
ന്യൂഡല്‍ഹി : ഓസ്ട്രേലിയന്‍ പര്യടനത്തിലുള്ള ഏകദിന ടീമില്‍ നിന്നും ടെസ്റ്റില്‍ നിന്നും പന്തിനെ ഒഴിവാക്കിയതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. എന്നാല്‍ താരത്തെ വൈറ്റ് ബോള്‍ ടീമിലേക്ക് ബിസിസിഐ ഉള്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
ഫിറ്റ്നസിലെ പ്രശ്നമാണ് താരത്തെ ഏകദിന, ട്വന്റി20 ടീമുകളില്‍ നിന്ന് മാറ്റി നിര്‍ത്തിയത് എന്നാണ് റിപ്പോര്‍ട്ട്. പന്തിന്റെ ഫിറ്റ്നസ് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയോടെ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. പന്തിന്റെ ഭാരക്കൂടുതല്‍ സംബന്ധിച്ച് ടീം ഇന്ത്യയുടെ ഫിറ്റ്നസ് ട്രെയ്നര്‍ റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന.
ഫീല്‍ഡിലെ പന്തിന്റെ പ്രകടനം എന്തായിരുന്നാലും, ഫിറ്റ്നസ് റിപ്പോര്‍ട്ട് വന്നതിന് ശേഷമാവും ബിസിസിഐയും സെലക്ടര്‍മാരും അന്തിമ തീരുമാനം എടുക്കുക. ട്രെയ്നര്‍ നിക്ക് വെബുമായി സംസാരിച്ചതിന് ശേഷമായിരിക്കും തീരുമാനം. ആവശ്യമെങ്കില്‍ പന്തിനെ ഏകദിന, ട്വന്റി20 ടീമിനൊപ്പം ചേര്‍ക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐപിഎല്‍ സീസണിലും മികച്ച പ്രകടനം പന്തില്‍ നിന്ന് വന്നിട്ടില്ല. 11ല്‍ ഏഴ് കളിയിലും ഡല്‍ഹി ജയിച്ചെങ്കിലും താളം കണ്ടെത്താന്‍ പന്തിന് സാധിച്ചിട്ടില്ല. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരായ ഡല്‍ഹിയുടെ കഴിഞ്ഞ കളിയില്‍ 32 പന്തില്‍ നിന്നാണ് പന്ത് 30 റണ്‍സ് നേടിയത്. സ്ട്രൈക്ക്റേറ്റ് 100ല്‍ താഴേയും.




