
പെട്ടിമുടി: രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ അപകടത്തില്‍പ്പെട്ട പലരും മരണത്തിന് കീഴടങ്ങിയത് പിറ്റേന്ന് രാവിലെയെന്ന് ദൃക്സാക്ഷികള്‍. രാത്രി മുഴുവന്‍ ചെളിയിലാണ്ടു കിടന്ന പലരും രാവിലത്തെ കനത്ത മഴയില്‍ മണ്ണിനടിയില്പ്പെടുകയായിരുന്നുവത്രേ. പലരും മണിക്കൂറുകളോളം പ്രാണനു വേണ്ടി പിടഞ്ഞു.
ഓഗസ്റ്റ് ആറിന് രാത്രി 11 മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. വൈദ്യുതി മുടങ്ങി മൊബൈല്‍ ടവറുകള്‍ നിശ്ചലമായതിനാല്‍ വിവരം പുറത്തറിഞ്ഞില്ല. തൊട്ടടുത്ത ലയങ്ങളിലുള്ളവര്‍ പോലും വിവരമറിഞ്ഞതും രക്ഷാപ്രവര്ത്തനത്തിനെത്തിയതും പിറ്റേദിവസം രാവിലെ. അപകടത്തിലുണ്ടായ മുറിവുകളിലൂടെ രക്തം വാര്‍ന്ന് പലരും മണിക്കൂറുകള്‍ കഴിഞ്ഞാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാണ്.






