കൊച്ചി: ബെന്നി ബെഹനാന് എം.പി യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു. രാജി തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്ന് ബെന്നി ബെഹനാന് മാധ്യമങ്ങളെ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ വേദനിപ്പിച്ചുവെന്നും അടിസ്ഥാനരഹിതമായ പുകമറയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നും ബെന്നി ബെഹനാന് പറഞ്ഞു. സ്ഥാനമൊഴിയണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. എം.എം ഹസനെ കണ്‍വീനറാക്കണമെന്ന നിര്‍ദ്ദേശം കെ.പി.സി.സി ഹൈക്കമാന്‍ഡിന് നല്‍കിയിരുന്നു. തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും ബെന്നി ബെഹനാന് വ്യക്തമാക്കി.
പാര്‍ലമെന്‍്റ് തിരഞ്ഞെടുപ്പ് സമയത്ത് തന്നെ കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ എ ഗ്രൂപ്പില്‍ നിന്ന് ഉമ്മന്‍ ചാണ്ടി തന്നെ നിര്‍ദ്ദേശം വച്ചിരുന്നു. എം.പിയായി തിരക്കുകളിലേക്ക് പോകുന്നതിനാല്‍ ബെന്നി ബെഹനാന് പകരം എ ഗ്രൂപ്പില്‍ നിന്ന് തന്നെയുള്ള എം.എം ഹസനെ കണ്‍വീനറാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ബെന്നി ബെഹനാന് തയ്യാറായില്ല. ഇതേതുടര്‍ന്ന് തീരുമാനം നീണ്ടുപായി. ഉമ്മന്‍ ചാണ്ടിയുടെ നീക്കത്തില്‍ അസ്വസ്ഥനായ ബെന്നി ബെഹനാന് രമേശ് ചെന്നിത്തലയോട് കൂടുതല്‍ അടുത്തു. ഇതിനിടെ ബെന്നിയും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയെ ആദരിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സമയത്ത് രാജി വിഷയം ചര്‍ച്ചയായിരുന്നു. പാര്‍ലമെന്‍്റ് സമ്മേളനങ്ങള്‍ക്ക് ശേഷം രാജിവയ്ക്കാമെന്ന് ബെന്നി അറിയിച്ചിരുന്നു. അതനുസരിച്ചാണ് രാജി പ്രഖ്യാപനമെന്നാണ് കെ.പി.സി.സി വിശദീകരണം. എന്നാല്‍ കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പിനുള്ളില്‍ തന്നെ തര്ക്കങ്ങളുണ്ടായിരുന്നുവെന്ന വ്യക്തമാക്കുന്നതാണ് ബെന്നി ബെഹനാന്െ്റ പ്രസ്താവന. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഖുര്‍ആനെ പരാമര്‍ശിച്ച് പ്രധാനമന്ത്രിക്ക് ബെന്നി ബെഹനാന് പരാതി അയച്ചതും വിവാദമായിരുന്നു.






