ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ താരപ്രചാരകന്‍ പദവി പിന്‍വലിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. ജനപ്രാതിനിധ്യ നിയമത്തിന്റെ 77-ാം വിഭാഗം അനുസരിച്ച് ഒരു പാര്‍ട്ടിയുടെ നേതാവ് ആരാകണമെന്ന് തീരുമാനിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എന്ത് അധികാരമാണുള്ളതെന്നും സുപ്രീം കോടതി ചോദിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ വഴിയാണ് കമല്‍നാഥ് സുപ്രീം കോടതിയെ സമീപിച്ചത്. കമല്‍നാഥിനെതിരായ പരാതി ചൂണ്ടിക്കാട്ടി ഒക്‌ടോബര്‍ 26നാണ് താരപ്രചാരകന്‍ പദവി റദ്ദാക്കിയത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരായ പരാമര്‍ശം, ബി.ജെ.പിയുടെ വനിതാ സ്ഥാനാര്‍ത്ഥി ഇമാര്‍ത്ഥി ദേവിക്കെതിരായ ഐറ്റം പരാമര്‍ശം, എന്നിവ ചൂണ്ടിക്കാട്ടിയാണ് കമല്‍നാഥിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത്.
അതേസമയം വിഷയത്തില്‍ കമല്‍നാഥിന്റെ ഭാഗം കേള്‍ക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചതെന്ന് കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചതിനാല്‍ കമല്‍നാഥിന്റെ ഹര്‍ജിയില്‍ പ്രസക്തിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി പറഞ്ഞു. എന്നാല്‍ കമ്മീഷന്റെ വാദം തള്ളിയ സുപ്രീം കോടതി, കമല്‍നാഥിനെതിരായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി റദ്ദാക്കുകയായിരുന്നു.






