മുംബൈ: റേറ്റിംഗ് തട്ടിപ്പ് കേസില്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കാന്‍ റിപ്പബ്ലിക് ടിവിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്കി. ടി.ആര്.പി തട്ടിപ്പിനെതിരായ മുംബൈ പോലീസിന്റെ അന്വേഷണം ചോദ്യം ചെയ്താണ് റിപ്പബ്ലിക് ടി.വി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ റിപ്പബ്ലിക് ടി.വി പ്രവര്‍ത്തിക്കുന്നത് ബോംബൈ ഹൈക്കോടതിയുടെ പരിധിയിലായതിനാല്‍ ഹൈക്കോടതിയെ തന്നെ സമീപിക്കാന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദ്ദേശിച്ചു.
ഹൈക്കേടതികളില് വിശ്വാസമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നത് ആശാങ്കാജനകമാണെന്നും ചന്ദ്രചൂഢ് കൂട്ടിച്ചേര്‍ത്തു. ബോംബെ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി. സുപ്രീം കോടതി ഇത് അനുവദിക്കുകയും ചെയ്തു.
റിപ്പബ്ലിക് ടി.വി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിംഗില്‍ കൃത്രിമം കാണിക്കുന്നതായി കഴിഞ്ഞ ആഴ്ചയാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഫക്ത് ഭാരതിന്റെയും ബോക്സ് സിനിമയുടെയും ഉടമസ്ഥരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ടി.ആര്.പി മീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്ന വീടുകളില്‍ ഒരേ ചാനല്‍ തന്നെ ഓഫാക്കാതെ വച്ച് കൃത്രിമ റേറ്റിംഗ് സൃഷ്ടിക്കുന്നതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
വീടുകളില്‍ സ്ഥാപിച്ചിരിക്കുന്ന ടി.ആര്.പി മീറ്ററുകളില്‍ കൃത്രിമം കാട്ടി, അനധികൃതമായി പരസ്യ വരുമാനം സമ്പാദിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനായി ചില വീടുകളില്‍ റിപ്പബ്ലിക് ടി.വി തുടര്‍ച്ചയായി വയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി മാസം 4500 രൂപ വരെ പ്രതിഫലം നല്‍കുന്നതായും കണ്ടെത്തി.






