
ന്യൂഡല്‍ഹി: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വൈറ്റ്ഹൗസ് ജീവിതകാലത്തെ ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തിറങ്ങുന്നു. ' എ പ്രോമിസ്ഡ് ലാന്‍ഡ്' (A Promised Land) എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ പ്രസിഡന്റായിരിക്കേ 2009-2017 വരെ താന്‍ ബന്ധപ്പെട്ട ലോകനേതാക്കളെ കുറിച്ചുള്ള വിലയിരുത്തലും നടത്തുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് തുടങ്ങിയ ഇന്ത്യന്‍ നേതാക്കളെ പുസ്തകത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. 768 പേജുള്ള പുസ്തകം അടുത്തയാഴ്ച വിപണിയിലെത്തും.
രാഹുല്‍ ഗാന്ധിയുടെത് ധൈര്യമില്ലാത്ത, രൂപപ്പെടാത്ത പ്രകൃതവുമാണ്. അധ്യാപകരില്‍ മതിപ്പുളവാക്കാന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ പോലെയുള്ളയാണ് അദ്ദേഹത്തിന്റെ ഉത്സാഹം. എന്നാല്‍ 'വിഷയത്തിലുള്ള അവഗാഹം' നേടുന്നതില്‍ അഭിരുചിയും അഭിനിവേശവും ഇല്ലാത്തയാളാണെന്നും' ഒബാമ പറയുന്നു. 2012ലും 2017ലുമായി രണ്ടു തവണ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഒബാമ വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കുറിച്ചും ഉജ്വലമായ അനുഭവകുറിപ്പാണ് ഒബാമ പങ്കുവച്ചിരിക്കുന്നത്. മന്മോഹന് സിംഗും മുന്‍ പ്രതിരോധ സെക്രട്ടറി ബോബ് ഗേറ്റ്സും ഒബാമയുടെ ഭാഷയില്‍ ശാന്തതയും സത്യസന്ധതയും കൈമുതലായിട്ടുള്ളവരാണ്. ഒരുതരം നിര്‍വികാരമായ ധാര്‍മ്മിക മൂല്യങ്ങളുള്ള വ്യക്തിയാണ് മന്മോഹന് സിംഗ്-ഒബാമ കുറിക്കുന്നു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശമില്ല. ഇരുവരും നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുള്ളവരാണ്. 2015ല്‍ മോഡിയുടെ ക്ഷണം സ്വീകരിച്ച് റിപബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 2010ലും അദ്ദേഹം ഇന്ത്യയില്‍ എത്തിയിരുന്നു.
വൈറ്റ് ഹൗസിലെ എട്ടു വര്‍ഷം നീണ്ട ജീവിതവും 'എ പ്രോമിസിഡ് ലാന്‍ഡ്' പരാമര്‍ശിക്കുന്നുണ്ട.. ഒബാമയുടെ രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതത്തെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ലോകനേതാക്കളായ വ്ളാഡിമീര്‍ പുടിന്, മൂന് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, മുന്‍ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ, നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡന് തുടങ്ങിയവരും ഒബാമയുടെ ഓര്‍മ്മക്കുറിപ്പിലുണ്ട്. ബൈഡനെ സത്യസന്ധനും മാന്യനും വിശ്വസ്തനുമെന്നാണ് ഒബാമ വിശേഷിപ്പിച്ചിരിക്കുന്നത്.






