നു.
2023 ഒകേ്‌ടാബര്‍ ഏഴിന് മുമ്പ് അറസ്‌റ്റിലായ 36 പേരും ഗാസയില്‍ നിന്നുള്ള 43 തടവുകാരും ശിക്ഷ പൂര്‍ത്തിയാക്കിയിട്ടും കസ്‌റ്റഡിയില്‍ തുടരുകയാണ്. നിയമപരമായ ഉത്തരവില്ലാതെ ആളുകളെ തടവില്‍ തുടരുന്നത് രാജ്യാന്തര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
സ്‌ത്രീകള്‍, കുട്ടികള്‍, വയോധികര്‍, ഗുരുതരമായി പരിക്കേറ്റവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരടക്കം രണ്ടായിരത്തോളം പലസ്‌തീനികള്‍ ഇപ്പോഴും കസ്‌റ്റഡിയിലാണെന്നാണ് കണക്കുകള്‍. പട്ടിണി, ചികിത്സാ നിഷേധം, ബന്ധുക്കളുമായി ബന്ധപ്പെടാനുള്ള വിലക്ക് എന്നിവ നിരവധി കുടുംബങ്ങളെ അനിശ്‌ചിതത്വത്തിലാഴ്‌ത്തിയിരിക്കുകയാണ്.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും ഗാസയിലെ ആക്രമണങ്ങള്‍ അവസാനിച്ചില്ല. സാബ്ര മേഖലയിലെ വ്യോമാക്രമണത്തില്‍ ഫെറാസ് അഹമ്മദ് അല്‍-മസ്രിയും ഭാര്യ സല്‍സബീലും അവരുടെ നാല് മക്കളും കൊല്ലപ്പെട്ടു. അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം കത്തിക്കരിഞ്ഞിരുന്നു.
ഇത്തരം സംഭവങ്ങള്‍ ഗാസയിലെ സാധാരണ കുടുംബങ്ങളുടെ ജീവിതം എത്രത്തോളം തകര്‍ന്നുവെന്നതിന്റെ ദാരുണമായ ഉദാഹരണങ്ങളാണ്.
ലോകകപ്പ് ആഘോഷങ്ങള്‍ക്കിടയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും കായിക സംഘടനകളും ഉയര്‍ത്തിയ ചോദ്യം മറ്റൊന്നായിരുന്നു: കളിക്കേണ്ടിയിരുന്ന നൂറുകണക്കിന് പലസ്‌തീന്‍ കായികതാരങ്ങള്‍ ഇന്ന് ജീവനോടെയില്ല. പലസ്‌തീന്‍ ഒളിംപിക് കമ്മിറ്റിയുടെയും ഫുട്‌ബോള്‍ അസോസിയേഷന്റെയും കണക്കുകള്‍ പ്രകാരം അധിനിവേശത്തിനുശേഷം കൊല്ലപ്പെട്ട പലസ്‌തീന്‍ കായികതാരങ്ങളുടെ എണ്ണം ആയിരം കടന്നു. അവരില്‍ 567 പേര്‍ ഫുട്‌ബോള്‍ താരങ്ങളാണ്. ഡസന്‍ കണക്കിന് പരിശീലകര്‍ക്കും ഭരണാധികാരികള്‍ക്കും ജീവന്‍ നഷ്‌ടമായി. നൂറുകണക്കിന് പേര്‍ക്ക് അംഗഭംഗമുണ്ടായി. 42 കായികസൗകര്യങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെടുകയും കായിക അടിസ്‌ഥാനസൗകര്യങ്ങളുടെ ഭൂരിഭാഗവും ഉപയോഗശൂന്യമാകുകയും ചെയ്‌തു.
റഷ്യയെ അതിവേഗം വിലക്കിയ ഫിഫ, ഇസ്രയേലി ഫുട്‌ബോള്‍ അസോസിയേഷനെതിരേ സമാനമായ നടപടി സ്വീകരിക്കാത്തത് ഇരട്ടത്താപ്പാണെന്ന വിമര്‍ശനവും ശക്‌തമാണ്.
ഗാസയുടെ മെസ്സി എന്നറിയപ്പെട്ട പതിനഞ്ചുകാരന്‍ മുഹമ്മദ് റമീസ് അല്‍-സുല്‍ത്താന്‍ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ കുടുംബാംഗങ്ങളോടൊപ്പം കൊല്ലപ്പെട്ടു. റാഷിദ് അല്‍-നിംസ് ഭാര്യയോടും കുഞ്ഞിനോടും ഒപ്പം വ്യോമാക്രമണത്തില്‍ മരിച്ചു.
കുട്ടികളെ പരിശീലിപ്പിച്ചിരുന്ന ഹംദാന്‍ ഖഷ്‌ത, സഹായവിതരണത്തിനായി ക്യൂവില്‍ നില്‍ക്കുമ്പോള്‍ കൊല്ലപ്പെട്ട സുലൈമാന്‍ അല്‍-അബീദ്, ഗാസ ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരിലൊരാളായ മുഹമ്മദ് ബറകത്ത്, വെറും പതിനാലാം വയസ്സില്‍ സുഹൃത്തുക്കളോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വെടിയേറ്റ് മരിച്ച നാജി അല്‍-ബാബ... പട്ടിക നീളുകയാണ്. ഗാസയുടെ കഥ മനുഷ്യരാശിയുടെ ധാര്‍മ്മിക പരീക്ഷണമാണ്.
സ്‌റ്റേഡിയങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ വിജയഗാനങ്ങള്‍ ആലപിക്കുമ്പോള്‍, മറ്റൊരിടത്ത് കുട്ടികള്‍ക്ക് കളിക്കാന്‍ ഒരു മൈതാനം പോലും അവശേഷിക്കുന്നില്ല. കായികം മനുഷ്യരെ ഒന്നിപ്പിക്കുന്ന സര്‍വലൗകിക ഭാഷയാണെന്ന് ലോകം ആവര്‍ത്തിക്കുമ്പോള്‍, ആ ഭാഷ സംസാരിച്ചിരുന്ന കുട്ടികളെയും താരങ്ങളെയും സംരക്ഷിക്കാന്‍ കഴിയാത്ത രാജ്യാന്തര സമൂഹത്തിന്റെ മൗനം ചരിത്രം മറക്കില്ല.
മനുഷ്യത്വത്തിന്റെ യഥാര്‍ഥ ശ്‌മശാനം ഗാസയുടെ അവശിഷ്‌ടങ്ങള്‍ മാത്രമല്ല;അനീതി കണ്‍മുന്നില്‍ കണ്ടിട്ടും പ്രതികരിക്കാതിരിക്കുന്ന ലോകത്തിന്റെ മനസ്സാക്ഷി കൂടിയാണ്.
എ.വി. അനില്‍കുമാര്‍





Comments