
ഗാസയില്‍ സമാധാനത്തിന്റെ വാതില്‍ തുറക്കുമെന്ന പ്രതീക്ഷ വീണ്ടും തകര്‍ന്നിരിക്കുന്നു. ഹമാസ് അംഗീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 15 ഇന സമാധാനപദ്ധതി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു തള്ളിയിരിക്കുകയാണ്. ഹമാസിനെ പൂര്‍ണമായി നിരായുധീകരിക്കുന്നതുവരെ ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് നെതന്യാഹു.
ഇവിടെ ഉയരുന്ന ചോദ്യം ലളിതമാണ്: യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ ആദ്യം ആരാണ് വിട്ടുവീഴ്‌ച ചെേയ്യണ്ടത്? ഇസ്രയേലിന് സുരക്ഷ വേണം. അത് നിഷേധിക്കാനാവില്ല. ഹമാസിന്റെ ആക്രമണശേഷി നിലനില്‍ക്കുന്നത് ഇസ്രയേലിന് ഭീഷണിയാണ്. എന്നാല്‍, അതിന്റെ പേരില്‍ സൈനിക സാന്നിധ്യം അനിശ്‌ചിതമായി തുടരുന്നത് ഗാസയിലെ ജനങ്ങളുടെ ദുരിതത്തിനും യുദ്ധത്തിന്റെ നീണ്ടുപോകലിനും വഴിയൊരുക്കുകയേല്ല? ഹമാസിനും ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. സാധാരണ ഇസ്രയേല്‍ പൗരന്മാരുടെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന ആയുധശക്‌തി നിലനിര്‍ത്തിക്കൊണ്ട് സമാധാനം ആവശ്യപ്പെടുന്നത് വിശ്വാസയോഗ്യമല്ല. ആയുധം താഴെവയ്‌ക്കാനുള്ള വ്യക്‌തമായ ഉറപ്പ് ഹമാസ് നല്‍കണം. എന്നാല്‍, അതേ സമയം, ഹമാസ് ആദ്യം കീഴടങ്ങിയശേഷം മാത്രമേ ഇസ്രയേല്‍ പിന്മാറൂ എന്ന വ്യവസ്‌ഥയും സമാധാനത്തിന്റെ വഴി അടയ്‌ക്കുന്നതാണ്.
ഇരുപക്ഷവും മറ്റേ പക്ഷത്തിന്റെ ആദ്യ നീക്കത്തിനായി കാത്തുനില്‍ക്കുന്നിടത്തോളം യുദ്ധത്തിന് അവസാനമുണ്ടാകില്ല. ഗാസയിലെ ഏറ്റവും വലിയ ദുരന്തം ഇതാണ്. രാഷ്‌ട്രീയ നേതാക്കള്‍ സുരക്ഷയും തന്ത്രവും തെരഞ്ഞെടുപ്പും സഖ്യങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ സാധാരണ മനുഷ്യരുടെ ജീവിതം നരകമാവുകയാണ്. വീടുകളും ആശുപത്രികളും അടിസ്‌ഥാന സൗകര്യങ്ങളും തകര്‍ന്ന ജനതയ്‌ക്ക് ഇനി ആരുടെ രാഷ്‌ട്രീയ വിജയം എന്നതല്ല, നാളെ ജീവനോടെ ഉണ്ടാകുമോ എന്നതാണ് ചോദ്യം.
നെതന്യാഹുവിന്റെ ഇപ്പോഴത്തെ നിലപാടില്‍ സുരക്ഷാ ആശങ്കകള്‍ക്കൊപ്പം ആഭ്യന്തര രാഷ്‌ട്രീയത്തിന്റെ നിഴലും കാണാം. അടുത്ത തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ വലതുപക്ഷ പിന്തുണ നഷ്‌ടപ്പെടുമെന്ന ഭയം അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്‌തമാണ്. പക്ഷേ, ഒരു നേതാവിന്റെ രാഷ്‌ട്രീയ നിലനില്‍പ്പിനുവേണ്ടി ഒരു ജനതയുടെ ദുരിതം നീട്ടിക്കൊണ്ടുപോകുന്നത് ചരിത്രം ഒരിക്കലും ന്യായീകരിക്കില്ല. ട്രംപിനും വലിയ ഉത്തരവാദിത്വമുണ്ട്. ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷി എന്ന നിലയില്‍ അമേരിക്കയ്‌ക്ക് നെതന്യാഹുവിനുമേല്‍ സ്വാധീനമുണ്ട്. അതേസമയം ഹമാസിനുമേല്‍ ആവശ്യമായ സമ്മര്‍ദം ചെലുത്തുകയും വേണം. ഒരു പക്ഷത്തിന്റെ സുരക്ഷയ്‌ക്കായി മറ്റൊരു പക്ഷത്തിന്റെ അവകാശങ്ങള്‍ ബലികഴിക്കേണ്ടതല്ല സമാധാനം;ഇരുപക്ഷത്തിന്റെയും സുരക്ഷയും അവകാശങ്ങളും ഒരുപോലെ ഉറപ്പാക്കാനുള്ള രാഷ്‌ട്രീയ ഇച്‌ഛാശക്‌തിയാണ് യഥാര്‍ഥ സമാധാനം.
ഗാസയില്‍ ഇനി വേണ്ടത് മറ്റൊരു യുദ്ധവിരാമ പ്രഖ്യാപനം മാത്രമല്ല;യുദ്ധത്തിലേക്ക് തിരിച്ചുപോകാതിരിക്കാനുള്ള ഒരു രാഷ്‌ട്രീയ സംവിധാനമാണ്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ സ്‌ഥിരമായ സമാധാനത്തിലേക്കുള്ള വഴിയാകണം. ഗാസയുടെ പുനര്‍നിര്‍മാണം, ജനങ്ങളുടെ സുരക്ഷ, ഭരണസംവിധാനം, ആയുധനിരായുധീകരണം, ഇസ്രയേലിന്റെ സുരക്ഷ, പലസ്‌തീന്‍ ജനതയുടെ രാഷ്‌ട്രീയ ഭാവി-ഇവയെല്ലാം ഒരുമിച്ച് പരിഗണിക്കുന്ന സമഗ്രമായ സമീപനമാണ് അനിവാര്യം.സമാധാനപദ്ധതികളിലെ ഓരോ വാക്കിനും പിന്നില്‍ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതമുണ്ട്. അതുകൊണ്ട് ഒരു പദ്ധതിയെ തള്ളുകയോ അംഗീകരിക്കുകയോ ചെയ്യുന്നത് രാഷ്‌ട്രീയ വിജയപരാജയത്തിന്റെ കണക്കില്‍ മാത്രം അളക്കരുത്. അതിന്റെ ഫലം എത്ര മനുഷ്യരുടെ ജീവന്‍ രക്ഷിക്കും, എത്ര കുടുംബങ്ങളെ വീടുകളിലേക്ക് തിരിച്ചെത്തിക്കും, എത്ര കുട്ടികള്‍ക്ക് ഭയമില്ലാതെ വളരാന്‍ അവസരം നല്‍കും എന്നതാകണം യഥാര്‍ഥ മാനദണ്ഡം.







Comments