
തിരുവനന്തപുരം: ലൈഫ് മിഷന് ആരോപണങ്ങളുമായി ബന്ധപ്പെട്ടു തന്നെയും തദ്ദേശമന്ത്രിയേയുമൊക്കെ ചോദ്യം ചെയ്യുമെന്ന പൂതി മനസില്‍വച്ചാല്‍ മതിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്. പത്രസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തോട് അത്യന്തം ക്ഷുഭിതനായാണു മുഖ്യമന്ത്രി പ്രതികരിച്ചത്.
വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതു സി.ബി.ഐ. അന്വേഷണസാധ്യത തടയാനാണെന്ന് ആക്ഷേപമുണ്ടല്ലോയെന്നായിരുന്നു ചോദ്യം. അതാണു നിങ്ങളുടെയൊക്കെ മാനസികാവസ്ഥയ്ക്കുള്ള തകരാറെന്നു പറഞ്ഞാണു മുഖ്യമന്ത്രി മറുപടിയാരംഭിച്ചത്. "ഞാന്‍ നന്നാവൂല അമ്മാവാ എന്ന പഴയകാലത്തെ കുട്ടിയുടെ മാനസികാവസ്ഥയില്‍ ചോദ്യം ചോദിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ ഇതാകും അവസ്ഥ.
നിങ്ങളെന്തേ അന്വേഷണം നടത്തുന്നില്ലെന്നായിരുന്നു ആദ്യത്തെ വര്‍ത്തമാനം. അന്വേഷണം തീരുമാനിച്ചപ്പോള്‍ നിങ്ങളെന്തോ ഭയപ്പെട്ടിട്ടാണെന്നായി. യഥാര്‍ത്ഥ വസ്തുത സംബന്ധിച്ചാണ് അന്വേഷണം. അതുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും വേണമെങ്കില്‍ അന്വേഷണ ഏജന്‍സി പറയും. വിജിലന്‍സ് സ്വതന്ത്ര ഏജന്‍സിയാണ്. എന്ത് അസംബന്ധവും വിളിച്ചുപറയാന്‍ നാക്കുണ്ടെന്നു കരുതി എന്തും പറയരുത്.
അതിനല്ലല്ലോ പത്രസമ്മേളനം. നിങ്ങള്‍ക്കു വേറെന്തോ ഉദ്ദേശ്യമുണ്ട്. അതിനു വഴങ്ങാന്‍ തയാറല്ല. വേറെ ഉദ്ദേശ്യം മനസില്‍വച്ചാല്‍ മതി. ആദ്യം മാധ്യമപ്രവര്ത്തകനുണ്ടാവേണ്ട ഗുണം ആര്‍ജിക്കാന്‍ നോക്ക്"-മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കു കീഴില്‍ 12 വകുപ്പുകളുണ്ടെന്നും അവയെക്കുറിച്ച് ആരോപണമുണ്ടാകുമ്പോഴും അന്വേഷിക്കുന്നതു വിജിലന്‍സാണെന്നും പ്രതിപക്ഷാരോപണത്തിനു മറുപടിയായി ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നു.






