
കാന്‍സര്‍ എന്ന മഹാമാരിക്ക് എതിരെ പോരാടുന്ന യുവാവാണ് നന്ദു മഹാദേവ. ശരീരത്തിന്റെ പല ഭാഗങ്ങളില്‍ കാന്‍സര്‍ പിടികൂടി തളര്‍ത്താന്‍ ശ്രമിച്ചെങ്കിലും വീണ് കൊടുക്കാന്‍ നന്ദു തയ്യാറായിരുന്നില്ല. ഒരു കാല് നഷ്ടപ്പെട്ടെങ്കിലും കാന്‍സറിനെതിരെ പടവെട്ടി ജീവിക്കുകയാണ് നന്ദു. ഇപ്പോള്‍ വീണ്ടും സ്കാനിംഗിന് വിധേയനാകുന്നതിനെ കുറിച്ച് പറയുകായണ് നന്ദു. ഫേസ്ബുക്കിലൂടെയാണ് നന്ദു ഇക്കാര്യം വെളിപ്പെടുത്തിയത്.
നന്ദുവിന്റെ കുറിപ്പ് ഇങ്ങനെ;
നാളെ സ്കാനിംഗ് ആണ്.നിര്‍ണ്ണായകമാണ്.അതികഠിനമായ സഹനങ്ങളിലൂടെ കടന്നു പോകുകയാണ്.ഒന്നുകില്‍ അത് എന്നെയും കൊണ്ടുപോകും. അല്ലെങ്കില്‍ അതിനെ മലര്‍ത്തിയടിച്ചു ജീവിതത്തിലേക്ക് ഞാന്‍ തിരികെ വരും.എന്തായാലും പോണത് വരെ ഇതുപോലെ ടോപ്പ് ഗിയറില്‍ തന്നെ നമ്മള് പോകും. എന്റെ ഇതുവരെയുള്ള ജീവിതം സത്യത്തില്‍ കടുക് പൊട്ടിത്തെറിച്ചത് പോലെയുള്ളതായിരുന്നു. പലപ്പോഴും എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാക്കുന്നതിന് മുന്‍പ് അതെന്നെ അങ്ങോട്ടും ഇങ്ങോട്ടും എടുത്തെറിഞ്ഞു. ഞാന്‍ എവിടെയൊക്കെയോ പോയി വീണു. ഉടലും ഉയിരും തമ്മില്‍ പലവട്ടം വേര്‍പെടാന്‍ ശ്രമിച്ചപ്പോഴും ഞാന്‍ വിട്ടു കൊടുത്തിട്ടില്ല. ഇനി വിട്ടുകൊടുക്കുകയും ഇല്ല. ഇത്തരം തീഷ്ണമായ അനുഭവങ്ങള്‍ ജീവിതത്തെ മറ്റൊരു തലത്തില്‍ കാണാന്‍ ഈയുള്ളവനെ പ്രാപ്തനാക്കുകയായിരുന്നു. മനോഹരമായ കണ്ണുകളും ചുണ്ടും ഭംഗിയുള്ള പുരികവും തലമുടിയും താടിയും കട്ട മീശയും ഒക്കെകൂടി എന്ത് രസമായിരുന്നു. ഇപ്പോഴാണെങ്കില്‍ മുടിയൊക്കെ പോയി ചുക്കിചുളിഞ്ഞു കറുത്ത് കരിവാളിച്ച് ഒരുരൂപം.
പക്ഷേ പഠിക്കാന്‍ രണ്ട് വലിയ കാര്യങ്ങളുണ്ട്. ഒന്നാമത്തേത്... നമ്മുടെ രൂപ ഭംഗിയിലൊന്നും ഒരിക്കലും അഹങ്കരിക്കരുത്. നമ്മള് ഒരാളെയും നിറത്തിന്റെ പേരിലും സൗന്ദര്യത്തിന്റെ പേരിലും ഒന്നും കളിയാക്കുകയുമരുത് അളക്കുകയുമരുത്... ഒക്കെ നഷ്ടമാവാന്‍ വെറും നിമിഷങ്ങള്‍ മതി.
രണ്ടാമത്തേത്... നിറമോ മുടിയോ താടിയോ ഭംഗിയോ എന്തുതന്നെ കുറവുണ്ടെങ്കിലും അത് എത്ര വലിയ കുറവായാലും നമുക്ക് സന്തോഷത്തോടെ ഇരിക്കാന്‍ കഴിയും. നല്ല പക്വതയുള്ള മനുഷ്യനായാല്‍ മതി.സ്നേഹിക്കാന്‍ കഴിവുള്ള ഒരു മനസ്സുണ്ടെങ്കില്‍ ഒത്തിരി മനസ്സുകളില്‍ നിന്ന് നിഷ്കളങ്കമായ സ്നേഹം ഇങ്ങനെ നമ്മളിലേക്ക് ഒഴുകിയെത്തും.. ഈ ഭൂമി ഒരു കലാലയമാണ്.പഠനം അവസാനിക്കും തോറും മധുരം കൂടിക്കൂടി വരുന്ന അതിമനോഹരമായൊരു കലാലയം. ഇവിടത്തെ കോഴ്സ് പൂര്‍ത്തിയാകുന്നത് വരെ നമ്മള് ഓരോരുത്തരും ഇവിടെ തന്നെ ഉണ്ടാകും. അവിടത്തെ ലാബില്‍ നിന്ന് പരീക്ഷണങ്ങള്‍ ഒന്നു കഴിയുമ്പോള്‍ മറ്റൊന്ന് എന്ന തോതില്‍ വന്നു കൊണ്ടിരിക്കും.അവയെ ആത്മവിശ്വാസത്തിന്റെ ടെസ്റ്റ് ട്യൂബില്‍ ശുഭാപ്തി വിശ്വാസമെന്ന ഉള്‍പ്രേരകം ചേര്‍ത്തു കൃത്യമായ രാസപ്രവര്‍ത്തനം നടത്തി ശരിയായി അപഗ്രഥിച്ച് അത് സ്വജീവിതത്തില്‍ പകര്‍ത്തിയാല്‍ മാത്രമേ നമ്മള് ജീവിതത്തില്‍ വിജയിക്കുള്ളൂ..
ഈ സ്കാനിംഗ് നിര്‍ണ്ണായകമാണ് എന്നു പറയാന്‍ കാരണമുണ്ട്. ഇതുവരെ നമ്മളെടുത്ത ചികിത്സ എത്രത്തോളം ഫലപ്രദമാണ്? സര്‍ജറി ചെയത് പൂര്‍ണ്ണമായും ട്യൂമറിനെ ഒഴിവാക്കാന്‍ എന്തേലും വഴിയുണ്ടോ? ഇപ്പോഴത്തെ അവസ്ഥ എന്താണ്.തുടങ്ങി എന്റെ മുന്നോട്ടുള്ള ജീവിതം പോലും നാളത്തെ ആ റിസള്‍ട്ടിലാണ്. ചങ്കുകളേ എനിക്കറിയാം ഞാനൊരു നൂല്‍പ്പാലത്തിലാണെന്ന്.പക്ഷേ ഞാന്‍ വരും.വിധിയുടെ വേലിയേറ്റത്തിന് മുകളിലൂടെ വിജയത്തിന്റെ പടക്കപ്പലോടിച്ച് ഞാന്‍ വരും.ഇതുപോലെ ചെറുപുഞ്ചിരിയോടെ. പ്രിയമുള്ളവരുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ എന്നില്‍ നിറയ്ക്കുന്ന ഊര്‍ജ്ജം എത്രയോ വലുതാണ്. നിങ്ങളുടെ ഉള്ളില്‍ എനിക്കുള്ള സ്ഥാനവും സ്നേഹവും എത്രയാണെന്ന് എനിക്കറിയാം. ഇത്തവണയും വേണം ഹൃദയത്തില്‍ നിന്നുള്ള പ്രാര്‍ത്ഥനകള്‍.എന്നെ സ്നേഹിക്കുന്ന എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഓരോരുത്തര്‍ക്കും ഉമ്മകള്‍ ഒപ്പം കേരളപ്പിറവി ആശംസകളും..
NB:ശാരീരികമായി കുറച്ചു ക്ഷീണമുള്ളതിനാല്‍ ചെറിയൊരു വിശ്രമം എടുക്കുകയാണ്...ക്ഷീണമൊക്കെ മാറി ഉഷാറായി ഞാന്‍ വരും ഞെട്ടിക്കുന്ന നല്ലൊരു സന്തോഷവര്‍ത്തയുമായി.






