
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.ഐ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് ഇന്ന് കോടതിയില്‍ ഹാജരായി. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരായത്. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷം ശ്രീറാമിനെ കോടതി ജാമ്യത്തില്‍ വിട്ടു.
കഴിഞ്ഞ രണ്ടു തവണ കോടതി നോട്ടീസ് അയച്ചിട്ടും ശ്രീറാം ഹാജരായിരുന്നില്ല. ഇതേതുടര്‍ന്ന് ഇന്ന് ഹാജരാകണമെന്ന് കാണിച്ച് ശ്രീറാമിന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു. കേസ് ഇനി വിചാരണ നടപടികള്‍ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റും.
കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് കഴിഞ്ഞ തവണ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. അവര്‍ക്കെതിരായ കുറ്റപത്രവും ആ ഘട്ടത്തില്‍ വായിച്ചു കേള്‍പ്പിച്ചിരുന്നു.
2019 ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് ബഷീര്‍ കൊല്ലപ്പെടുന്നത്. മദ്യലഹരിയില്‍ അമിത വേഗയിലാണ് ശ്രീറാം കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.






