
വിദേശ സംഭാവനകളുടെ നിയന്ത്രണം ഒരു പരമാധികാര രാജ്യത്തിനും അവഗണിക്കാനാവാത്ത വിഷയമാണ്. വിദേശപണം ഇന്ത്യയുടെ രാഷ്‌ട്രീയത്തെയും സാമൂഹിക ഘടനയെയും ദേശീയസുരക്ഷയെയും സ്വാധീനിക്കുന്ന തരത്തില്‍ ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്‌ട് അഥവാ എഫ്.സി.ആര്‍.എയുടെ പരിധിയില്‍ സുതാര്യതയും ഉത്തരവാദിത്വവും കര്‍ശനമായി ഉറപ്പാക്കുന്നതില്‍ തര്‍ക്കമുണ്ടാകേണ്ടതില്ല.
പക്ഷേ, സുതാര്യത ഉറപ്പാക്കാനുള്ള നിയമവും സിവില്‍ സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന നിയമവും തമ്മിലുള്ള അതിര്‍ത്തി വളരെ സൂക്ഷ്‌മമാണ്. ആ അതിര്‍ത്തിയെക്കുറിച്ചുള്ള ഗൗരവമായ ആശങ്കയാണ് ഇപ്പോള്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍നിന്ന് ഉയരുന്നത്.
മിസോറം മുഖ്യമന്ത്രി ലാല്‍ദുഹോമ എഫ്.സി.ആര്‍.എ. ഭേദഗതി ബില്‍ പിന്‍വലിക്കുകയോ സംയുക്‌ത പാര്‍ലമെന്ററി സമിതി (ജെ.പി.സി)ക്ക് വിടുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടത് ശ്രദ്ധേയമായ രാഷ്‌ട്രീയ സന്ദേശമാണ്. ഈ മാസം ആറിന് ന്യൂഡല്‍ഹിയില്‍ വിവിധ ൈക്രസ്‌തവ വിഭാഗങ്ങളുടെ പ്രതിനിധികളോടൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടതായും ബില്ലിനെക്കുറിച്ചുള്ള ആശങ്കകള്‍ അറിയിച്ചതായും ലാല്‍ദുഹോമ വ്യക്‌തമാക്കി.
ജൂലൈയില്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്‌മയും ൈക്രസ്‌തവ സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടു. മേഘാലയയില്‍ മത, വിദ്യാഭ്യാസ, ചാരിറ്റബിള്‍, സാമൂഹികക്ഷേമ സ്‌ഥാപനങ്ങള്‍ ആയിരക്കണക്കിന് സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍, ഗ്രാമീണവിദൂര മേഖലകളിലെ സാമൂഹിക സേവനപദ്ധതികള്‍ എന്നിവ നടത്തുന്നു. ഈ സ്‌ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ എഫ്.സി.ആര്‍.എയിലെ മാറ്റങ്ങള്‍ ബാധിക്കുമെന്ന ആശങ്കയാണ് സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
മിസോറമിലും ഇതേ ആശങ്കയാണ് കൂടുതല്‍ സംഘടിതമായി രൂപംകൊണ്ടത്. സംസ്‌ഥാന സര്‍ക്കാരും മിസോറം കോഹ്‌റാന്‍ ഹ്രുവൈറ്റുതെ കമ്മിറ്റി, കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ മിസോറം തുടങ്ങിയ സഭാസംഘടനകളും ചേര്‍ന്ന് ബില്ലിന്റെ നിലവിലെ രൂപം അംഗീകരിക്കാനാകില്ലെന്ന നിലപാട് സ്വീകരിക്കുകയും കേന്ദ്രത്തിന് സംയുക്‌ത നിവേദനം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്‌തു.
ഇതോടൊപ്പം നാഗാലാന്‍ഡിലും പ്രതിഷേധസ്വരം ഉയര്‍ന്നു. നാഗാലാന്‍ഡ് ബാപ്‌റ്റിസ്‌റ്റ് ചര്‍ച്ച് കൗണ്‍സില്‍ ബില്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് സംസ്‌ഥാന മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. സഭകള്‍ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ദുരിതാശ്വാസം, സമാധാനനിര്‍മാണം, സ്‌ത്രീകളുടെയും യുവാക്കളുടെയും ക്ഷേമം തുടങ്ങിയ മേഖലകളില്‍ ദീര്‍ഘകാലമായി നടത്തുന്ന പ്രവര്‍ത്തനങ്ങളെയാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.
അതിനാല്‍, എഫ്.സി.ആര്‍.എ. ഭേദഗതിക്കെതിരായ വടക്കുകിഴക്കന്‍ പ്രതിഷേധത്തെ കേവലം ഒരു മതസംഘടനകളുടെ പ്രതിഷേധമായി കാണുന്നത് യാഥാര്‍ഥ്യത്തെ ചെറുതാക്കുന്നതായിരിക്കും.
എന്തുകൊണ്ടാണ് വടക്കുകിഴക്ക് ഇത്ര ആശങ്കപ്പെടുന്നത്?
ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍നിന്ന് വടക്കുകിഴക്കിനെ വേര്‍തിരിക്കുന്ന ചരിത്രപരവും സാമൂഹികവുമായ ചില പ്രത്യേകതകളുണ്ട്. പ്രത്യേകിച്ച് മിസോറം, നാഗാലാന്‍ഡ്, മേഘാലയ തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ ൈക്രസ്‌തവ സഭകളും അതുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങളും മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹികക്ഷേമം, ഗ്രാമവികസനം, ദുരിതാശ്വാസം തുടങ്ങിയ മേഖലകളില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്.
2011ലെ സെന്‍സസ് കണക്കുകള്‍ പോലും ഈ സംസ്‌ഥാനങ്ങളിലെ മതസാമൂഹിക ഘടനയുടെ പ്രത്യേകത വ്യക്‌തമാക്കുന്നു. മിസോറം, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്‌ഥാനങ്ങളിലെ ജനസംഖ്യയില്‍ ൈക്രസ്‌തവ സമൂഹത്തിന് വലിയ പങ്കാണുള്ളത്. ഇവിടെ ഒരു പ്രധാന കാര്യം മറക്കരുത്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ സാമൂഹിക സ്‌ഥാപനങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവയെ വെറും വിദേശപണം സ്വീകരിക്കുന്ന മതസ്‌ഥാപനങ്ങള്‍ എന്ന ചുരുക്കപ്പേരില്‍ കാണാനാവില്ല. പല സ്‌ഥാപനങ്ങളും പതിറ്റാണ്ടുകളായി പ്രാദേശിക സമൂഹങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ആവശ്യങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവയാണ്.
മേഘാലയ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയില്‍ ഇതുതന്നെയാണ് ചൂണ്ടിക്കാട്ടിയത്. ഇത്തരം സ്‌ഥാപനങ്ങള്‍ ഗ്രാമങ്ങളിലും ദുര്‍ഗമ മേഖലകളിലും പൊതുസേവനത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അവരുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനുള്ള സംരക്ഷണം വേണമെന്നും സംസ്‌ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
തര്‍ക്കത്തിന്റെ കേന്ദ്രമായി 'ഡെസിഗ്‌നേറ്റഡ് അതോറിറ്റി'
2026ലെ ഭേദഗതി ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ വിദേശ സംഭാവനയും അതുപയോഗിച്ച് സൃഷ്‌ടിച്ച ആസ്‌തികളും കൈകാര്യം ചെയ്യാന്‍ ഒരു 'ഡെസിഗ്‌നേറ്റഡ് അതോറിറ്റി' രൂപീകരിക്കുന്നതാണ്.
രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുക, സംഘടന സ്വമേധയാ അത് ഉപേക്ഷിക്കുക, അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ പുതുക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ വിദേശ സംഭാവനയും അതുമായി ബന്ധപ്പെട്ട ആസ്‌തികളും ആദ്യം താല്‍ക്കാലികമായി ഈ അതോറിറ്റിയുടെ നിയന്ത്രണത്തിലാകുന്ന രീതിയാണ് ബില്‍ നിര്‍ദേശിക്കുന്നത്. നിശ്‌ചിത കാലയളവില്‍ രജിസ്‌ട്രേഷന്‍ പുനഃസ്‌ഥാപിച്ചാല്‍ ആസ്‌തികള്‍ തിരിച്ചുനല്‍കാനുള്ള വ്യവസ്‌ഥയുണ്ട്. എന്നാല്‍, അത് സംഭവിക്കാത്ത സാഹചര്യത്തില്‍ ആസ്‌തികള്‍ സ്‌ഥിരമായി സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകാനും പൊതുപ്രയോജനത്തിനായി ഉപയോഗിക്കാനോ കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ കഴിയുന്ന സംവിധാനമാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഇവിടെയാണ് യഥാര്‍ത്ഥ ചോദ്യമുയരുന്നത്. ഒരു സംഘടനയുടെ എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷന്‍ നഷ്‌ടപ്പെടുന്നത് എല്ലായ്‌പ്പോഴും സാമ്പത്തിക ക്രമക്കേടിന്റെ തെളിവാണോ? നിയമത്തിലെ നിര്‍ദേശങ്ങള്‍ പ്രകാരം രജിസ്‌ട്രേഷന്‍ പുതുക്കാതിരിക്കുക, പുതുക്കല്‍ നിരസിക്കപ്പെടുക തുടങ്ങിയ സാഹചര്യങ്ങളും രജിസ്‌ട്രേഷന്‍ അവസാനിക്കുന്നതിനുള്ള കാരണങ്ങളാകാം. അതിനാല്‍ ലൈസന്‍സ് നഷ്‌ടപ്പെടുന്നതും കുറ്റം തെളിയിക്കപ്പെടുന്നതും ഒരേ കാര്യമല്ല എന്ന നിയമതത്വം ഇവിടെ നിര്‍ണായകമാണ്. ഒരു ആശുപത്രി വിദേശ സംഭാവന ഉപയോഗിച്ച് പണിതതാണെന്ന് കരുതുക. വര്‍ഷങ്ങള്‍ക്കുശേഷം അതിന്റെ എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷന്‍ പുതുക്കപ്പെടാതെ പോയാല്‍ ആശുപത്രിയുടെ ഉടമസ്‌ഥതയും പ്രവര്‍ത്തനവും എങ്ങനെ കൈകാര്യം ചെയ്യണമെന്നത് വെറും ഭരണപരമായ ചോദ്യമല്ല. അത് സ്വത്തവകാശം, സ്‌ഥാപനത്തിന്റെ സ്വയംഭരണം, പൊതുസേവനത്തിന്റെ തുടര്‍ച്ച, നീതിപൂര്‍വമായ നടപടിക്രമം എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ ചോദ്യമാണ്.
ബില്‍ ൈക്രസ്‌തവ സ്‌ഥാപനങ്ങളെ മാത്രം ലക്ഷ്യമിടുന്നതായി അതിന്റെ വാചകത്തില്‍ പറയുന്നില്ല. എഫ്.സി.ആര്‍.എയുടെ പരിധിയില്‍ വരുന്ന എല്ലാ സംഘടനകള്‍ക്കും ബാധകമായ രീതിയിലാണ് വ്യവസ്‌ഥകള്‍ തയാറാക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരും ഇതുതന്നെയാണ് വിശദീകരിക്കുന്നത്. വിദേശ ഫണ്ടിന്റെ സുതാര്യതയും ദേശീയസുരക്ഷയും ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും ൈക്രസ്‌തവ സംഘടനകള്‍ക്കെതിരേ പ്രത്യേകമായി നിയമം കൊണ്ടുവരുന്നതെല്ലന്നും കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്. അതേസമയം, ൈക്രസ്‌തവ സംഘടനകളുടെ ആശങ്കയ്‌ക്ക് ഒരു യാഥാര്‍ഥ്യപരമായ പശ്‌ചാത്തലമുണ്ട്. രാജ്യത്തെ വിദേശ സംഭാവന സ്വീകരിക്കുന്ന സംഘടനകളില്‍ ഗണ്യമായൊരു വിഭാഗം വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹികക്ഷേമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ൈക്രസ്‌തവ സ്‌ഥാപനങ്ങള്‍ക്കും ഇതില്‍ വലിയ സാന്നിധ്യമുണ്ട്. സി.ബി.സി.ഐയുടെ പ്രതിനിധികള്‍ കേന്ദ്രത്തോട് ഉന്നയിച്ച പ്രധാന ആശങ്കയും ഇതുതന്നെ-നിയമത്തിലെ ചില വ്യവസ്‌ഥകള്‍ യഥാര്‍ഥ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണപരമായ വലിയ തടസ്സങ്ങള്‍ സൃഷ്‌ടിക്കുമെന്നാണ് അവരുടെ വാദം.
വടക്കുകിഴക്കിന്റെ ആശങ്ക അവഗണിക്കുന്നത് അപകടകരം
വടക്കുകിഴക്കന്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ഏതൊരു നിയമനിര്‍മാണത്തിലും കേന്ദ്ര സര്‍ക്കാര്‍ ഒരു കാര്യം പ്രത്യേകമായി ഓര്‍ക്കണം.
ഈ പ്രദേശം ഇന്ത്യയുടെ ഭൂപടത്തിലെ എട്ട് സംസ്‌ഥാനങ്ങളുടെ കൂട്ടം മാത്രമല്ല. ചരിത്രപരമായി വ്യത്യസ്‌തമായ സാമൂഹിക ഘടനകളും ഗോത്രസ്വത്വങ്ങളും മതപരമായ പ്രത്യേകതകളും ഭാഷകളും രാഷ്‌ട്രീയ അനുഭവങ്ങളും ഉള്ള മേഖലയാണത്. കേന്ദ്രത്തിന്റെ ഏത് നയവും ഇവിടെ പ്രാദേശിക സമൂഹങ്ങളുടെ ആത്മാഭിമാനത്തെയും സ്വയംഭരണബോധത്തെയും എത്രത്തോളം ബാധിക്കുന്നു എന്നതും പ്രധാനമാണ്.
മണിപ്പുരിലെ സംഘര്‍ഷം ഇപ്പോഴും വടക്കുകിഴക്കന്‍ സമൂഹത്തിന്റെ മനസില്‍ ആഴത്തിലുള്ള മുറിവാണ്. ഈ പശ്‌ചാത്തലത്തില്‍ ൈക്രസ്‌തവ സ്‌ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന സാമൂഹിക മേഖലയെ ബാധിക്കാവുന്ന നിയമനിര്‍മാണത്തില്‍ കൂടുതല്‍ രാഷ്‌ട്രീയ സംഭാഷണം ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്.
കോണ്‍ഗ്രസിന്റെ എതിര്‍പ്പ്: രാഷ്‌ട്രീയ പോരാട്ടത്തിനപ്പുറം ചില ചോദ്യങ്ങള്‍
എഫ്.സി.ആര്‍.എ. ബില്ലിനെതിരേ കോണ്‍ഗ്രസും ശക്‌തമായ നിലപാടിലാണ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ബില്‍ പാര്‍ലമെന്റില്‍ ശക്‌തമായി എതിര്‍ക്കുമെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്. 2023 ഡിസംബറില്‍ 146 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌തശേഷം നിര്‍ണായക നിയമങ്ങള്‍ പാസാക്കിയ സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് നല്‍കി.
കോണ്‍ഗ്രസിന്റെ വാദങ്ങളില്‍ രാഷ്‌ട്രീയ ആരോപണങ്ങളുണ്ട്. ആര്‍.എസ്.എസ്. ബന്ധമുള്ള സംഘടനകളുടെ വിദേശ ഫണ്ടിംഗിനെക്കുറിച്ചും വേണുഗോപാല്‍ ചോദ്യമുയര്‍ത്തിയിട്ടുണ്ട്. അതിനെ രാഷ്‌ട്രീയ വാദമായി തന്നെ കാണണം.
എന്നാല്‍, കോണ്‍ഗ്രസ് ഉന്നയിക്കുന്ന മറ്റൊരു വലിയ ചോദ്യം അവഗണിക്കാനാവില്ല: ഇത്ര പ്രധാനപ്പെട്ട നിയമഭേദഗതി കൂടുതല്‍ വിശദമായ പാര്‍ലമെന്ററി പരിശോധനയ്‌ക്കും ബന്ധപ്പെട്ട സംഘടനകളുമായി കൂടിയാലോചനയ്‌ക്കും വിധേയമാക്കുന്നതില്‍ എന്താണ് തടസം? ബില്ല് ജെ.പി.സിക്ക് വിടണമെന്ന ആവശ്യം അതുകൊണ്ടുതന്നെ ഗൗരവമായി പരിഗണിക്കേണ്ടതാണ്. എന്‍.സി.പി. (എസ്.പി.) നേതാവ് സുപ്രിയ സുലെയും ബില്‍ പിന്‍വലിക്കുകയോ ജെ.പി.സിക്ക് വിടുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതായത്, എതിര്‍പ്പ് ൈക്രസ്‌തവ സംഘടനകളില്‍ മാത്രം ഒതുങ്ങുന്നില്ല.
വിദേശ ഫണ്ടിന്റെ ഉപയോഗത്തില്‍ സുതാര്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷന്‍ അവസാനിച്ചാല്‍ ആസ്‌തികളുടെ കാര്യത്തില്‍ നിലവിലുള്ള നിയമത്തില്‍ വ്യക്‌തമായ നടപടിക്രമമില്ലായിരുന്നുവെന്നും പുതിയ ഭേദഗതി ആ വിടവ് നികത്തുകയാണെന്നും സര്‍ക്കാര്‍ പറയുന്നു. താല്‍ക്കാലികമായി ആസ്‌തികള്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലാകുമെന്നും രജിസ്‌ട്രേഷന്‍ പുനഃസ്‌ഥാപിക്കപ്പെട്ടാല്‍ അവ തിരിച്ചുനല്‍കുമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
ഇതില്‍ യുക്‌തിയുണ്ട്. വിദേശ ഫണ്ടുപയോഗിച്ച് സൃഷ്‌ടിച്ച കോടിക്കണക്കിന് രൂപയുടെ ആസ്‌തികള്‍ ഒരു സ്‌ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ അവസാനിച്ചതോടെ ആരുടെ നിയന്ത്രണത്തിലാകും എന്നതിന് വ്യക്‌തമായ നിയമപരമായ സംവിധാനം വേണം. സാമ്പത്തിക സുതാര്യതയും ദേശീയ സുരക്ഷയും ഒരു ജനാധിപത്യ രാഷ്‌ട്രത്തിന് അവഗണിക്കാനാവില്ല. പക്ഷേ ദേശീയസുരക്ഷ എന്ന വാക്ക് നിയമപരമായ എല്ലാ നിയന്ത്രണങ്ങള്‍ക്കും പകരമാകരുത്.
നിയമനിര്‍മാണത്തില്‍ വിശ്വാസം വേണം
വിദേശപണം ഇന്ത്യയുടെ രാഷ്‌ട്രീയസാമൂഹിക രംഗങ്ങളില്‍ അനധികൃത സ്വാധീനം ചെലുത്തുന്നില്ലെന്ന് ഉറപ്പാക്കണം. പണം എവിടെനിന്ന് വരുന്നു, ആരാണ് നല്‍കുന്നത്, എങ്ങനെ ചെലവഴിക്കുന്നു എന്നതില്‍ പരമാവധി സുതാര്യത വേണം. നിയമലംഘനം നടത്തുന്ന സംഘടനകള്‍ക്കെതിരേ കര്‍ശന നടപടി വേണം.
പക്ഷേ അതോടൊപ്പം മറ്റൊരു തത്വവും അംഗീകരിക്കണം: നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റബിള്‍ സ്‌ഥാപനത്തെ ഒരു ഭരണപരമായ പിഴവിന്റെ പേരില്‍ ശിക്ഷിക്കുകയും, അതിന്റെ പൊതുസേവന ആസ്‌തികളെ അനിശ്‌ചിതമായ ഭരണാധികാരത്തിന് വിധേയമാക്കുകയും ചെയ്യരുത്.
അതുകൊണ്ടാണ് ചില അടിസ്‌ഥാന സുരക്ഷാകവചങ്ങള്‍ അനിവാര്യമാകുന്നത്:
രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് വ്യക്‌തമായതും പരിശോധിക്കാവുന്നതുമായ മാനദണ്ഡങ്ങള്‍.
നടപടിക്ക് മുമ്പുള്ള ന്യായമായ കേള്‍പ്പവകാശം.
സ്വതന്ത്രമായ അപ്പീല്‍ സംവിധാനം.
ആസ്‌തികള്‍ കൈകാര്യം ചെയ്യുന്നതില്‍ ന്യായപരമായ മേല്‍നോട്ടം.
വിദേശവും ആഭ്യന്തരവുമായ പണം ചേര്‍ന്ന് സൃഷ്‌ടിച്ച ആസ്‌തികള്‍ക്ക് വ്യക്‌തമായ സംരക്ഷണം.
രജിസ്‌ട്രേഷന്‍ പുതുക്കുന്നതിലെ ഭരണപരമായ കാലതാമസങ്ങള്‍ക്ക് സ്‌ഥാപനത്തെ ശിക്ഷിക്കാത്ത സംവിധാനം.
വിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസം തുടങ്ങിയ പൊതുസേവനങ്ങള്‍ തടസ്സപ്പെടാതിരിക്കാനുള്ള പ്രത്യേക സുരക്ഷ.
ഇവയെല്ലാം ഉള്‍പ്പെടുത്താന്‍ ജെ.പി.സിക്ക് കഴിയും.
ജോണ്‍ മാത്യു





Comments