
ന്യൂഡല്‍ഹി : രോഹിത്തിനെ ഇന്ത്യന്‍ ടി20യുടെ ക്യാപ്റ്റനാക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. രോഹിത്തിനെ ക്യാപ്റ്റനാക്കിയില്ലെങ്കില്‍ അത് നാണക്കേടും, ഇന്ത്യന്‍ ക്രിക്കറ്റിന് നഷ്ടവുമാണെന്നും ഗംഭീര്‍ പറഞ്ഞു. ഇംഗ്ലണ്ട് മുന്‍ നായകന് മൈക്കല്‍ വോണും ഇതേ അഭിപ്രയവുമായി രംഗത്തെത്തിയിരുന്നു.
ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ജയം നേടിയ ക്യാപ്റ്റന്‍ രോഹിത്താണ്. എന്നിട്ടും രോഹിത് ഇന്ത്യയുടെ റെഗുലര്‍ ക്യാപ്റ്റന്‍ ആയില്ലെങ്കില്‍ അത് അവരുടെ നഷ്ടമാണ്. സ്പ്ലിറ്റ് ക്യാപ്റ്റന്‍സി അവര്‍ക്ക് പരിഗണിക്കാം. ആരും മോശമല്ല. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കോഹ് ലിയുടെ ക്യാപ്റ്റന്‍സിയും രോഹിത്തിന്റെ ക്യാപ്റ്റന്സിയുമായുള്ള വ്യത്യാസം രോഹിത് കാണിച്ച് തന്നിട്ടുണ്ട്.
ഒരാള്‍ അഞ്ച് വട്ടം കിരീടത്തിലേക്ക് നയിച്ചപ്പോള്‍ മറുവശത്ത് ഒരുവട്ടം പോലും ജയിച്ചില്ല. കോഹ് ലി മോശം ക്യാപ്റ്റനാണ് എന്നല്ല പറയുന്നത്. എന്നാല്‍ രോഹിത്തിന് ലഭിച്ചത് പോലെ പ്ലാറ്റ്ഫോം തന്നെയാണ് കോഹ് ലിക്കും ലഭിച്ചത്. അതുകൊണ്ട് രണ്ട് പേരേയും ഒരേ അളവ് കോല് കൊണ്ട് തന്നെ അളക്കണം. രണ്ട് പേരും ഏതാണ്ട് ഒരേ സമയമായി രണ്ട് ഫ്രാഞ്ചൈസികളേയും നയിക്കുന്നു, ഗംഭീര്‍ ചൂണ്ടിക്കാണിച്ചു.
രോഹിത് ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ ആവണം എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ടി20 എങ്ങനെ ജയിക്കണം എന്ന് രോഹിത്തിന് നന്നായി അറിയാം. രോഹിത്തിനെ ടി20 നായകനാക്കുന്നത് കോഹ് ലിക്ക് ആശ്വാസമാവും. മറ്റ് പല ടീമുകള്‍ക്കും അത് ഫലം നല്‍കിയിട്ടുണ്ടെന്നും വോണ്‍ ചൂണ്ടിക്കാണിച്ചു. ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗും രോഹിത്തിനെ അഭിനന്ദിച്ച് എത്തി. മുംബൈ ഇന്ത്യന്‍സ് ലോകത്തിലെ ഏറ്റവും മികച്ച ടി20 ഫ്രാഞ്ചൈസിയാണെന്നും, രോഹിത് ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആണെന്നും സെവാഗ് പറഞ്ഞു.


