
ആശുപത്രിയിലെ ഒരു രോഗിയുടെ കിടക്കയ്‌ക്കരികില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് പലപ്പോഴും ഡോക്‌ടറല്ല, നഴ്‌സാണ്. രോഗിയുടെ നിലയിലെ ചെറിയ മാറ്റം പോലും ആദ്യം തിരിച്ചറിയുന്ന കണ്ണുകള്‍ അവരുടേതാണ്. മരുന്നിന്റെ സമയവും അളവും ഉറപ്പാക്കുന്നതും, രോഗിയുടെ ഭീതിക്ക് ആശ്വാസമാകുന്നതും, ഗുരുതരാവസ്‌ഥയില്‍ ജീവന്‍ നിലനിര്‍ത്താനുള്ള അടിയന്തര ഇടപെടലുകളില്‍ നിര്‍ണായക പങ്കുവഹിക്കുന്നതും നഴ്‌സുമാരാണ്. എന്നാല്‍ ആ നഴ്‌സുമാരുടെ തന്നെ ഔദ്യോഗിക വിവരങ്ങള്‍ ഒരു ഏകീകൃത ദേശീയ രജിസ്‌ട്രിയില്‍ രേഖപ്പെടുത്താന്‍ കഴിയാത്ത അവസ്‌ഥയാണ് ഇന്ത്യയിലെ ആരോഗ്യ ഭരണത്തിന്റെ അസ്വസ്‌ഥകരമായ യാഥാര്‍ഥ്യം.
ലോക്‌സഭയില്‍ കഴിഞ്ഞ മാസം സമര്‍പ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ സ്‌ഥിതിഗതികളുടെ ഗൗരവം വ്യക്‌തമാക്കുന്നു. രാജ്യത്ത് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള 46.02 ലക്ഷം നഴ്‌സിങ് ജീവനക്കാരില്‍ 14.24 ലക്ഷം പേര്‍ മാത്രമാണ് നഴ്‌സസ് രജിസ്‌ട്രേഷന്‍ ആന്‍ഡ് ട്രാക്കിങ് സിസ്‌റ്റം (എന്‍.ആര്‍.ടി.എസ്.) എന്ന ദേശീയ ഡിജിറ്റല്‍ സംവിധാനത്തില്‍ ഇതുവരെ ഉള്‍പ്പെട്ടിട്ടുള്ളത്. 31.78 ലക്ഷം പേര്‍ ഇപ്പോഴും ദേശീയ രജിസ്‌ട്രിയുടെ പുറത്താണ്. ഈ കണക്കില്‍ ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫ് (എ.എന്‍.എം.), രജിസ്‌റ്റേഡ് നഴ്‌സ്, രജിസ്‌റ്റേഡ് മിഡ്‌വൈഫ് (ആര്‍.എന്‍., ആര്‍.എം.), ലേഡി ഹെല്‍ത്ത് വിസിറ്റേഴ്‌സ് (എല്‍.എച്ച്.വി.) എന്നീ വിഭാഗങ്ങളാണ് ഉള്‍പ്പെടുന്നത്.
ഏഴു വര്‍ഷത്തിലേറെ മുമ്പ് ദേശീയതലത്തില്‍ ഏകീകൃത രജിസ്‌ട്രി സൃഷ്‌ടിക്കുകയും നഴ്‌സുമാരുടെ രജിസ്‌ട്രേഷന്‍, പുതുക്കല്‍, സംസ്‌ഥാനാന്തര രജിസ്‌ട്രേഷന്‍, യോഗ്യതാ പരിശോധന തുടങ്ങിയ സേവനങ്ങള്‍ ലളിതമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംവിധാനത്തിന്റെ ഇന്നത്തെ അവസ്‌ഥയാണിത്. രാജ്യത്തെ രജിസ്‌റ്റര്‍ ചെയ്‌ത നഴ്‌സിങ് ജീവനക്കാരില്‍ മൂന്നില്‍ രണ്ടിലേറെയും ഇപ്പോഴും ഈ ദേശീയ സംവിധാനത്തിന് പുറത്താണെന്നതാണ് ഇതിലെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വസ്‌തുത.
നഴ്‌സിന്റെ വിദ്യാഭ്യാസ യോഗ്യത, രജിസ്‌ട്രേഷന്‍, തൊഴില്‍വിവരങ്ങള്‍, ഉയര്‍ന്ന യോഗ്യതകള്‍ തുടങ്ങിയ വിവരങ്ങള്‍ ഏകീകൃതമായി സൂക്ഷിക്കുകയും രജിസ്‌ട്രേഷന്‍ പുതുക്കല്‍, സംസ്‌ഥാനാന്തര രജിസ്‌ട്രേഷന്‍, പരസ്‌പര അംഗീകാരം തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ലൈനാക്കുകയും ചെയ്യുക എന്നതായിരുന്നു എന്‍.ആര്‍.ടി.എസ് രൂപീകരിച്ചതിന്റെ അടിസ്‌ഥാന ലക്ഷ്യം. 2019ലെ ലോക്‌സഭാ മറുപടിയില്‍ പദ്ധതിക്കായി 25 കോടി രൂപ വകയിരുത്തിയതായും എല്ലാ സംസ്‌ഥാന നഴ്‌സിങ് കൗണ്‍സിലുകള്‍ക്കും ആവശ്യമായ സൗകര്യങ്ങളും ജീവനക്കാരെയും നല്‍കിയതായും സര്‍ക്കാര്‍ പറഞ്ഞിരുന്നു.
ഇത് ഒരു സാധാരണ സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനക്ഷമതയുമായി താരതമ്യം ചെയ്യാവുന്ന പ്രശ്‌നമല്ല. നഴ്‌സുമാരുടെ രജിസ്‌ട്രേഷന്‍ അവരുടെ തൊഴില്‍ജീവിതത്തിന്റെ അടിസ്‌ഥാന രേഖയാണ്. ഒരു സംസ്‌ഥാനത്ത് ജോലി ചെയ്യുന്നതില്‍നിന്ന് മറ്റൊരു സംസ്‌ഥാനത്തേക്ക് മാറുമ്പോള്‍, വിദേശത്ത് ജോലി തേടുമ്പോള്‍, യോഗ്യതകള്‍ പുതുക്കുമ്പോള്‍, പ്രഫഷണല്‍ രേഖകള്‍ പരിശോധിക്കേണ്ടിവരുമ്പോള്‍ രജിസ്‌ട്രേഷന്‍ നിര്‍ണായകമാണ്. അതിനാല്‍ ദേശീയ രജിസ്‌ട്രി അപൂര്‍ണമാകുമ്പോള്‍ അതിന്റെ വില കൊടുക്കേണ്ടിവരുന്നത് സംവിധാനമല്ല;നഴ്‌സുമാരാണ്.
ഇപ്പോഴത്തെ കണക്കുകളില്‍ സംസ്‌ഥാനങ്ങള്‍ തമ്മിലുള്ള വലിയ അന്തരവും ആശങ്കപ്പെടുത്തുന്നതാണ്. 5.58 ലക്ഷത്തിലേറെ രജിസ്‌റ്റര്‍ ചെയ്‌ത നഴ്‌സിങ് ജീവനക്കാരുള്ള കര്‍ണാടകയില്‍ ഏകദേശം 82,000 പേര്‍ മാത്രമാണ് എന്‍.ആര്‍.ടി.എസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. തമിഴ്‌നാട്ടില്‍ 4.76 ലക്ഷത്തിലേറെ പേരില്‍ ഏകദേശം 57,000 പേര്‍. ആന്ധ്രപ്രദേശില്‍ 4.52 ലക്ഷത്തിലേറെ പേരില്‍ 92,000 പേര്‍. കേരളത്തില്‍ 4.2 ലക്ഷത്തോളം രജിസ്‌റ്റര്‍ ചെയ്‌ത നഴ്‌സിങ് ജീവനക്കാരില്‍ ഏകദേശം 1.5 ലക്ഷം പേരാണ് ദേശീയ സംവിധാനത്തിലേക്ക് എത്തിയിരിക്കുന്നത്.
എന്നാല്‍ ബിഹാറിന്റെയും ഝാര്‍ഖണ്ഡിന്റെയും കണക്കുകള്‍ മറ്റൊരു ചോദ്യം ഉയര്‍ത്തുന്നു. ബിഹാറില്‍ 62,591 പേരില്‍ 62,020 പേരും ഝാര്‍ഖണ്ഡില്‍ 27,160 പേരില്‍ 24,640 പേരും എന്‍.ആര്‍.ടി.എസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതായത് സംവിധാനം നടപ്പാക്കാനാവാത്തതല്ല;നടപ്പാക്കാനുള്ള ഭരണപരമായ ഇച്‌ഛാശക്‌തിയിലും ഏകോപനത്തിലുമാണ് പ്രശ്‌നം.
ഇവിടെയാണ് ഡിജിറ്റല്‍ ഭരണത്തിന്റെ ഒരു അടിസ്‌ഥാന പാഠം ഓര്‍ക്കേണ്ടത്. ഒരു കേന്ദ്ര പോര്‍ട്ടല്‍ സൃഷ്‌ടിച്ചാല്‍ മാത്രം ഡിജിറ്റല്‍ ഭരണസംവിധാനം ഉണ്ടാകുന്നില്ല. അതുമായി സംസ്‌ഥാനതല സ്‌ഥാപനങ്ങള്‍ യഥാര്‍ഥത്തില്‍ ബന്ധിപ്പിക്കപ്പെടണം. പഴയ സംവിധാനങ്ങള്‍ പൂര്‍ണമായി ഏകോപിപ്പിക്കപ്പെടണം. ഉത്തരവാദിത്വം ആരുടേതെന്ന് വ്യക്‌തമായിരിക്കണം. ഡേറ്റ പുതുക്കപ്പെടണം. ഏറ്റവും പ്രധാനമായി, ഒരു സേവനം ലഭിക്കാന്‍ പൗരന്‍ പല ഓഫീസുകളുടെയും വാതിലുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം അവസാനിക്കണം.
എന്‍.ആര്‍.ടി.എസിന്റെ കാര്യത്തില്‍ ഇതുതന്നെയാണ് സംഭവിക്കാത്തത് എന്ന ആരോപണം നഴ്‌സിങ് സംഘടനകള്‍ ഉന്നയിക്കുന്നത്. ചില സംസ്‌ഥാന നഴ്‌സിങ് രജിസ്‌ട്രേഷന്‍ കൗണ്‍സിലുകള്‍ ഇപ്പോഴും രജിസ്‌ട്രേഷന്‍, പുതുക്കല്‍, സംസ്‌ഥാനാന്തര രജിസ്‌ട്രേഷന്‍ തുടങ്ങിയ നടപടികള്‍ സ്വന്തം സംവിധാനങ്ങളിലൂടെ തുടരുന്നതിനാല്‍ ഒരേ വിവരങ്ങള്‍ പല സംവിധാനങ്ങളിലും കൈകാര്യം ചെയ്യേണ്ടിവരുന്നു. അതിന്റെ ഫലമായി വൈകലും ആവര്‍ത്തനവും ഉണ്ടാകുന്നു.
ഈ സാഹചര്യം മൂലം ഒരു നഴ്‌സിന് ജോലി മാറുന്നതിനായി എന്‍.ഒ.സി. ആവശ്യമായി വരുന്നു;അത് ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുന്നു എന്നത് കേവലം ഭരണപരമായ അസൗകര്യമല്ല. അത് ഒരാളുടെ തൊഴില്‍സ്വാതന്ത്ര്യത്തെ ബാധിക്കുന്ന കാര്യമാണ്.
വിദേശത്ത് ജോലി തേടുന്ന നഴ്‌സുമാരുടെ കാര്യത്തില്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമാണ്. ഇന്ത്യയിലെ നഴ്‌സുമാര്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ആവശ്യകതയുണ്ട്. പ്രത്യേകിച്ച് കേരളം പോലുള്ള സംസ്‌ഥാനങ്ങളുടെ സമ്പദ്‌വ്യവസ്‌ഥയില്‍ വിദേശത്ത് ജോലി ചെയ്യുന്ന നഴ്‌സുമാരുടെ വരുമാനത്തിനും കുടുംബങ്ങളുടെ ജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. അവരുടെ വിദ്യാഭ്യാസവും പ്രഫഷണല്‍ യോഗ്യതയും രജിസ്‌ട്രേഷനും സമയബന്ധിതമായി പരിശോധിക്കാനാകാതെ വന്നാല്‍ നഷ്‌ടപ്പെടുന്നത് ഒരു ജോലി അവസരം മാത്രമല്ല;ഒരു കുടുംബത്തിന്റെ വരുമാനസാധ്യത കൂടിയാണ്.
നഴ്‌സുമാരുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച പ്രശ്‌നം അതിനാല്‍ തൊഴില്‍വകുപ്പിന്റെയോ ആരോഗ്യവകുപ്പിന്റെയോ ഒരു സാങ്കേതിക ഫയലായി കാണാനാവില്ല. ഇത് മാനവവിഭവശേഷി ആസൂത്രണത്തിന്റെ പ്രശ്‌നം കൂടിയാണ്.
രാജ്യത്ത് എത്ര നഴ്‌സുമാരുണ്ട്? അവര്‍ ഏതു സംസ്‌ഥാനത്താണ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്? എത്രപേര്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നു? എത്രപേര്‍ സ്വകാര്യ മേഖലയിലാണ്? എത്രപേര്‍ വിദേശത്താണ്? ഏതു പ്രദേശങ്ങളിലാണ് നഴ്‌സുമാരുടെ കുറവ്? ഏതു മേഖലകളിലാണ് അധികം? എത്ര പേര്‍ പുതിയ യോഗ്യതകള്‍ നേടിയിട്ടുണ്ട്? എത്രപേരുടെ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതുണ്ട്?
ഇത്തരം ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ലഭിക്കണമെങ്കില്‍ വിശ്വസനീയമായ ഒരു ലൈവ് ദേശീയ ഡേറ്റാബേസ് അനിവാര്യമാണ്. ലോകാരോഗ്യ സംഘടനയും നഴ്‌സിങ് മേഖലയിലെ മനുഷ്യവിഭവശേഷി ആസൂത്രണത്തിന് കൃത്യമായ ഡേറ്റയുടെ പ്രാധാന്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്ത്യയുടെ എന്‍.ആര്‍.ടി.എസിനെ ഡബ്യു.എച്ച്.ഒയുടെ സ്‌റ്റേറ്റ് ഓഫ് ദ് വേള്‍ഡ്‌സ് നഴ്‌സിങ് 2025 റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ (ഐ.എന്‍.സി.) വ്യക്‌തമാക്കുന്നു.
ദേശീയ രജിസ്‌ട്രി ശക്‌തമാകുന്നത് നഴ്‌സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സഹായിക്കും. വ്യാജ യോഗ്യതകള്‍ തടയാനും, പ്രഫഷണല്‍ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനും, രജിസ്‌ട്രേഷന്‍ പുതുക്കല്‍ ക്രമപ്പെടുത്താനും, സംസ്‌ഥാനങ്ങള്‍ക്കിടയിലെ പ്രഫഷണല്‍ മൊബിലിറ്റി എളുപ്പമാക്കാനും, വിദേശ സ്‌ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ നഴ്‌സുമാരുടെ യോഗ്യതകള്‍ വേഗത്തില്‍ പരിശോധിക്കാനും ഏകീകൃത സംവിധാനം സഹായിക്കും. കഴിഞ്ഞ ഏപ്രിലിലെ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയിലും 2019ലെ എന്‍.ആര്‍.ടി.എസ്. ചട്ടങ്ങളുടെ ലക്ഷ്യമായി ദേശീയ ഏകീകൃത ഡേറ്റാബേസ്, രജിസ്‌ട്രേഷന്റെ സുതാര്യതയും ട്രേസബിലിറ്റിയും, സംസ്‌ഥാനങ്ങള്‍ക്കിടയിലെ പരസ്‌പര അംഗീകാരവും ഡ്യൂപ്ലിക്കേഷന്‍ തടയലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ആന്റോ ആന്റണി എം.പി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്‌ക്ക് നല്‍കിയ കത്തില്‍ ആറുമാസത്തിനകം മുഴുവന്‍ രജിസ്‌റ്റര്‍ ചെയ്‌ത നഴ്‌സുമാരെയും എന്‍.ആര്‍.ടി.എസിലേക്ക് ഉള്‍പ്പെടുത്തി നാഷണല്‍ യുണീക്ക് ഐഡന്റിറ്റി (എന്‍.യു.ഐ.ഡി.) കാര്‍ഡുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം രാഷ്‌ട്രീയപരമായതാകാം;എന്നാല്‍ അതിന് പിന്നിലുള്ള പ്രശ്‌നം രാഷ്‌ട്രീയത്തിനപ്പുറത്തുള്ളതാണ്.
ആറുമാസം എന്ന സമയപരിധി യാഥാര്‍ഥ്യമാക്കാന്‍ കഴിയുമോ എന്നതാണ് ഇനി ചോദ്യം. കഴിയുമെങ്കില്‍ അതിനായി കേന്ദ്രം സംസ്‌ഥാനങ്ങളുമായി സമയബന്ധിതമായ പ്രവര്‍ത്തനപദ്ധതി പ്രഖ്യാപിക്കണം. ഓരോ സംസ്‌ഥാനത്തിനും ലക്ഷ്യം നിശ്‌ചയിക്കണം. ഓരോ മാസവും പുരോഗതി പ്രസിദ്ധീകരിക്കണം. എന്‍.ഒ.സി., റെസിപ്രോക്കല്‍ രജിസ്‌ട്രേഷന്‍, പുതുക്കല്‍, രേഖകളുടെ പരിശോധന തുടങ്ങിയ സേവനങ്ങള്‍ക്ക് പരമാവധി സമയപരിധി നിശ്‌ചയിക്കണം. പ്രശ്‌നം സാങ്കേതികമാണെങ്കില്‍ അത് പരിഹരിക്കണം;ഭരണപരമാണെങ്കില്‍ ഉത്തരവാദികളായ സ്‌ഥാപനങ്ങളെ ഉത്തരവാദിത്വത്തിലാക്കണം.
രാജ്യത്തിന്റെ ആരോഗ്യസംവിധാനത്തിന്റെ നട്ടൈല്ലന്ന് നഴ്‌സുമാരെ വിശേഷിപ്പിക്കുന്നത് ചടങ്ങുകളിലെ വാക്കുകളായി മാറരുത്. ആ വാക്കുകള്‍ ഭരണനടപടികളിലും പ്രതിഫലിക്കണം. ഒരു നഴ്‌സിന്റെ സേവനം രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതാണെങ്കില്‍, അവരുടെ തൊഴില്‍രേഖ സംരക്ഷിക്കുന്നതും ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.
കെ.ജി. സന്ദീപ്







Comments