
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഭീം ആര്‍മിക്കും പോപ്പുലര്‍ ഫ്രണ്ടിനും തമ്മില്‍ ബന്ധമില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ഹത്രാസ് കേസില്‍ പ്രതിഷേധം നടത്താന്‍ കോടികള്‍ ഒഴുകിയെന്നുമുള്ള ഊഹാപോഹങ്ങളും തള്ളി. ഹത്രാസ് കേസില്‍ ഭീം ആര്‍മി ഇടപെട്ടതിന് പിന്നാലെ രണ്ടു സംഘടനകളും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലും ഹത്രാസ് കേസില്‍ പ്രതിഷേധം നടത്താനായി 100 കോടി രൂപ വന്നെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
കേരളത്തിലും കര്‍ണാടകത്തിലും വ്യാപകമായിട്ടുള്ള ഇസഌമിക സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. ഇവര്‍ക്ക് പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധങ്ങളില്‍ പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ നേരത്തേ ഉയര്‍ന്നിരുന്നു. ഹത്രാസില്‍ കൂട്ടബലാത്സംഗം ആരോപിക്കപ്പെട്ട് മരണത്തിന് കീഴടങ്ങിയ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരേ യുപി പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ടുമായി സംഘടനയ്ക്ക് ബന്ധം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കണ്ടെത്തല്‍ വന്നിരിക്കുന്നത്.
ഹത്രാസ് കേസില്‍ ഇടപെട്ട് ഭീം ആര്‍മിയും മറ്റ് സംഘടനകളും പെണ്‍കുട്ടിയുടെ കുടുംബത്തിന് തെറ്റിദ്ധാരണ പരത്തുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. യുപി മുന്‍ ഡിജിപി ബ്രിജ്ലാല് ഇന്ത്യാ ടുഡേയോടാണ് ഇക്കാര്യം പറഞ്ഞത്. ഇതിന്റെ ഭാഗമായിട്ടാണ് യുപി പോലീസ് തങ്ങളെ വീട്ടു തടങ്കലില്‍ ആക്കിയിരിക്കുകയാണെന്നും ആരേയും കാണാന്‍ അനുവദിക്കുന്നില്ലെന്നും അലഹബാദ് ഹൈക്കോടതിയില്‍ കുടുംബം ഹര്‍ജി നല്‍കിയതെന്നും പറഞ്ഞു.
ചന്ദ്രശേഖര്‍ ആസാദ് തന്റെ അനുയായികളുമായി യുവതിയെ ആശുപത്രിയില്‍ വന്നു കണ്ടതിന് ശേഷമാണ് സംഭവത്തിന് പുതിയ തിരിവ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മകളുടെ മരണത്തോടെ കനത്ത സമ്മര്‍ദ്ദം അനുഭവിക്കുന്ന കുടുംബം വിവിധ കോണുകളില്‍ നിന്നുള്ള വിവിധ നിര്‍ദേശങ്ങള്‍ വരുന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ ആകെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ഇപ്പോള്‍ അവര്‍ക്ക് സിബിഐ അന്വേഷണവും നുണപരിശോധനയും വേണ്ടെന്നും പറഞ്ഞു.
പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് പകരം ഇരയുടെ കുടുംബത്തെ നാര്‍ക്കോ ടെസ്റ്റിന് വിധേയമാക്കാന്‍ ഒരുങ്ങിയ യുപി സര്‍ക്കാരിന്റെ നീക്കത്തിന് എതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഹത്രാസില്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക്് പോകുന്ന വഴിയില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം ആരോപിച്ച് മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറ്സ്റ് ചെയ്യകയും ഉണ്ടായിരുന്നു. രാജ്യദ്രോഹത്തിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.






