
കൊച്ചി: അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ മർദിച്ച സംഭവത്തിൽ ഡബ്ബിങ് ആർറ്റിസ്റ്റ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും.
ഇവരുടെ മുൻകൂര്‍ ജാമ്യാപേക്ഷ കീഴ് കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സംഘം ഹൈക്കോടതിയെ സമീപിക്കുന്നത്. യൂടൂബറെ മുറിയിൽ കയറി കൈയേറ്റം ചെയ്ത കേസിൽ മുൻകൂർ ജാമ്യം തള്ളിയതോടെ അറസ്റ്റിന് തുനിഞ്ഞ പൊലീസ് തൽക്കാലം ഹൈക്കോടതിയിൽ ഇവർ സമർപ്പിക്കുന്ന മുൻകൂർ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടർനടപടികളെന്ന നിലപാടിലാണ്.
കൈയേറ്റം വ്യക്തമാണെന്നിരിക്കെ മുൻകൂർജാമ്യ ഹർജിയിൽ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനമെന്താകുമെന്നത് നിർണായകമാണ്. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹർജിയെ സെഷൻസ് കോടതിയിൽ പൊലീസ് ശക്തമായി എതിർത്തിരുന്നു. അതിനിടെ സൈനികരെ അപമാനിച്ചെന്ന പരാതിയിലും പൊലീസ് വിജയ് പി നായരുടെ അറസ്റ്റ് രേഖപ്പെടുത്തി.






