മുംബൈ: ടി.ആര്.പി തട്ടിപ്പ് കേസില്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ കോടതിയെ സമീപിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍. ടി.ആര്.പി തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്കുന്നതില് നിന്ന് റിപ്പബ്ലിക് ടി.വിയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഇക്ബാല്‍ ഷെയ്ഖ് സിറ്റി സിവില്‍ കോടതിയില്‍ ഹര്‍ജി നല്കി. ടി.ആര്.പി തട്ടിപ്പ് കേസില്‍ മുംബൈ പോലീസിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ നിരന്തരം സംപ്രേക്ഷണം ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതി.
മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ പരാതിയില്‍ കാണ്ഡിവാലി പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. അര്‍ണാബ് ഗോസ്വാമിയും റിപ്പബ്ലിക് ചാനലും കുറ്റാരോപിതരായ കേസിലാണ് റിപ്പബ്ലിക് ചാനല്‍ ചര്‍ച്ച നടത്തി സ്വന്തം ഭാഗം ന്യായീകരിക്കുകയും മുംബൈ പോലീസിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇക്ബാല്‍ ഷെയ്ഖ് പരാതി നല്‍കിയത്.
ഗോസ്വാമിയുടെ ചര്‍ച്ചകള്‍ അന്വേഷണത്തെ സ്വാധീനിക്കാനിടയുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണം നടക്കുന്ന കേസുകളില്‍ ചര്‍ച്ചകള്‍ നടത്തുന്നത് സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പരാതിക്കാരന് പറഞ്ഞു. റിപ്പബ്ലിക് ടി.വി അടക്കം മൂന്ന് ചാനലുകള്‍ റേറ്റിംഗ് തട്ടിപ്പ് നടത്തിയെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പബ്ലിക് ടിവി തുടര്‍ച്ചയായി ഓണാക്കി വയ്ക്കാന്‍ ബാര്‍ക് മീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്ന വീടുകളില്‍ പണം നല്‍കിയെന്നാണ് കേസ്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥ റേറ്റിംഗ് അട്ടിമറിക്കാന്‍ ശതകോടികളുടെ ഇടപാടാണ് നടന്നിരിക്കുന്നതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ബാര്‍ക്ക് റേറ്റിംഗില്‍ ഒന്നാമത് വരുന്നതിലൂടെ കോടികളുടെ പരസ്യവരുമാനം സ്വന്തമാക്കുന്നതിനാണ് റിപ്പബ്ലിക് ടി.വി റേറ്റിംഗ് തട്ടിപ്പ് നടത്തിയത്.






