
പത്തനംതിട്ട: നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച് പരാതികള്‍ വന്നു തുടങ്ങിയപ്പോള്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമയേയും കുടുംബത്തെയും രക്ഷിക്കാന്‍ പ്രബലമായ ഒരു ക്രൈസ്തവ സഭ ശ്രമിച്ചതായുള്ള നിക്ഷേപകരുടെ ആരോപണത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയതായി സൂചന. പ്രതികളെ രക്ഷിക്കാന്‍ വേണ്ട കരുക്കള്‍ നീക്കിയത് സഭാ ആസ്ഥാനത്തായിരുന്നു എന്ന വെളിപ്പെടുത്തലാണ് പുറത്തു വന്നിരിക്കുന്നത്.
ഇതിന്റെ ഫലമായിട്ടാണ് എല്ലാ കേസുകള്‍ക്കും ഒറ്റ എഫ്.ഐ.ആര്. മതിയെന്ന ഉത്തരവ് ഡി.ജി.പി. പുറപ്പെടുവിച്ചതെന്നും പറയുന്നു. ഇങ്ങനെ ഒരു യോഗം നടന്നത് സഭാ അധികൃതര്‍ നിഷേധിക്കുന്നില്ല. അത് പക്ഷേ, അരമനയിലല്ല, പുറത്താണെന്നൊരു വിശദീകരണമാണ് ചില മാധ്യമങ്ങള്‍ക്ക് നല്‍കിയത്. സഭ വിഷയത്തില്‍ ഇടപെടുകയും സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് നിക്ഷേപകരുടെ പരാതി.
ആദ്യം വാക്കാല്‍ പറഞ്ഞ പോലീസ് മേധാവി സഭാ അധികൃതര്‍ സംസ്ഥാന സര്‍ക്കാരിലെ ഉന്നതനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഉത്തരവ് തന്നെ പുറപ്പെടുവിച്ചത് എന്നാണ് ആരോപണം. സഭയുടെ സമ്മര്‍ദത്തിന് വഴങ്ങിയ സര്‍ക്കാര്‍ ഉടമകള്‍ക്ക് വേണ്ടി ചില കാര്യങ്ങള്‍ ചെയ്തിരുന്നതായും എന്നാല്‍ ഹൈക്കോടതി ഇടപെട്ടതോടെ കൈയൊഴിയേണ്ടി വന്നെന്നുമാണ് ആരോപണം.
എല്ലാ കേസിനും കൂടി ഒരു എഫ്.ഐ.ആര്. എന്ന വിചിത്ര സര്‍ക്കുലര്‍ സഭയും സര്‍ക്കാരിലെ ഉന്നതരുമായി നടത്തിയ ഒത്തു തീര്‍പ്പ് ചര്‍ച്ചയുടെ ഫലമായി ഉണ്ടായതാണെന്നും നിക്ഷേപകര്‍ എതിര്‍പ്പുയര്‍ത്തിയതോടെ ഡി.ജി.പി. ഇതു സ്ഥിരീകരിച്ച് സര്‍ക്കുലറും ഇറക്കിയെന്നും ആരോപണത്തില്‍ പറയുന്നു. ഇതോടെയാണ് നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡി.ജി.പിയുടെ വിചിത്ര സര്‍ക്കുലര്‍ പരാമര്‍ശിക്കപ്പെടുകയും ചെയ്തു. ഇതോടെ പ്രതികളുടെ അറസ്റ്റ് നാടകവും അരങ്ങേറി.
പോപ്പുലര്‍ ഉടമകളായ റോയിയും ഭാര്യയുമെല്ലാം ചേര്‍ന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പിന്നാലെ സര്‍ക്കാരിലെ ഉന്നതനെ കണ്ട് സഹായം ഉറപ്പാക്കിയെങ്കിലും നിക്ഷേപകരുടെ കോടികള്‍ പോയ കേസ് ആയതിനാല്‍ അറസ്റ്റുമായി സഹകരിക്കണമെന്ന നിര്‍ദേശമാണ് കിട്ടിയത്. സഭയുടെ തന്നെ മറ്റൊരു അരമനയുടെ കീഴിലായിരുന്നു റോയിയും ഭാര്യയും ഒളിവില്‍ പാര്ത്തിരുന്നതെന്നും ആരോപണമുണ്ട്.
റോയിയെയും ഭാര്യ പ്രഭയെയും പത്തനംതിട്ട - കോട്ടയം ജില്ലാ അതിര്‍ത്തിയായ ഇടിഞ്ഞില്ലത്ത് കൊണ്ടു വന്ന് പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ക്ക് കൈമാറിയത് അങ്ങനെയാണെന്നും ആരോപിക്കുന്നു. തങ്ങള്‍ യോഗം വിളിച്ചിരുന്നുവെന്ന ആരോപണം സഭാധികൃതര്‍ ഇതു വരെ നിഷേധിച്ചിട്ടില്ല. അരമനയില്‍ വച്ചായിരുന്നില്ല, പുറത്തായിരുന്നു യോഗം നന്നതെന്നാണ് വാദം. അതേസമയം ഒരു പുരോഹിതനാണ് യോഗത്തിന് നേതൃത്വം നല്‍കിയതെന്നും പോലീസ് അന്വേഷണം അറിഞ്ഞ് അരമനയിലെ സി.സി.ടി..വി ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞതായും ആരോപണമുണ്ട്. യോഗത്തിന് ചില രാഷ്ട്രീയക്കാരുടെ പിന്തുണയും ലഭിച്ചിരുന്നതായി പറയുന്നുണ്ട്.
സി.പി.എം ജില്ലാ കമ്മറ്റി തട്ടിപ്പില്‍ പ്രതികരിക്കാന്‍ തയാറായത് പോലും ഹൈക്കോടതി ഇടപെടല്‍ വന്നതോടു കൂടിയാണെന്ന് പരാതിക്കാര്‍ പറയുന്നു. എല്ലാ പരാതിക്കും പ്രത്യേകം പ്രത്യേകം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതോടെ പോലീസും വെട്ടിലായി. ഇപ്പോള്‍ ലഭിക്കുന്ന പരാതികളില്‍ പരാതിക്കാരുടെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തുന്നില്ല. എഫ്.ഐ.ആര് വൈകിപ്പിക്കുകയും ചെയ്യുന്നതായി പരാതിക്കാര്‍ ആരോപിക്കുന്നു.
പോപ്പുലര്‍ ഉടമകള്‍ രക്ഷപ്പെടുത്താന്‍ വേണ്ടി ഇതിനകം പല നാടകങ്ങളും അവതരിപ്പിച്ചെന്നും പറയുന്നു. സ്ഥാപനം മറ്റൊരു ഫിനാന്‍സ് കമ്പനി ഏറ്റെടുക്കുന്നുവെന്ന തരത്തില്‍ നടത്തിയ പ്രചാരണം ഇതിന്റെ ഭാഗമാണെന്നാണ് ആരോപണം. വകയാറിലെ ആസ്ഥാനത്ത് മാനേജര്‍മാരെ പങ്കെടുപ്പിച്ച് യോഗം വിളിച്ചിരുന്നു. ഇത് പോപ്പുലറിനെ മറ്റൊരു സ്ഥാപനം ഏറ്റെടുക്കുന്നുവെന്ന് പ്രചരിപ്പിക്കാനും നിക്ഷേപകര്‍ പലിശയ്ക്കായി രണ്ടുമാസം കൂടി കാത്തിരിക്കണമെന്നും അനുനയത്തിലൂടെ പറയാനും ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും പറയുന്നു.
ഈ രണ്ടു മാസം കൊണ്ട് വിദേശത്തേക്ക് കടക്കാനുള്ള ശ്രമമായിരുന്നു ഉടമകളുടേത്. അതിനായി എല്ലാ തയാറെടുപ്പുകളും നടത്തി. ഔഡി ഉള്‍പ്പെടെയുള്ള ആഡംബര കാറുകള്‍ റോയി വിറ്റു കാശാക്കി. രണ്ടു ബെന്‍സ് കാറുകളില്‍ ഒന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ശേഷിച്ചത് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇതും വിറ്റിരിക്കാമെന്നാണ് നിഗമനം. പ്രൊട്ടക്ഷന്‍ ഓഫ് ദ ഇന്ററസ്റ്റ് ഓഫ് ദി ഇന്‍വെസ്റ്റ്സ് ആക്ട് 2013 കൂടി ചുമത്തിയതോടെ ഉടമകള്‍ക്ക് ഉടനെയൊന്നും പുറത്തു വരാന്‍ കഴിയാത്ത സ്ഥിതിയായി.






