
ജനീവ: പാകിസ്താനും തുര്‍ക്കിക്കും ഇസ്ാമിക് സഹകരണ സംഘടനയ്ക്കുമെതിരേ (ഒഐസി) ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ആഞ്ഞടിച്ച് ഇന്ത്യ. ജമ്മുകശ്മീര്‍ തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും ഇന്ത്യ കടുത്ത ഭാഷയില്‍ പറഞ്ഞു.
അടുത്ത രാജ്യത്ത് പ്രശ്നമുണ്ടാക്കാന്‍ ഭീകരരെ പരിശീലിപ്പിച്ച് അയയ്ക്കുന്നത് അഭിമാനമായി കരുതുന്ന പാകിസ്താന് മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് പറയേണ്ടെന്നും പറഞ്ഞു. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് തുര്‍ക്കിയും പാകിസ്താനും നടത്തിയ പരാമര്‍ശങ്ങളാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. പാകിസ്താനെ പിന്തുണച്ച തുര്‍ക്കിക്കും കിട്ടി ചുട്ട മറുപടി. ജനാധിപത്യം എന്താണെന്ന് ആദ്യം വ്യക്തമായി മനസ്സിലാക്കി അത് പ്രാവര്‍ത്തികമാക്കിയിട്ട് വരാനായിരുന്നു തുര്‍ക്കിക്ക് നല്കിയ മറുപടി. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് കര്‍ശനമായ താക്കീതും നല്കി. കശ്മീര്‍ കാര്യത്തില്‍ തങ്ങളുടെ വ്യക്തമായ നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു.
കശ്മീര്‍ അവിഭാജ്യ ഘടകമാണെന്നും ഇന്ത്യയൂടെ ആഭ്യന്തര കാര്യമാണെന്നും ഇക്കാര്യത്തില്‍ ഇസഌമിക് കൗണ്‍സില്‍ ഓര്ഗനൈസേഷന് ഇടപെടേണ്ട കാര്യമില്ലെന്നും പ്രസ്താവനകള്‍ ഇന്ത്യ അര്‍ഹിക്കുന്ന പ്രധാന്യത്തോടെ തള്ളുകയാണെന്നും ഇന്ത്യന്‍ സെക്രട്ടറി പവന് ബാധേ പറഞ്ഞു. ഒഐസിയെ പാകിസ്താന് തന്കാര്യത്തിനായും സ്വന്തം അജണ്ഡ നടത്താനും ദുരുപയോഗം ചെയ്യുകയാണെന്നും പറഞ്ഞു. പാകിസ്ഥാനെതിരേയും ശക്തമായ വിമര്‍ശനമാണ് തൊടുത്തത്.
കുത്സിത ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ വ്യാജവും കെട്ടിച്ചമച്ചതുമായ കാര്യങ്ങളും കഥകളും ഇന്ത്യയ്ക്ക് നേരെ പടച്ചുവിടുന്നത് പാകിസ്താന് സ്വഭാവമാക്കി മാറ്റിയിരിക്കുകയാണ്. ഭീകരതയുടെ കേന്ദ്രവും ന്യുനപക്ഷങ്ങളുടേയും വംശീയ വിഭാഗങ്ങളുടെയും വിഷയത്തില്‍ നിരന്തരം അന്താരാഷ്ട്ര വിചാരണയ്ക്ക് വിധേയമാകുകയും ചെയ്യുന്ന രാജ്യമാണ് പാകിസ്താന്. ജമ്മുകശ്മീരിലേക്ക് ആയിരക്കണക്കിന് ഭീകരരെ പ്രശ്നമുണ്ടാക്കാന്‍ പരിശീലിപ്പിച്ച് അയയ്ക്കുന്നതിനെ അഭിമാനത്തോടെ കാണുന്ന പ്രധാനമന്ത്രിയുമുള്ള ഒരു രാജ്യത്ത് നിന്നും ഇന്ത്യയ്ക്കോ മറ്റ് രാജ്യങ്ങള്‍ക്കോ മനുഷ്യവാകാശത്തിന്റെ കാര്യത്തിലുള്ള അധരവ്യായാമം കേള്‍ക്കേണ്ട കാര്യമില്ല.
പാക് അധീന കശ്മീരിലും ബലൂചിസ്ഥാനിലും ഖൈബര്‍ പഖ്ത്തൂണ്ഖ്വയിലും പാകിസ്താന് സര്‍ക്കാരിന്റെ പിന്തുണയോടെ നടക്കുന്ന കാര്യങ്ങളും ചൂണ്ടിക്കാട്ടി. പാകിസ്താനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വതന്ത്ര പ്രവര്‍ത്തകരുടെയും ശബ്ദങ്ങള്‍ അടിച്ചമര്‍ത്തലിന് ഇരയാകുന്നതും ഇന്ത്യ ചൂണ്ടിക്കാട്ടി.
പാകിസ്താന് അവരുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ കാട്ടുന്ന കാര്യങ്ങള്‍ ജമ്മു കശ്മീരിലും ലഡാക്കിലും ചെയ്യാന്‍ ശ്രമിക്കുകയാണ്്. പാക് അധീന പ്രദേശങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുവിലേക്കും കശ്മീരിലേക്കും ലഡാക്കിലേക്കും അതിക്രമിച്ച് കയറിയതിനെ തുടര്‍ന്ന് കശ്മീരികളുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വരികയാണ്. സിഖ്, ഹിന്ദു, ക്രിസ്ത്യന്‍ ന്യുനപക്ഷങ്ങളില്‍ നിന്നും ആയിരക്കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളും തട്ടിക്കൊണ്ടു പോകലുകള്‍ക്ക് ഇരയായി.
അവരെ പാകിസ്താനില്‍ എത്തിച്ച് നിര്‍ബ്ബന്ധിത മതംമാറ്റത്തിന് വിധേയമാക്കി വിവാഹം കഴിക്കുന്നു. ബലൂചിസ്ഥാനിലെയും ഖൈബര്‍ പഖ്ത്തൂണ്ഖ്വയിലെയും സിന്ധിലെയും ആള്ക്കാര് സമാന വിധിക്ക് ഇരയാകുന്നുണ്ട്. ബലൂചിസ്ഥാനില്‍ പാക് സുരക്ഷാവിഭാഗം കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടു പോകുന്ന കേസുകള്‍ കേള്‍ക്കത്ത ഒരു ദിവസം പോലും ബലൂചിസ്ഥാനില്‍ ഇല്ല. ഇത്തരം വാര്‍ത്തകള്‍ അസഹിഷ്ണുത സൃഷ്ടിക്കുമ്പോള്‍ പാകിസ്താന് ചെയ്യുന്നത് മാധ്യമപ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പോകലാണ്. മാധ്യമപ്രവര്‍ത്തകര്‍ കഴുത്തറുത്ത് കൊലപ്പെടുത്തപ്പെട്ടിട്ടും കൊലപാതകികള്‍ സ്വാതന്ത്ര്യത്തോടെ സൈ്വര്യവിഹാരം നടത്തുന്ന ഏക രാജ്യവും പാകിസ്താനാണെന്ന് ബാധേ പറഞ്ഞു.






