
ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്നലെ തിരശീല വീണു. 71 മണ്ഡലങ്ങളിലേക്ക് 28-നാണ് ആദ്യഘട്ട വിധിയെഴുത്ത്. പിന്നീട് നവംബര്‍ മൂന്നിനും ഏഴിനുമായി രണ്ടു ഘട്ടംകൂടി. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തു നടക്കുന്ന ആദ്യ തെരഞ്ഞെുപ്പാണിത്. നവംബര്‍ 10-നാണ് ഫലപ്രഖ്യാപനം. 243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ആദ്യഘട്ട പ്രചാരണം അവസാനിക്കുമ്പോള്‍ ചിത്രം വ്യക്തമല്ലാത്ത നിലയിലാണു സംസ്ഥാന രാഷ്ട്രീയം. ബി.ജെ.പിയുടെയും നരേന്ദ്ര മോഡിയുടെയും പിന്തുണയോടെ നാലാം തവണയും മുഖ്യമന്ത്രി പദത്തിലേറാനാണ് നിതീഷ് കുമാര്‍ കച്ചമുറുക്കുന്നത്. എന്നാല്‍ നിതീഷിന്റെ പരിചയസമ്പത്തിന് ഇക്കുറി ഗോദയില്‍ വെല്ലുവിളി ഉയര്‍ത്തുന്നത് യുവരക്തങ്ങളാണ്. സഖ്യകക്ഷികളില്‍ പലതും വിട്ടുപോയിട്ടും യുവത്വത്തിന്റെ ആത്മവിശ്വാസവുമായാണ് ആര്.ജെ.ഡി. സ്ഥാപക നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവ് പടനയിക്കുന്നത്.
തേജ്വസിക്കൊപ്പം നിതീഷിനു വെല്ലുവിളി ഉയര്‍ത്തുന്നത് മറ്റൊരു യുവനേതാവാണ്. അന്തരിച്ച കേന്ദ്രമന്ത്രിയും എല്‍.ജെ.പി. നേതാവുമായ രാംവിലാസ് പസ്വാന്റെ മകന് ചിരാഗ് പസ്വാന്. ബി.ജെ.പിക്കൊപ്പമാണ് എല്‍.ജെ.പിയെങ്കിലും നിതീഷ് കുമാറിന്റെ ഏകാധിപത്യ ഭരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ചിരാഗ് എന്‍.ഡി.എ. വിട്ട് ഒറ്റയ്ക്കു മത്സരിക്കാന്‍ തയാറായത്.
സംസ്ഥാനത്ത് ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്കെതിരേ മത്സരിക്കില്ലെന്നു പ്രഖ്യാപിച്ച ചിരാഗ് തന്റെ ലക്ഷ്യം നിതീഷിനെ സ്ഥാനഭ്രഷ്ടനാക്കുകയാണെന്നും വെല്ലുവിളിച്ചിരുന്നു. ചിരാഗ് പസ്വാന് പിടിക്കുന്ന വോട്ടുകളും ഇക്കുറി നിര്‍ണായകമാകും. നിതീഷ് കോട്ട കാക്കുമോ, തേജ്വസി ആര്.ജെ.ഡിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ചിരാഗ് പസ്വാന് അദ്ഭുതം സൃഷ്ടിക്കുമോയെന്നും കണ്ടറിയണം.
** നാലാമൂഴത്തിന് നിതീഷ്
സംസ്ഥാനം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടിയാണ് നിതീഷ് കുമാറും ജെ.ഡിയുവും വോട്ടു തേടുന്നത്. ഒന്നര പതിറ്റാണ്ട് കാലത്തെ ഭരണമികവുകളാണ് നിതീഷ് ജനങ്ങള്‍ക്കു മുന്നില്‍വയ്ക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പിയുടെയും നരേന്ദ്ര മോഡിയുടെയും പ്രഭാവത്തെ ഒറ്റയ്ക്കു തോല്പിച്ചു മഹാസഖ്യത്തെ നയിച്ചാണ് നിതീഷ് അധികാരത്തിലേറിയത്. ലാലുവിനൊപ്പം ചേര്‍ന്നു നിതീഷ് പടനയിച്ചപ്പോള്‍ അമിത്ഷായുടെ ചാണക്യ ബുദ്ധിക്കും മോഡിയുടെ വ്യക്തിപ്രഭാവത്തിനും പിടിച്ചു നില്ക്കാനായില്ല.
പിന്നീട് ബി.ജെ.പിയുടെ വളര്‍ച്ച മനസിലാക്കി മറുകണ്ടം ചാടിയ നിതീഷ്, ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കി നിലകാത്തു. എന്നാല്‍ ഇക്കുറി നിതീഷിന് കാര്യങ്ങള്‍ അത്രകണ്ട് എളുപ്പമല്ല. ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് ഉയരുന്നതെന്നു രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് മഹാമാരിക്കാലത്തു നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചര്‍ച്ചയാകുന്നുണ്ട്. ഇവിടെ നിതീഷിന് തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. കോവിഡ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്ത രീതി കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
ബിഹാറിലുണ്ടായ വെള്ളപ്പൊക്കം കൈകാര്യംചെയ്ത രീതിയിലും വോട്ടര്‍മാര്‍ക്കിടയില്‍ അതൃപ്തിയുണ്ട്. കോവിഡിനെത്തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തൊഴില്‍നഷ്ടപ്പെട്ട ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതി പ്രഖ്യാപിക്കാനോ പകരം തൊഴില്‍ നല്‍കാനും കഴിയാതെ പോയതും നിതീഷിന് തിരിച്ചടിയാകം.
ഇതിനു പുറമേയാണ് ചിരാഗ് പസ്വാന് ഉയര്‍ത്തുന്ന വെല്ലുവിളി. ദളിത് പിന്നാക്ക വിഭാഗങ്ങളെ പിന്തുണക്കുന്ന ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും, രാഷ്ട്രീയ ലോക്സമത പാര്‍ട്ടിയുടെ ഒരു വിഭാഗവും ജെ.ഡി.യുവിന് ഒപ്പമുണ്ട്. എന്നാല്‍ ദളിതരുടെ ഒന്നടങ്കം പ്രിയപ്പെട്ട നേതാവായ രാംവിലാസ് പസ്വാന്റെ മകന് വോട്ട് അഭ്യര്‍ഥിക്കുമ്പോള്‍ ദളിത് വോട്ട് ബാങ്ക് എങ്ങനെ ചോരാതെ പിടിച്ചുനിര്‍ത്താമെന്നാണ് ജെ.ഡി.യു. വൃത്തങ്ങള്‍ തലപുകയ്ക്കുന്നത്.
ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കടുത്ത പിന്തുണയിലാണ് നിതീഷ് പ്രതീക്ഷ പുലര്‍ത്തുന്നത്. 12 റാലികളിലാണ് മോഡി നേരിട്ടെത്തി സംസാരിക്കുന്നത്. മോഡിയെക്കുടാതെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും രംഗത്തിറക്കി ഭൂരിപക്ഷ വോട്ടുകള്‍ പിടിച്ചു നിര്‍ത്തുന്ന തന്ത്രമാണ് നിതീഷ് പയറ്റുന്നത്. മോഡിയുടെ വ്യക്തിപ്രഭാവവും രാമക്ഷേത്ര നിര്‍മാണവും മറ്റും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ.
*** അച്ഛന്റെ നിഴലില്‍നിന്നു മാറി തേജസ്വി
1977-നു ശേഷം ബിഹാറില്‍ ആദ്യമായി ലാലുപ്രസാദ് യാദവിന്റെ ചിത്രം ഇല്ലാതെ നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ആര്.ജെ.ഡിയെ നയിക്കാന്‍ അച്ഛന്റെ നിഴലില്‍ നിന്നു മാറിയാണ് തേജ്വസി യാദവ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ലാലുവിന്റെ ചിത്രം പാര്‍ട്ടി ബാനറുകളിലോ ചുവരെഴുത്തിലോ ഇല്ല. യുവ ബിഹാറിനു വേണ്ടി വോട്ട് ചെയ്യാനാണ് തേജസ്വിയുടെ ആഹ്വാനം.
യുവാക്കളുടെ പ്രതീക്ഷകളുടെയും വികസനസ്വപ്നങ്ങളുടെയും മുഖമാണ് താനെന്നും തനിക്ക് അവസരം നല്കിയാല് യുവാക്കള്‍ നേരിടുന്ന തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണുമെന്നുമുള്ള തേജസ്വിയുടെ പ്രഖ്യാപനം യുവാക്കള്‍ക്കിടയില്‍ ചലനം സൃഷ്ടിച്ചിട്ടുണ്ട്. തേജ്വസി നയിക്കുന്ന റാലികളുടെ വന്‍ ജനക്കൂട്ടം അതിന്റെ തെളിവാണ്. എന്നാല്‍ മഹാസഖ്യത്തിനെ ഭിന്നതകള്‍ തേജസ്വിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഭരണവിരുദ്ധ വികാരം ഉയര്‍ത്തി വോട്ടുതേടുമ്പോഴും സ്വന്തം പാളയത്തില്‍ നിന്നുള്ള ചോര്‍ച്ച തടയാനാകുന്നില്ലെന്നതാണ് തേജസ്വിയ്ക്ക് വിനയാകുന്നത്. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും രാഷ്ട്രീയ ലോക്സമത പാര്‍ട്ടിയും സഖ്യം വിട്ടതു തിരിച്ചടിയായി. എന്നാല്‍ സി.പി.ഐ.എം.എല്‍. അടക്കമുള്ള ഇടത് പാര്‍ട്ടികളുടെ സാന്നിധ്യം ദളിത് പിന്നാക്ക മേഖലകളില്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
എന്‍.ഡി.എ. ഭരണത്തിനു കീഴില്‍ ദളിതര്‍ നേരിടുന്ന പീഡനങ്ങള്‍ ഹത്രാസ് അടക്കമുള്ള സംഭവങ്ങള്‍ ചര്‍ച്ചയാക്കി തേജസ്വി ഉന്നയിക്കുന്നുണ്ട്. ഒരു കാലത്ത് ആര്.ജെ.ഡിയുടെ വോട്ട് ബാങ്ക് ആയിരുന്ന ദളിത് വിഭാഗങ്ങള്‍ ഇക്കുറി തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. യാദവ, മുസ്ലീം വിഭാഗങ്ങളുടെ പിന്തുണ കൂടിയാകുമ്പോള്‍ വിജയം സുനിശ്ചിതമെന്നു ആര്.ജെ.ഡി. കണക്കു കൂട്ടുന്നു. നിതീഷിനോട് ഇടഞ്ഞ് എല്‍.ജെ.പി. ഒറ്റയ്ക്കു മത്സരിക്കുന്നതും തങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് അവര്‍ അവകാശപ്പെടുന്നു.
**** നിതീഷിനെ വീഴ്ത്താന്‍ ചിരാഗ്
ബിഹാറില്‍ എന്‍.ഡി.എ. എന്നാല്‍ ബി.ജെ.പി, ജെ.ഡി.യു, എച്ച്.എ.എം, വി.ഐ.പി എന്നീ പാര്‍ട്ടികളാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവര്‍ത്തിച്ചു വ്യക്തമാക്കിയ ശേഷവും നിതീഷിനും ജെ.ഡി.യുവിനുമെതിരേ സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ചിരാഗ് പസ്വാന്.
ദളിത് വിഭാഗങ്ങളുടെ പ്രിയങ്കരനായ രാംവിലാസ് പസ്വാന്റെ വ്യക്തിപ്രഭാവം ഉയര്‍ത്തിക്കാട്ടിയാണ് ചിരാഗ് യുദ്ധത്തിനിറങ്ങുന്നത്. കേന്ദ്രത്തില്‍ എന്‍.ഡി.എ. സഖ്യകക്ഷിയാണെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ നിതീഷിന്റെ നിലപാടുകളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് ചിരാഗ് മുന്നണി വിട്ടു മത്സരിക്കുന്നത്.
തന്റെ ലക്ഷ്യം എന്‍.ഡി.എയുടെ തോല്‍വിയല്ല നിതീഷിന്റെ മാത്രം തോല്‍വിയാണെന്നാണ് ചിരാഗിന്റെ പക്ഷം. സംസ്ഥാനത്ത് ജെ.ഡി.യുവിനും എച്ച്.എ.എമ്മിനുമെതിരേ മാത്രമേ എല്‍.ജെ.പി. സ്ഥാനാര്‍ഥികളെ നിര്ത്തിയിട്ടുള്ളൂവെന്നതും ശ്രദ്ധേയമാണ്.
പരമ്പരാഗതമായ ദളിത് വോട്ടുകളിലാണ് ചിരാഗിന്റെ പ്രതീക്ഷ. അടുത്തിടെ അന്തരിച്ച പിതാവിനോടുള്ള ജനങ്ങളുടെ സ്നേഹം തനിക്കു വോട്ടായി മാറുമെന്നാണ് ചിരാഗിന്റെ വിശ്വാസം. ഹൈന്ദവവികാരം ഉണര്‍ത്തി ഉയര്‍ന്ന ജാതിയില്‍ നിന്നു വോട്ടു തേടാനും ചിരാഗ് ശ്രമിക്കുന്നുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തേക്കാള്‍ വലിയ സീതാ ദേവീക്ഷേത്രം ബിഹാറില്‍ ഉയരണമെന്ന പ്രഖ്യാപനം ഇതു ലക്ഷ്യം വച്ചാണ്.
എന്നാല്‍ ചിരാഗിനെ തള്ളിപ്പറഞ്ഞു പ്രധാമന്ത്രി നരേന്ദ്ര മോഡി തന്നെ ബിഹാറില്‍ റാലി നയിച്ചത് എല്‍.ജെ.പിക്കു തിരിച്ചടിയായി. മോഡി-അമിത് ഷാ കൂട്ടുകെട്ടിന്റെ മനമറിഞ്ഞാണ് ചിരാഗ് മത്സരിക്കുന്നതെന്നായിരുന്നു എല്‍.ജെ.പിയുടെ അവകാശവാദം. ഇതിലൂടെ വോട്ട് ഭിന്നിപ്പിക്കാനായിരുന്നു ശ്രമം. ആ നീക്കത്തിനാണ് മോഡി തിരിച്ചടി നല്‍കിയത്.
*** കാറ്റ് എങ്ങോട്ട്?
കടുത്ത ത്രികോണ മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. നിതീഷിന്റെ പരിചയസമ്പത്തിനൊപ്പമായിരിക്കുമോ ജനം അതോ തേജസ്വിയുടെയും ചിരാഗിന്റെ യുവത്വത്തിനൊപ്പം നില്‍ക്കുമോയെന്നു നവംബര്‍ 10-ന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ അറിയാനാകൂ. ജാതി സമവാക്യങ്ങളാലും രാഷ്ട്രീയക്കളികളാലും അത്രകണ്ട് കലങ്ങി മറിഞ്ഞിരിക്കുകയാണ് സംസ്ഥാന രാഷ്ട്രീയം.
ശ്യാം ശശീന്ദ്രന്






