
തിരുവനന്തപുരം: തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് മുന്നണികളും പാര്‍ട്ടികളും ആറുമാസത്തിലേറെയായി നടത്തിവന്ന മുന്നൊരുക്കങ്ങള്‍ അവസാന ലാപ്പിലെത്തുമ്പോള്‍ പ്രതിസന്ധിയില്‍. സ്വര്‍ണക്കടത്ത്-അനുബന്ധ കേസുകള്‍ സര്‍ക്കാരിനെയും ഇടതുമുന്നണിയേയും ബുദ്ധിമുട്ടിലാക്കുമ്പോള്‍ ആഭ്യന്തരപ്രശ്നങ്ങളാണു യു.ഡി.എഫിനും ബി.ജെ.പിക്കും തലവേദനയാകുന്നത്.
തുടര്‍ഭരണം അവകാശപ്പെട്ട് മുന്നേറിയ ഇടതുസര്‍ക്കാരിനു വന്പ്രഹരമാണു സ്വര്‍ണക്കടത്ത് കേസ് ഏല്‍പ്പിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളിപ്പിക്കല്‍, ഡോളര്‍ കടത്ത് കേസുകളാണു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയത്. സി.ബി.ഐക്കു മുമ്പേ, ലൈഫ് പദ്ധതി ക്രമക്കേട് അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച വിജിലന്‍സും ശിവശങ്കറിനെ അഞ്ചാംപ്രതിയാക്കി.
കോവിഡ് തുടക്കകാലത്തു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ നിഷ്പ്രഭരായ പ്രതിപക്ഷം സ്പ്രിംഗ്ലര്‍ വിഷയത്തോടെയാണു സജീവമായത്. സ്പ്രിങഌ വിവാദത്തില്‍ വന്‍നേട്ടം അവകാശപ്പെടാനില്ലെങ്കിലും സര്‍ക്കാരിനെ സംശയനിഴലിലാക്കാന്‍ യു.ഡി.എഫിനു കഴിഞ്ഞു. സ്വര്‍ണക്കടത്ത് കേസ് വന്നതോടെ കാര്യങ്ങള്‍ അടിമുടി മാറി. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം മുന്നേറി. എന്നാല്‍, ആഭ്യന്തരപ്രശ്നങ്ങള്‍ പതിവുപോലെ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വലയ്ക്കുന്നു. തദ്ദേശതെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ഏറെക്കുറെ കീറാമുട്ടിയാണ്.
സാഹചര്യങ്ങള്‍ യു.ഡി.എഫിന് അനുകൂലമാണെന്ന തോന്നല്‍ ശക്തമായതോടെ കോണ്‍ഗ്രസില്‍ നേതൃത്വമേറ്റെടുക്കാന്‍ തള്ളിക്കയറ്റമാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുംതന്നെയാണു സാധ്യതകളില്‍ മുന്നിലെങ്കിലും കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തുണ്ട്. എന്നാല്‍, പ്രതിഛായ കളയുന്ന ''അധികപ്രസംഗങ്ങള്‍'' അദ്ദേഹത്തിനു വിനയായേക്കും. സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും അവസാനനിമിഷം രംഗത്തുവന്നേക്കും.
തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജോസ് പക്ഷം മുന്നണി വിട്ടതും യു.ഡി.എഫിന് ആശങ്ക സമ്മാനിക്കുന്ന ഘടകമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച ബി.ജെ.പിക്കും ആഭ്യന്തരകലാപം തിരിച്ചടിയാണ്. ദേശീയ അന്വേഷണ ഏജന്‍സികളുടെ രംഗപ്രവേശം ഗുണകരമായെങ്കിലും ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ പാര്‍ട്ടിക്കു കഴിയുന്നില്ല. അതേസമയം, പ്രശ്നങ്ങളുടെ നടുക്കടലിലാണെങ്കിലും ഇടതുമുന്നണിയുടെ ഐക്യത്തിന് ഇതുവരെ കാര്യമായ വിള്ളലില്ല.






