
ഒസ്ലോ: 'വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്'( ഡബ്ല്യുഎഫ്പി) സമാധാനത്തിനുള്ള നോബേല്‍ പുരസ്കാരം. പട്ടിണിയെ ചെറുക്കാനും സംഘര്‍ഷഭരിതമായ പ്രദേശങ്ങളില്‍ സമാധാനം സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ക്കാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിനെ പുരസ്കാരത്തിനര്ഹമാക്കിയതെന്ന് നോബേല്‍ കമ്മിറ്റി വ്യക്തമാക്കി.
യുദ്ധത്തിന്റെയും സംഘട്ടനത്തിന്റെയും ആയുധമായി പട്ടിണി ഉപയോഗിക്കുന്നത് തടയാനുള്ള ശ്രമങ്ങളില്‍ ഒരു പ്രേരകശക്തിയായി സംഘടന പ്രവര്‍ത്തിച്ചുവെന്നും നോബേല്‍ കമ്മിറ്റി ചുണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയുടെ ഭക്ഷയസഹായ ശാഖയും ലോകത്തിലെ ഏറ്റവും വലിയ മാനുഷിക സംഘടനയുമാണ് ലോക ഭക്ഷ്യ പദ്ധതി. ഇറ്റലിയിലെ റോം ആസ്ഥാനമായി 1961 ലാണ് ഭക്ഷ്യ സഹായ പദ്ധതി നിലവില്‍ വന്നത്.
ഈ യുഎന്‍ സംഘടന 97 മില്യണോളം ജനങ്ങളെ കഴിഞ്ഞ വര്‍ഷം മാത്രം സഹായിച്ചു. 88 രാജ്യങ്ങളിലായി 15 ബില്യണോളം റേഷനാണ് വിതരണം ചെയ്തത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പുരോഗതി കൈവരിച്ചിട്ടും, നിലവിലെ പ്രവണതകള്‍ തുടരുകയാണെങ്കില്‍ 2030 ഓടെ പട്ടിണി നിര്‍മ്മാര്‍ജനം ചെയ്യാനുള്ള യുഎന്നിന്റെ ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് വിദഗ്ധര്‍ അഭിപ്രായമുയര്‍ത്തുന്നു. സംഘടനയുടെ കണക്ക് പ്രകാരം 690 മില്യണ്‍ ആളുകളാണ് ലോകത്ത് പട്ടിണിയില്‍ കഴിയുന്നത്. അതായത് 11 ല്‍ ഒരാള്‍ ഒഴിഞ്ഞ വയറോടെയാണ് ഉറങ്ങുന്നത്.






