
പാറ്റ്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഭരണം നില നിര്‍ത്തിയെങ്കിലും ബിജെപി നിയന്ത്രിക്കുന്ന മന്ത്രിസഭ അധികാരത്തില്‍ വരാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ കടന്നുപോകുന്ന നിയമസഭയില്‍ ഉണ്ടായിരുന്ന 162 കോടീശ്വരന്മാര്ക്ക് പകരം എത്തുന്നത് 194 കോടീശ്വരന്മാര്. പുതിയ മന്ത്രിസഭ വരുമ്പോള്‍ എംഎല്‍എ മാരുടെ ആസ്തി ഒരു കോടിയും കടന്നു പോകുന്നു. കഴിഞ്ഞ നിയമസഭയില്‍ 67 ശതമാനം കോടീശ്വരന്മാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 81 ശതമാനമായി.
നാലിലൊന്ന് സ്ഥാനാര്‍ത്ഥികളുടെയും ആസ്തി 5 കോടിക്ക് മുകളില്‍ വരും. 36 ശതമാനം പേരുടെ ആസ്തി രണ്ടു കോടിക്കും 5 കോടിക്കും ഇടയില്‍ വരും. ഇന്ത്യയില്‍ പ്രതിശീര്ഷക വരുമാനം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് ബീഹാര്‍ എന്നിരിക്കുമ്പോഴാണ് എംഎല്‍എമാര്‍ കോടീശ്വരന്മാരാകുന്നത്. 2018-19 ലെ കണക്കുകള്‍ പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ശരാശരി 1,26.406 ആയിരിക്കുമ്പോള്‍ ബീഹാറിന്റേത് 43,822 ആയിരുന്നു. പാര്‍ട്ടി വെച്ചു നോക്കുമ്പോള്‍ കോടീശ്വര കണക്കുകളില്‍ ബിജെപിയാണ് മുന്നില്‍. 73 ല്‍ 65 പേരും കോടീശ്വരന്മാരാണ്. 89 ശതമാനത്തോളം വരും. ജെഡിയുവില്‍ 88 ശതമാനവും ആര്‍ജെഡിയില്‍ 87 ശതമാനവും കോടീശ്വരന്മാരുണ്ട്.
പ്രഖ്യാപിച്ച സ്വത്തുവകയില്‍ 68 കോടി വരുന്ന അനന്ത് സിംഗാണ് പട്ടികയില്‍ ഒന്നാമന്. 43 കോടിയുമായി കോണ്‍ഗ്രസിന്റെ അജിത് ശര്‍മ്മ രണ്ടാമതും ആര്‍ജെഡിയുടെ വിഭാ ദേവി 29 കോടിയുമായി മൂന്നാമതും നില്ക്കുന്നു. ഏറ്റവും മുന്നിലുള്ള 10 സ്ഥാനാര്‍ത്ഥികളില്‍ ആറു പേരും ആര്ജെഡിക്കാരാണ്. മറുവശത്ത് ഏറ്റവും ദരിദ്രനായ എംഎല്‍എ യും ആര്ജെഡിക്കാരനാണ്.
അലൗലിയിലെ 70,000 മാത്രം ആസ്തിയുള്ള രാംവൃക്ഷ് സദാ. എല്ലാ തെരഞ്ഞെുടപ്പുകളിലും പണവും സ്വാധീനവും ഉള്ളവര്‍ ജയിക്കുന്നതാണ് ബീഹാറിലെ ചരിത്രം. അതേസമയം അമ്പരപ്പിക്കുന്ന കാര്യം യാതൊരു വ്യവസായവും ഇല്ലാത്ത സംസ്ഥാനത്തെ ജനങ്ങളുടെ വരുമാനവും വളരെ കുറവാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥികളുടെ സമ്പത്തും രാഷ്ട്രീയ ക്രിമിനലുകളുടെ എണ്ണവും മാത്രം കൂടിക്കൊണ്ടേയിരിക്കുന്നു.





