
സിഡ്നി: വിക്കറ്റിനു മുന്നിലും പിന്നിലും കൂളായി നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെ നയിച്ചിരുന്ന ഇതിഹാസമായിരുന്നു ക്യാപ്റ്റന്‍ കൂളെന്ന വിശേഷണം സ്വന്തമായ എംഎസ് ധോണി. വിക്കറ്റിനു പിന്നിലെ ധോണി പലപ്പോഴും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളാണ് നടത്തിയിട്ടുള്ളത്. പല റെക്കോര്‍ഡുകളും എംഎസിന് സ്വന്തമാണ്. എന്നാല്‍ വിക്കറ്റിനു പിന്നിലെ ധോണിയുടെ ഒരു റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരം അലിസ ഹീലി.
ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാനാണ് അലിസ ഹീലി. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഭാര്യയുമാണ്. ട്വന്റി20 ക്രിക്കറ്റില്‍ വിക്കറ്റിനു പിന്നില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ക്ക് കളമൊരുക്കിയ താരമെന്ന റെക്കോര്‍ഡാണ് അലിസ സ്വന്തം പേരില്‍ എഴുതിചേര്‍ത്തത്.
92 തവണയാണ് ‘പുറത്താക്കലുകള്‍ക്ക്’ വിക്കറ്റിനു പിന്നില്‍ അലിസ കളമൊരുക്കിയത്. 114 മത്സരങ്ങളിലായി 42 ക്യാച്ചുകളും 50 സ്റ്റംപിങ്ങുമാണ് ഹീലിയുടെ പേരില്‍. 57 ക്യാച്ചുകളും 34 സ്റ്റംപിങ്ങും ഉള്‍പ്പെടെ 91 ഡിസ്മിസലുകളാണ് ധോണിയുടെ പേരിലുണ്ടായിരുന്നത്. പട്ടികയില്‍ രണ്ടാമതുള്ള വനിതാ വിക്കറ്റ് കീപ്പറര് ഇംഗ്ലണ്ട് താരം സാറാ ടെയ്ലറുടെ പേരില്‍ 74 വിക്കറ്റുകളും(പുറത്താക്കല്‍), ഇന്ത്യയുടെ താനിയ ഭാട്ടിയയ്ക്ക് 67 വിക്കറ്റുകളുമാണ് ഉള്ളത്. 50 മത്സരങ്ങളില്‍ നിന്നാണ് ഭാട്ടിയയുടെ നേട്ടം.





