
ഇന്ത്യയിലെ കർഷകരെ സഹായിക്കാനെന്ന വ്യാജേന കഴിഞ്ഞ മാസം കേന്ദ്രസർക്കാർ പാസ്സാക്കിയ മൂന്ന് നിയമങ്ങൾ കർഷകദ്രോഹപരമാണ്, രാഷ്ട്രത്തിൻ്റെ ഭക്ഷ്യസുരക്ഷയെ തകർക്കുന്നതാണ് എന്നവസ്തുത അനുദിനം വ്യക്തമായിവരികയാണ്.
അതിൻ്റെ ഫലമായി, ഹരിതവിപ്ലവത്തിൻ്റെ ആരംഭകേന്ദ്രമായ പഞ്ചാബിൽനിന്നു കത്തിപ്പടർന്ന കർഷകരോഷം വലിയ ജനകീയമുന്നേറ്റമായി രാജ്യതലസ്ഥാനത്തേക്കും മറ്റെല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു.
സമരത്തിൻ്റെ നേതൃത്വം ഏറ്റെടുത്തുകൊണ്ട് രാഹുൽ ഗാന്ധി നയിക്കുന്ന കർഷകരുടെ 'ട്രാക്ടർ റാലി' രാഷ്ട്രീയത്തിന്നതീതമായ ദേശീയപിന്തുണയോടെ മുന്നേറിക്കൊണ്ടിരിക്കുന്നു.
നിയമത്തിൽ വിവിധ കർഷകവിരുദ്ധ വകുപ്പുകളുണ്ട്. ഇന്ത്യയിലെവിടെയും കർഷകർക്ക് ഉൽപ്പന്നങ്ങൾ വിൽക്കാമെന്ന് നിയമത്തിൽ പറയുന്നുണ്ടെങ്കിലും നമ്മുടെ പാവപെട്ട കര്ഷകര്ക്ക് അത് സാധിക്കുകയില്ല എന്ന് ഓരു കൊച്ചു കുഞ്ഞിന് പോലും അറിയാവുന്ന വസ്തുതയാണ്. അപ്പോൾ കടന്നുവരുന്നത് രാജ്യമെമ്പാടും സംഭരണകേന്ദ്രങ്ങളും സൂപ്പർ മാർക്കറ്റ് ശൃംഖലയുമുള്ള റിലയൻസ് പോലുള്ള വമ്പൻമാരാണ്. തുടക്കത്തിൽ, കൃഷിസ്ഥലത്തുനിന്നും കാർഷികഉത്പന്നങ്ങൾ നല്ല വിലയ്ക്ക് അവർ വാങ്ങുമെങ്കിലും അതുവഴി പ്രാദേശിക ലേലച്ചന്തകൾ തകരുന്നതോടെ വില കുത്തനെ താഴ്ത്തുകയും വൻതോതിൽ പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ നടത്തുകയും ചെയ്യാനുള്ള സാധ്യതയാണ് ഉണ്ടാകുക.
കർഷകർ ന്യായവില കിട്ടാതെ കുത്തുപാള എടുക്കേണ്ടിവരും എന്നുമാത്രമല്ല, കേരളംപോലെ ഭക്ഷ്യോൽപ്പന്നങ്ങൾക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഇടങ്ങളിലെ ഉപഭോക്താക്കൾക്ക് അരിയും ഗോതമ്പും പയറുവർഗങ്ങളും പച്ചക്കറിയുമൊക്കെ വമ്പന്മാരുടെ സൂപ്പർമാർക്കറ്റുകളിൽ നിന്ന് കൊള്ളവിലയിൽ വാങ്ങേണ്ടിവരുന്ന അവസ്ഥയാണ് സംജാതമാകുക.
പക്ഷെ കർഷകരോടുള്ള ഏറ്റവും വലിയ ചതി അതൊന്നുമല്ല. മിനിമം സപ്പോർട്ട് പ്രൈസ് MSP അഥവാ താങ്ങുവില, നിയമത്തിന്റെ ഭാഗമല്ലാതെയാക്കിയതാണ് അത് . താങ്ങുവില നിയമത്തിൽ പരാമർശിച്ചില്ലാത്തതുകൊണ്ട് ഇപ്പോഴുള്ള താങ്ങുവില സർക്കാരിന് എപ്പോൾ വേണമെങ്കിലും എടുത്തുകളയാനാകും. അതോടെ കർഷകന്റെ ഉപജീവനമാർഗം ഇല്ലാതാകാൻ ഇടവന്നേക്കോം. വൻകിടകാരുടെ ദയാദാക്ഷിണ്യത്തിൽ ഭരിക്കുന്ന കേന്ദ്ര സർക്കാർ അത്തരം ഒരു നടപടി എപ്പോൾവേണമെങ്കിലും എടുക്കും എന്നത് ഉറപ്പ്.
ന്യായവില കിട്ടാതെവന്നാൽ കൃഷി നഷ്ടത്തിലാകും. കൃഷി നഷ്ടത്തിലായാൽ കർഷകർ, കേരളത്തിൽ സംഭവിച്ചതുപോലെ, കൃഷിയിൽനിന്ന് പിൻവാങ്ങുകയും രാജ്യം ഭക്ഷ്യക്ഷാമത്തിലേക്ക് പോകുകയുമാകും ചെയ്യും. അപ്പൊഴും വൻകിടക്കാർ വില വീണ്ടും വർധിപ്പിച്ചു വൻ ലാഭം ഉണ്ടാക്കും. കൂടാതെ ഇറക്കുമതിയിലൂടെ കൊള്ള തുടരും.
ഭക്ഷ്യക്ഷാമവും പട്ടിണിയും രൂക്ഷമായിരുന്ന 1960കൾ ഓർമയുള്ള പഴയ തലമുറയ്ക്ക് ഇന്ത്യ യു.എസ്സിൻ്റെയും മറ്റും മുന്നിൽ അരിക്കും ഗോതമ്പിനും പാൽപ്പൊടിക്കും പിച്ചപ്പാത്രവുമായി നിന്ന ദുരിതകാലം ഓർമയുണ്ടാകും.
ജവഹർലാൽ നെഹ്റു, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി തുടങ്ങിയ ദീർഘദർശികളായ രാഷ്ട്രനേതാക്കളുടെ ഇച്ഛാശക്തിയും അവരിൽനിന്ന് പിന്തുണയും പ്രചോദനവും സ്വീകരിച്ച് പ്രവർത്തിച്ച, 'ഹരിതവിപ്ലവ'ത്തിൻ്റെ ഉപജ്ഞാതാവായ ഡോ. എം.എസ്. സ്വാമിനാഥൻ, 'ധവളവിപ്ലവ'ത്തിൻ്റെ ബുദ്ധികേന്ദ്രമായ ഡോ. വർഗീസ് കുര്യൻ എന്നിവരുടെ കഠിനാധ്വാനവും പാഴാക്കുന്ന പ്രവൃത്തിയാണ് നരേന്ദ്ര മോദി ഭരണകൂടം ചെയ്തിരിക്കുന്നത്. ഇതിൻ്റെ ദുരന്തം അനുഭവിക്കാൻപോകുന്നത് കർഷകരും അല്ലാത്തവരുമായ ഇന്ത്യൻജനത മുഴുവനുമായിരിക്കും.
ബ്രിട്ടീഷുകാർ മാഞ്ചസ്റ്ററിലെ മില്ലുടമകൾക്ക് ചുളുവിലയിൽ നല്ല പഞ്ഞി കിട്ടാനാണ് 1887 ൽ കാർഷികോൽപ്പന്ന നിയമം കൊണ്ടുവന്നതെങ്കിലും നെഹ്രു സർക്കാർ അതു പരിഷ്കരിച്ച്, കർഷകരെ കൊള്ളപ്പലിശക്കാരിൽനിന്നു മോചിപ്പിക്കാനും പൊതുകമ്പോളത്തിലെ ലേലത്തിലൂടെ മെച്ചപ്പെട്ട വില കിട്ടാനുമുള്ള അവസ്ഥയിലേക്ക് എത്തിക്കുകയുണ്ടായി. നാലു കിലോമീറ്ററിൽ ഒരു കർഷകവിപണി എന്നനിലയിലേക്ക് അതിനെ വീണ്ടും പുരോഗമിപ്പിക്കാനുള്ള വിപ്ലവകരമായ നീക്കത്തിലായിരുന്നു ഡോ. മൻമോഹൻ സിംഗ് സർക്കാർ.
എന്നാൽ അതെല്ലാം തകർക്കാനുള്ള പുറപ്പാടിലാണ് മോദിയുടെ എൻ.ഡി.എ. സർക്കാർ. ഇതു തിരിച്ചറിഞ്ഞതിനാലാണ്, പഞ്ചാബിൽ കോൺഗ്രസ്സ് കഴിഞ്ഞാൽ അടുത്ത ഏറ്റം വലിയ രാഷ്ട്രീയപ്പാർട്ടിയായ ശിരോമണി അകാലി ദൾ എൻ.ഡി.എയിൽനിന്നു പുറത്തു പോയത്. പഞ്ചാബിൽനിന്ന് രാഹുൽ ഗാന്ധി ആരംഭിച്ച ട്രാക്ടർ സമരയാത്രയിൽ അവരടക്കം എല്ലാ പാർട്ടികളിലെയും അംഗങ്ങൾ അണിനിരന്നിരിക്കുകയാണ്.
ചെറുകച്ചവടക്കാരെ നോട്ടു നിരോധനവും അശാസ്ത്രീയമായ ജി.എസ്.റ്റിയും തകർത്തതുപോലെ കർഷകരെ പുതിയ കാർഷിക നിയമങ്ങളും തൊഴിലാളികളെ തൊഴിൽ നിയമങ്ങളും തകർക്കുമെന്ന് എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനാൽ, കക്ഷിരാഷ്ട്രീയ-ജാതിമത ഭേദമെന്യേ എല്ലാവരും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിനു പിന്നിൽ അണിനിരക്കേണ്ടത് കാലഘട്ടത്തിൻ്റെ, ഭാരതത്തിൻ്റെ ആവശ്യമാണ്.
എം.പി.ജോസഫ്
(മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ, മുൻ യുഎൻ ഇന്റർനാഷണൽ സിവിൽ സെർവന്റ്, ഐഎൽഒ)



